തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാറിന്റെ സമഗ്രാധിപത്യ പ്രവണത തടയാന്‍  പ്രതിരോധ രാഷ്ട്രീയത്തിനുള്ള ഇടം കലയിലും സാഹിത്യത്തിലും വിപുലമാക്കണമെന്ന് സച്ചിദാനന്ദന്‍. അതിഭീഷണമായ ദേശീയ സന്ദര്‍ഭത്തില്‍ ഇത്തരം പ്രതിരോധം കേരളത്തില്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘത്തിന്റെ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ആകെ ജനതയുടെ ന്യൂനപക്ഷത്തിന്റെ വോട്ടിലൂടെ അധികാരത്തിലെത്തിയവര്‍ ജനാധിപത്യത്തിന്റെ പ്രാഥമിക നിയമങ്ങള്‍ ലംഘിക്കുകയാണ്. ആഭ്യന്തരമായ വൈരുധ്യവും സോഷ്യലിസത്തോടുള്ള മധ്യവര്‍ഗ ഭീതിയും മുതലെടുത്ത്, അധികാരത്തിന്റെ കേന്ദ്രീകരണം അനിവാര്യമാണെന്ന് സ്വയം പ്രഖ്യാപിച്ചു കൊണ്ടാണ് മോദി ഭരണത്തിലെത്തിയത്. ജനദുരിതം മുതലെടുത്ത് ദാരിദ്ര്യം മാറ്റാമെന്നും വികസനവ്യാമോഹം സൃഷ്ടിച്ചും വാഗ് വൈഭവത്തെ പ്രധാന പ്രമേയമാക്കി മാറ്റി. അല്‍പ്പം ധനികര്‍ക്കു വേണ്ടി ഭൂരിഭാഗത്തെയും ദാരിദ്യത്തിലാഴ്ത്തുന്നതാണ് മോദിയുടെ ധര്‍മം. 

നമാധ്യമങ്ങള്‍ ഭരണകൂട പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകരായി മാറുന്നുണ്ട്. വലതുപക്ഷ പ്രത്യയശാസ്ത്ര തൂണുകളായ നാല് എസ്റ്റേറ്റിലും അമിതാധികാര പ്രവണത കൂടുന്നു. സ്വതന്ത്ര സംവാദത്തിന്റെ കേന്ദ്രങ്ങള്‍ കൈപ്പിടിയിലൊതുക്കുകയും അടിച്ചമര്‍ത്തപ്പെടുകയുമാണ്. മുന്‍ പ്രധാനമന്ത്രി വാജ്പേയി പോലും വിമര്‍ശനത്തിന് യുക്തിസഹമായ മറുപടി നല്‍കിയിരുന്നു. ചോദ്യത്തെ ഭയപ്പെടുന്ന പ്രധാനമന്ത്രിയാണ് ഇപ്പോഴുള്ളത്. ആഗ്രഹിക്കാത്തവര്‍ പോലും തന്റെ ശബ്ദം മാത്രം കേള്‍ക്കണമെന്ന് നിര്‍ബന്ധിക്കപ്പെടുകയാണ്. മതന്യൂനപക്ഷങ്ങളും ദരിദ്രസ്ത്രീകളും ദളിതരും ഹിംസയുടെ ഇരകളാണ്. ചിന്തകരും ബുദ്ധിജീവികളും വധഭീഷണി നേരിടുന്നു. 

വധം കൊണ്ട് വിമര്‍ശനത്തെ നേരിടുന്നു. ഇതിനെ തള്ളിപ്പറയേണ്ടത് ജനാധിപത്യ നേതാവിന്റെ കര്‍മമാണ്. ഇവയെ നിശബ്ദമായി അംഗീകരിക്കുന്ന മോദി തന്റെ പാര്‍ട്ടി ചെയ്യുന്നതല്ലെന്നാണ് പറയുന്നത്. പാര്‍ട്ടിക്ക് പിന്നിലെ മുഖംമൂടി സംഘങ്ങളാണ് ഹിംസാത്മകമായ പരിപാടി നടപ്പാക്കുന്നത്. നെഹ്റുവിന്റെ കാലഘട്ടത്തില്‍ തുറന്ന ചിന്തയ്ക്കായി ആരംഭിച്ച സംഘടനകള്‍ ഒന്നൊന്നായി പിടിച്ചെടുക്കുകയാണ്. ശാസ്ത്രം, തത്വചിന്ത, ചരിത്രഗവേഷണസ്ഥാപനങ്ങള്‍, അക്കാദമികള്‍ എന്നിവയില്‍ പരോക്ഷമായ നുഴഞ്ഞുകയറ്റമാണ് നടത്തുന്നത്. പുസ്തകം വായിക്കാത്തവനും കാക്കി ട്രൗസറിട്ടതു മാത്രം യോഗ്യതയുള്ളവരെയുമാണ് നിയോഗിക്കുന്നത്. 

കേന്ദ്രസാഹിത്യ അക്കാദമി സ്വച്ഛ ഭാരതിനെക്കുറിച്ചുള്ള സിമ്പോസിയം നടത്തുന്നു. എല്ലാ സ്ഥാപനങ്ങളെയും സ്വന്തം പ്രചരണയന്ത്രമായി മാറ്റാന്‍ ഭരണകൂടം ശ്രമിക്കുന്നു. അന്യവത്കൃതമായ അധികാരം ജനങ്ങള്‍ തിരിച്ചെടുക്കുമ്പോള്‍ മാത്രമാണ് ജനാധിപത്യമാകുന്നത്.
  
അംബാനിമാരെയും അദാനിമാരെയും മാത്രം വളരാന്‍ സഹായിക്കുന്നതാണ് രാജ്യത്തെ നാണയവ്യവസ്ഥ. ജനകീയ പ്രക്ഷോഭങ്ങള്‍ക്കുള്ള സാധ്യത കൂടി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. പ്രതിരോധ രാഷ്ട്രീയത്തിനുള്ള ഇടം പൊതുസമൂഹത്തില്‍ ചുരുക്കാനും അതിനുള്ള ബോധം, സന്ദര്‍ഭം, ശബ്ദം എന്നിവ ഇല്ലാതാക്കാനുമാണ് ഈ ഭരണകൂടം നിലകൊള്ളുന്നത്. ഒരു കൃതിയെ എങ്ങനെ വായിക്കണമെന്നു പോലും ഇവര്‍ തീരുമാനിക്കുന്നു. എഴുത്തുകാരന് മുന്നില്‍ എഴുത്തോ നിന്റെ കഴുത്തോ എന്ന ചോദ്യവുമായി തോക്കേന്തിയ ഒരാള്‍ നില്‍ക്കുന്നു. 

ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുമ്പോള്‍ വിയോജിപ്പിന്റെ സാഹിത്യവും കലയുമാണ് സംബോധന ചെയ്യേണ്ടത്. ഫാസിസത്തിന്റെ ദുസാധ്യതകള്‍ തുറന്നുകാട്ടുന്ന സാഹിത്യകലാരൂപങ്ങള്‍ പ്രസക്തമാണ്. അത്തരം അന്തരീക്ഷം സൃഷ്ടിക്കാന്‍ സംഘടനകള്‍ ശ്രമിക്കണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

പു. ക. സ. വൈസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍ അധ്യക്ഷനായി. പി. രാജീവ് മുഖ്യപ്രസംഗം നടത്തി. പ്രൊഫ. വി. എന്‍. മുരളി, പുരുഷന്‍ കടലുണ്ടി എം. എല്‍.എ, ഷാജി എന്‍. കരുണ്‍, ഡോ. എസ്. രാജശേഖരന്‍, പ്രഭാവര്‍മ, സുജ സൂസന്‍ ജോര്‍ജ്, വിനോദ് വൈശാഖി, ഡോ. പി. എസ്. ശ്രീകല, നേമം പുഷ്പരാജ് കെ. ഇ. എന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.