തിരുവനന്തപുരം: അയല്‍ സംസ്ഥാനത്തു നിന്നും ജില്ലയില്‍ എത്തുന്നവരെ സ്വീകരിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ സൗകര്യങ്ങളും അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. 

ജില്ലയില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന അമരവിളയില്‍ ഇതിനായുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. റോഡിന് ഇരുവശവും പാര്‍ക്കിംഗ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. 

ചെക്ക് പോസ്റ്റിനു സമീപത്തുള്ള ഓഡിറ്റോറിയത്തില്‍ ഒരേസമയം 500 പേരെ ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഇതുകൂടാതെ കുടിവെള്ളം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വ്യത്യസ്ത വിശ്രമ മുറികള്‍, ആരോഗ്യ പരിശോധനാ സംവിധാനം, ആംബുലന്‍സ്, വീല്‍ചെയര്‍ സൗകര്യം, ഭക്ഷണം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ അണുവിമുതമാക്കി തെര്‍മല്‍ സ്‌കാനിംഗ് നടത്തുകയും രോഗലക്ഷണമുള്ളവരെ ഇവിടെനിന്നുതന്നെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും. 

അല്ലാത്തവരെ വീടുകളിലേക്ക് അയച്ച് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവര്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. 

പ്രദേശം മുഴുവന്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. 

content highlight: thiruvananthapural is all set to welcome malayalis from other states and districts