കാറ്റിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ച് കോളേജ് കാമ്പസിലെ വിളക്കുകൾ തെളിഞ്ഞപ്പോൾ
കൊച്ചി: കായൽക്കാറ്റ് കൊച്ചിക്ക് പുതു വെളിച്ചമാവുകയാണ്. വേമ്പനാട് കായൽപരപ്പിനോടു ചേർന്നു കിടക്കുന്ന തേവര എസ്.എച്ച്. കോളേജ് കാമ്പസിലെ ക്രിസ്മസ്-പുതുവർഷ ദീപങ്ങൾ പറഞ്ഞത് ആ കാറ്റിൻ കഥ. കായലിൽനിന്നെത്തുന്ന കാറ്റിൽ പ്രവർത്തിച്ച കാറ്റാടിയിൽനിന്നാണ് 31-ന് വൈകീട്ടു മുതൽ കോളേജ് അങ്കണം പ്രകാശപൂരിതമായത്. കൊച്ചിയിൽ കാറ്റാടി യന്ത്രത്തിൽനിന്ന് വൈദ്യുതി ഉത്പാദനം തുടങ്ങുന്ന ആദ്യ സ്ഥാപനമായി കോളേജ് മാറി. ഒരു കിലോ വാട്ടിന്റെ ടർബൈനാണ് സ്ഥാപിച്ചിരിക്കുന്നത്.
ഊർജസംരക്ഷണ പ്രവർത്തനങ്ങൾക്ക് 2021-22 ലെ ഊർജ സംരക്ഷണ പുരസ്കാരം കോളേജിന് ലഭിച്ചിട്ടുണ്ട്. ക്ലബ്ബ് കോ-ഓർഡിനേറ്ററായ ഡോ. മാത്യു ജോർജ്, ഫിസിക്സ് വിഭാഗം മേധാവി ഡോ. റോബി ചെറിയാൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ക്ലബ്ബിന്റെ പ്രവർത്തനം. 140 കിലോവാട്ടിന്റെ സൗരോർജ പ്ലാന്റും കോളേജിലുണ്ട്. കാറ്റാടി വൈദ്യുതി വൈകാതെ 20 കിലോവാട്ട് ശേഷിയിലേക്ക് വർധിപ്പിക്കുമെന്ന് കോളേജ് ബർസാർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കൽപറമ്പിൽ പറഞ്ഞു.

അവതാർ വിൻഡ് ടർബൈൻ
കാറ്റിൽ ചെറിയ ടർബൈനുകൾ കറക്കി കുറഞ്ഞ ചെലവിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് വിൻഡ് ടർബൈൻ. കാറ്റാടി കറങ്ങുമ്പോൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയിൽ ശേഖരിക്കും. തിരുവനന്തപുരം സ്വദേശികളും സഹോദരങ്ങളുമായ അരുൺ ജോർജും അനൂപ് ജോർജും ചേർന്നു സ്ഥാപിച്ച അവാങ് ഗാർഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് അവതാർ വിൻഡ് ടർബൈൻ എന്ന പുരപ്പുറത്ത് സ്ഥാപിക്കാവുന്ന കാറ്റാടി യന്ത്രം അവതരിപ്പിച്ചത്.
കോവളം മണ്ഡലം മുൻ എം.എൽ.എ.യായിരുന്ന പരേതനായ ജോർജ് മെഴ്സിയറുടെയും റിട്ട. െഎ.ഒ.ബി. മാനേജർ പ്രസന്നകുമാരിയുടെയും മക്കളാണ് ഇരുവരും. ഒരു വീടിന് ഒരു ദിവസം വേണ്ട വൈദ്യുതി അഞ്ചു കിലോവാട്ട് വിൻഡ് ടർബൈനിൽ നിന്ന് കിട്ടുമെന്ന് അരുൺ ജോർജ് പറഞ്ഞു.
10 അടി മുതൽ 16 അടി വരെയാണ് പങ്കകളുടെ നീളം. 570 കിലോമീറ്റർ തീരദേശമുള്ള കേരളത്തിൽ പദ്ധതി പുതിയ മാറ്റം കൊണ്ടുവരുമെന്ന് അരുൺ പറഞ്ഞു.
Content Highlights: thevara sacred heart college wind mill electricity production campus lights
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..