കണ്ണൂര്‍: ശബരിമല പ്രശ്‌നത്തിലെ അറസ്റ്റുകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. അടിയന്തരാവസ്ഥ കാലത്തു പോലും ഇത്രയും അറസ്റ്റുകളുണ്ടായിട്ടില്ലെന്നും കിരാതമായ നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ന്യായീകരിക്കാനാവില്ല. രാഹുല്‍ ഈശ്വറിനെ നേരത്തെ ലക്ഷ്യമിട്ടതാണെന്നും അറസ്റ്റ് ചെയ്ത രീതിയും ശരിയായില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു. നാമജപത്തിന് പോയ സ്ത്രീകള്‍ക്ക് എതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത് ശരിയല്ല. പ്രതിഷേധത്തെ അടിച്ചമര്‍ത്താനാകില്ലെന്നും ആള്‍ക്കാരുടെ എണ്ണം വര്‍ധിച്ച് വരികയാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. 

വീഡിയോയില്‍ കാണുന്നവരെയെല്ലാം പോലീസ് അറസ്റ്റുചെയ്യുന്നു. കോടതിവിധിയെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സുധാകരന്‍ ആരോപിച്ചു. സമാധാനപരമായി സമരം നടത്തിയ ആളുകളെ ഫോട്ടോ വെച്ച് തിരഞ്ഞു കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുന്നതിലെ യുക്തി എന്താണെന്നും സുധാകരന്‍ ചോദിച്ചു. 

സന്ദീപാനന്ദഗിരിയുടെ വീട് ആക്രമിച്ചത് അപലപനീയമാണെന്ന് സുധാകരന്‍ പ്രതികരിച്ചു. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ട്. ആരു ചെയ്താലും സ്വയം ചെയ്തതായാലും അപലപനീയമാണ്. 

സര്‍ക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവന അനുചിതമാണ്. അത് ഭീഷണിയാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റിന്റെ ഭീഷണി ഫെഡറലിസത്തിന് എതിരാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.