-
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപിന്റെ വർക്ക് ഷോപ്പ് ഉദ്ഘാടനത്തിന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പങ്കെടുക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് സ്ഥലം എംഎൽഎയും സിപിഐ നേതാവുമായ സി ദിവാകരൻ. പരിപാടിയിൽ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ വിളിച്ചിരുന്നെങ്കിൽ പങ്കെടുക്കേണ്ടെന്ന് സ്പീക്കറോട് പറയുമായിരുന്നുവെന്നും സി ദിവാകരൻ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
പരിപാടിയിൽ സ്ഥലം എംഎൽഎ കൂടിയായ ദിവാകരനായിരുന്നു അധ്യക്ഷനാകേണ്ടിയിരുന്നത്. തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചെങ്കിലും വരില്ലെന്ന് സംഘാടകരെ അറിയിച്ചിരുന്നുവെന്നും ദിവാകരൻ വ്യക്തമാക്കി.
ചെറിയൊരു കടയുടെ ഉദ്ഘാടനമായിരുന്നു അത്. സ്പീക്കറെ പോലെ ഉന്നതമായ പദവി അലങ്കരിക്കുന്ന ഒരു വ്യക്തിയും മണ്ഡലത്തിലെ മുതിർന്ന എംഎൽഎയും പങ്കെടുക്കേണ്ട പരിപാടിയാണ് അതെന്ന് തോന്നിയില്ല. നിർബന്ധമായും ചടങ്ങിൽ പങ്കെടുക്കണമെന്ന് സംഘാടകരാരും തന്നോട് പറഞ്ഞിട്ടില്ല. ഗൗരവമായി ക്ഷണിച്ചിട്ടുമില്ല. തനിക്ക് പ്രധാനപ്പെട്ട ഒരു റോളില്ലാത്ത പരിപാടിയിൽ താൻ പങ്കെടുക്കാറുമില്ല. അതുകൊണ്ടാണ് ഉദ്ഘാടനത്തിന് പോകാതിരുന്നതെന്നും സി ദിവാകരൻ വ്യക്തമാക്കി.
പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം സ്പീക്കറും തന്നെ അറിയിച്ചിരുന്നില്ല. മികച്ച സ്പീക്കറായ ശ്രീരാമകൃഷ്ണന് ഇങ്ങനെയൊരു വീഴ്ച പറ്റിയതിൽ തനിക്കും വ്യക്തിപരമായ ദുഃഖമുണ്ട്. ചടങ്ങ് വിവാദമായതിന് ശേഷം സ്പീക്കറെ വിളിച്ച് ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയപരമായ യാതൊരു വിഷയങ്ങളും ഇതിലില്ല. മാധ്യമങ്ങളിലൂടെയാണ് സന്ദീപ് ഉൾപ്പെടെയുള്ള പ്രതികളെക്കുറിച്ച് അറിയുന്നതെന്നും ദിവാകരൻ വ്യക്തമാക്കി.
content highlights: gold smuggling case, c divakaran, speaker p sreeramakrishnan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..