തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലും നവമാധ്യമങ്ങളില്‍ വരുന്ന തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ആരും പോകരുതെന്നും ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും വാവ സുരേഷ്. ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതിനാല്‍ ഉടന്‍ തന്നെ വാര്‍ഡിലേയ്ക്ക് മാറ്റും. ഐസിയുവില്‍ ആയതുകൊണ്ടാണ് ഇതുവരെ ഒന്നും പങ്കുവെക്കാതെ ഇരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

അണലിയുടെ കടിയേറ്റതിനെത്തുടര്‍ന്നാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു വീട്ടിലെ കിണറില്‍നിന്നും പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചത്. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജങ്ഷനില്‍ വെച്ചാണ് സംഭവം.  കല്ലറേത്തെ ഒരു വീട്ടില്‍നിന്നും കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെയാണ് വാവ സുരേഷിന്റെ കൈയില്‍ കടിയേറ്റത്. 

വാവ സുരേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പ്രസക്തഭാഗം

13/02/2020 പത്തനാപുരത്തിനു അടുത്ത് വെച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30am സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടര്‍ന്ന് 1.30 നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലില്‍ വെച്ച് തുടര്‍ചികിത്സാ പരമായി എംഡിഐസിയുവില്‍ പ്രേവേശിപ്പിക്കുകയും ചെയ്തു.

ഒരുപാട് ഫേക്ക് ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോള്‍ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യല്‍ മീഡിയയിലും നവമാധ്യമങ്ങളില്‍ കൂടി വരുന്ന തെറ്റിദ്ധാരണ ആയ വാര്‍ത്തകള്‍ക്കു പിന്നില്‍ ആരും പോകാതിരിക്കുക.. പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതിനാല്‍ ഉടന്‍ തന്നെ വാര്‍ഡിലേയ്ക്ക് മാറ്റും. എംഡിഐസിയുവില്‍ ആയതുകൊണ്ട് ആണ് ഞാന്‍ ഇതുവരെ ഒന്നും പങ്കുവെക്കാതെ ഇരുന്നത്. വാര്‍ഡിലേക്ക് വന്നതിനു ശേഷം എന്റെ ആരോഗ്യ പുരോഗതികള്‍ ഈ പേജിലൂടെ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ സൂപ്രണ്ട് സാറിനും ഹോസ്പിറ്റലില്‍ ജീവനക്കാര്‍ക്കും, എന്നെ സ്‌നേഹിക്കുന്ന എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാ സഹോദരി സഹോദരന്മാര്‍ക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു.

Content Highlights: There is progress in health, says Vava Suresh