തിരുവനന്തപുരം: സംസ്ഥാനത്ത് ആശുപത്രികളില്‍ നിലവില്‍ ഐ.സി.യു., വെന്റിലേറ്റര്‍ പ്രതിസന്ധിയില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒരു ജില്ലയിലും തീവ്രപരിചണ ചികിത്സയ്ക്ക് ഇപ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നില്ല. ആശങ്ക പരത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ 281 എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ എ.പി.എല്‍. ബി.പി.എല്‍. വ്യത്യാസമില്ലാതെ സൗജന്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഐ.സി.യു. സൗകര്യമോ വെന്റിലേറ്റര്‍ സൗകര്യമോ ലഭ്യമല്ലെങ്കില്‍ ഇത്തരം ആശുപത്രികളിലേക്ക് മാറ്റി ചികിത്സിപ്പിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 3048 ഐ.സി.യു. കിടക്കളുള്ളതില്‍ 1020 കോവിഡ് രോഗികളും 740 നോണ്‍ കോവിഡ് രോഗികളുമാണുള്ളത്. 1288 ഐ.സി.യു. കിടക്കകള്‍ (43 ശതമാനം) ബാക്കിയുണ്ട്. 2293 വെന്റിലേറ്ററുകളുള്ളതില്‍ 444 കോവിഡ് രോഗികളും 148 നോണ്‍ കോവിഡ് രോഗികളുമുണ്ട്. 1701 വെന്റിലേറ്ററുകള്‍ (75 ശതമാനം) ഒഴിവുണ്ട്.

കോവിഡ് ചികിത്സയ്ക്കായി മാത്രം 281 എംപാനല്‍ഡ് ആശുപത്രികളിലായി 20,724 കിടക്കകള്‍ സജ്ജമാണ്. ഈ ആശുപത്രികളില്‍ 2082 ഐസിയുകളും 1081 വെന്റിലേറ്ററുകളുമുണ്ട്. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കായി 798 പേര്‍ ഐ.സി.യു.വിലും 313 പേര്‍ വെന്റിലേറ്ററിലുമുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെയും ഐ.സി.യു.കളുടേയും എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. അതിനാല്‍ തന്നെ ആശങ്കയുടെ കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: There is no shortage of ICU and ventilators in Kerala, says Veena George