
-
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന് ഒഴിയേണ്ടതില്ലെന്ന് സി.പി.എം. സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. മകനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താനോ പാര്‍ട്ടിയോ ഇടപെടേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണനും സെക്രട്ടേറിയറ്റിൽ പറഞ്ഞതായാണ് റിപ്പോർട്ട്. ബിനീഷ് കോടിയേരി നേരിടുന്ന കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടിയേരി സെക്രട്ടേറിയറ്റിൽ വിശദീകരിച്ചു.
ഒരു വ്യക്തിയെന്ന നിലയില്‍ ബിനീഷ് തന്നെയാണ് കേസ് നേരിടേണ്ടത്. അത് അദ്ദേഹം തന്നെ നേരിടുകയും ചെയ്യും. അന്വേഷണം നടക്കുകയാണ്. തെറ്റുചെയ്തെന്നു തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടട്ടേയെന്നുമാണ് കോടിയേരി പറഞ്ഞത്.ബിനീഷുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാര്‍ട്ടിയുടെ സഹായം ആവശ്യമില്ലെന്നും താനും ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കമ്മിറ്റിയും അംഗീകരിച്ചു. എന്നാല്‍ 24 മണിക്കൂറിലധികം ബിനീഷിന്റെ കുടുംബത്തെ പൂട്ടിയിട്ട നടപടി മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വര്‍ണക്കടത്ത്, ലൈഫ് കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് സിപിഎം സെക്രട്ടേറിയേറ്റ് വിലയിരുത്തി. സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏജന്‍സികള്‍ മുന്നോട്ടുപോകുന്നത്. അതുകൊണ്ട് ഇക്കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാനുളള തീരുമാനവും ഇന്നത്തെ കമ്മിറ്റിയിലുണ്ടായി.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇവ തുറന്നുകാട്ടിക്കൊണ്ട് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് സി.പിഎം. തീരുമാനം.
Content Highlights: There is no need to intervene Bineesh Kodiyeri' case says Kodiyeri Balakrishnan in CPM Secretariat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..