കുടുംബ സര്‍വേയ്ക്ക് എന്‍ആര്‍സിയുമായി ബന്ധമില്ല; വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രി


അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തുന്ന കുടുംബ സര്‍വേയില്‍ എല്ലാവരും കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതാണെന്നും മന്ത്രി പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു.

തിരുവനന്തപുരം: സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന അങ്കണവാടി കുടുംബ സര്‍വേയ്ക്ക് പൗരത്വ രജിസ്റ്ററുമായി (എന്‍ആര്‍സി) യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി കെ.കെ. ശൈലജ. ഭവനസന്ദര്‍ശനവും വിവര ശേഖരണവും കുറച്ചുകൂടി കാര്യക്ഷമമാക്കി അതിന്റെ പ്രയോജനം വേഗത്തില്‍ ജനങ്ങളിലെത്തിക്കാനാണ് സര്‍വേ നടത്തുന്നതെന്നും ഈ സര്‍വേ യുമായി ബന്ധപ്പെട്ട് ചില കോണുകളില്‍ നിന്നും തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തുന്ന ഭവന സന്ദര്‍ശനം പൗരത്വ രജിസ്റ്ററുമായി യാതൊരുവിധ ബന്ധവുമില്ല. പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം. മാത്രമല്ല പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ ആദ്യമായി നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തു. നാളിതുവരെ അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തിയിരുന്ന ഭവന സന്ദര്‍ശനവും വിവര ശേഖരണവും കുറച്ചുകൂടി കാര്യക്ഷമമാക്കി അതിന്റെ പ്രയോജനം വേഗത്തില്‍ ജനങ്ങളിലെത്തിക്കാനാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അങ്കണവാടി കുടുംബ സര്‍വേ നടത്തുന്നത്. ഇതില്‍ ജാതിയോ മതമോ ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ല. അതിനാല്‍ തന്നെ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി കുടുംബ സര്‍വേ ആരംഭിച്ചത്. കേരളത്തിലെ നിലവിലുള്ള 33,115 അങ്കണവാടി കേന്ദ്രങ്ങളിലൂടെയാണ് സമ്പുഷ്ട കേരളം പ്രവര്‍ത്തിക്കുന്നത്. ഓരോ അങ്കണവാടികളിലും 11 രജിസ്റ്ററിലൂടെയാണ് നേരത്തെ വിവരശേഖരം നടത്തിയിരുന്നത്. അതിനാല്‍ തന്നെ ലക്ഷക്കണക്കിന് കുട്ടികളുടെ വിവരങ്ങള്‍ ഒരുതരത്തിലും ഏകോപിക്കാന്‍ കഴിയുമായിരുന്നില്ല. ഇതിന് പരിഹാരമായി കൊണ്ടുവന്ന നൂതനമായ ഈ പദ്ധതി ജനങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് കണ്ടിട്ടാണ് അത് നടപ്പിലാക്കുന്നത്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ഓഗസ്റ്റില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു.

ആധാര്‍ പ്രകാരമുള്ള എല്ലാ വിവരങ്ങളും നേരത്തെ തന്നെ എല്ലായിടത്തും ലഭ്യമാണ്. സമ്പുഷ്ട കേരളം പദ്ധതിയ്ക്കായുള്ള കുടുംബ ആരോഗ്യ വിവരങ്ങളാണ് ഇപ്പോള്‍ ശേഖരിക്കുന്നത്. അങ്കണവാടി ജീവനക്കാര്‍ ഗൃഹസന്ദര്‍ശനം നടത്തി സ്മാര്‍ട്ട് ഫോണിലെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് വിവര ശേഖരണം നടത്തുന്നത്. ഇതിലൂടെ യഥാസമയം കുട്ടികളിലെ വളര്‍ച്ച മുരടിപ്പും തൂക്കക്കുറവും പോഷകാഹാരക്കുറവും മനസിലാക്കാനും ഇത്തരം കുട്ടികള്‍ക്ക് അടിയന്തര ശ്രദ്ധയും പരിചരണവും നല്‍കുവാനും സാധിക്കുന്നു. ഇതുകൂടാതെ സംസ്ഥാനത്തെ ജനങ്ങളുടെ പോഷകാഹാരക്കുറവ് മനസിലാക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഈ സര്‍വേയിലൂടെ സാധിക്കും- മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമം വരുന്നതിന് മുമ്പേ ആരംഭിച്ച സര്‍വേയാണിത്. മാര്‍ച്ചിനുള്ളില്‍ തന്നെ ഈ സര്‍വേ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തുന്ന കുടുംബ സര്‍വേയില്‍ എല്ലാവരും കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതാണെന്നും മന്ത്രി പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു.

Content Highlights: there is no link between nrc and anganwadi family survey in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023

Most Commented