തിരുവനന്തപുരം: പാര്‍ട്ടിയിലെ എല്ലാവരേയും ഒരുമിപ്പിച്ച് മുന്നോട്ട് പോകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാര്‍ട്ടിയില്‍ ഗ്രൂപ്പുകളില്ല കോര്‍ഗ്രൂപ്പ് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷപദവിയില്‍ നിയമിതനായ ശേഷം മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.

സംസ്ഥാനങ്ങളിലെ നപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാലായിരുന്നു സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം വൈകിയത്. ഡല്‍ഹി തിരഞ്ഞെടുപ്പ് കാരണവും കുറച്ച് വൈകി. അല്ലാതെ സംസ്ഥാനത്ത് തര്‍ക്കമുള്ളതിന്റെ പേരിലല്ല പ്രഖ്യാപനം വൈകിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

'സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരങ്ങള്‍ ശക്തിപ്പെടുത്തും. പാര്‍ട്ടിയെ ഒരു ടീമായി പ്രവര്‍ത്തിപ്പിക്കും. ഒരു വ്യക്തിക്ക് അപ്രമാദിത്വമുണ്ടാകുന്ന രീതിയിലായിരിക്കില്ല പ്രവര്‍ത്തനം. അങ്ങനെ പാര്‍ട്ടിയെ മുന്നോട്ട്‌ക്കൊണ്ട് പോകാനാകില്ല. എല്ലാ മുതിര്‍ന്ന നേതാക്കളേയും പരിഗണിക്കും. അഭിപ്രായ ഐക്യത്തോടെയും സമവായത്തോടെയും മുന്നോട്ട് പോകും' സുരേന്ദ്രന്‍ പറഞ്ഞു.

സുരേന്ദ്രനൊപ്പം എം.ടി.രമേശിനേയും ശോഭാ സുരേന്ദ്രനേയും അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചിരുന്നു. ഇവരെ മാറ്റിനിര്‍ത്തിയാണ് കേന്ദ്ര നേതൃത്വം സുരേന്ദ്രനെ പരിഗണിച്ചത്. അധ്യക്ഷപദവിയെ ചൊല്ലി മുരളീധരന്‍ - കൃഷ്ണദാസ് പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് സുരേന്ദ്രന്‍ മറുപടി നല്‍കിയിരിക്കുന്നത്.

Content Highlights: K.Surendran  appointed as kerala BJP president