തെന്മല: അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുമ്പോള്‍ ഒഴുകിയെത്തുന്ന മീനുകളെ പിടിക്കാന്‍ കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് എടുത്തുചാടി യുവാക്കള്‍. തെന്മല ഡാം തുറന്നതിന് പിന്നാലെ കല്ലടയാറ്റിലേക്ക് പാലത്തില്‍ നിന്ന് എടുത്തുചാടി സാഹസികത കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുര- ചെങ്കോട്ട പാതയിലെ പാലത്തില്‍ നിന്നാണ് യുവാക്കള്‍ വെള്ളത്തിലേക്ക് ചാടുന്നത്. 

അണക്കെട്ടിലുണ്ടായിരുന്ന ഭീമന്‍ മീനുകള്‍ ഒഴുകി വരുന്നത് ദൂരെ നിന്നുതന്നെ കാണാം. ഇത് ലക്ഷ്യമിട്ടാണ് ആളുകള്‍ പുഴയിലേക്ക് ചാടുന്നത്. മീനുകളെ  പിടിച്ചതിനു ശേഷം നീന്തി കരയ്ക്ക് കയറും. 

സാഹസികത നിറഞ്ഞ ഈ മീന്‍പിടുത്തത്തിനെതിരേ കേരള പോലീസും രംഗത്തെത്തിയിട്ടുണ്ട്. ഡാം തുറന്നുവിടുമ്പോള്‍ ഒഴുകി വരുന്ന മീനുകളെ പിടിക്കാന്‍ പുഴയിലേക്ക് ചാടുന്ന അപകടകരമായ പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് അപകടമാണെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കി. 

അപ്രതീക്ഷിത പ്രളയത്തില്‍ തെന്മല പരപ്പാര്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കിവിട്ട് ജലനിരപ്പ് ക്രമീകരിക്കുകയായിരുന്നു ലക്ഷ്യം. ഷട്ടര്‍ തുറന്നതിനു പിന്നാലെ വലിയ അളവിലുള്ള ജലമാണ് കല്ലടയാറ്റിലെത്തിയത്. പുഴയുടെ പ്രദേശത്ത് താമസിക്കുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് തീരപ്രദേശത്ത് നിന്നുള്ള പല കുടുംബങ്ങളേയും മാറ്റിപ്പാര്‍പിച്ചിട്ടുണ്ട്.