ഹരിതയും അനീഷും (ഫയൽചിത്രം)
കുഴല്‍മന്ദം: 2020-ലെ ക്രിസ്മസ് ദിനത്തില്‍ കേരളം തലകുനിച്ച സംഭവത്തിനും ഹരിതയുടെ സങ്കടത്തിനും രണ്ടാണ്ട് തികയാന്‍ 25 ദിവസം ബാക്കിനില്‍ക്കെ, തേങ്കുറിശ്ശിയിലെ ഹരിതയ്ക്ക് ഭാഗികനീതി. മറ്റൊരുജാതിയിലുള്ള ഹരിതയെ പ്രണയിച്ച് വിവാഹം ചെയ്തതിന്, വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനുംചേര്‍ന്ന് തേങ്കുറിശ്ശി ഇലമന്ദം അനീഷിനെ (27) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഹരിതയ്ക്ക് അനുകൂലമായി സര്‍ക്കാര്‍തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഹരിതയുടെ തുടര്‍പഠനത്തിനായി 10 ലക്ഷം രൂപ അനുവദിച്ചതായി കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അറിയിച്ചു.
തേങ്കുറിശ്ശി ഇലമന്ദം ആറുമുഖന്റെയും രാധയുടെയും മകനാണ് അനീഷ്. ഹരിതയുടെ (19) അച്ഛന് തേങ്കുറിശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ (43), ഭാര്യാ സഹോദരന് ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് (45) എന്നിവരെ പോലീസ് അറസ്റ്റുചെയ്യുകയും ദുരഭിമാനക്കൊലയെന്ന് കുറ്റപത്രം സമര്‍പ്പിക്കയും ചെയ്തിരുന്നു. കേസിന്റെ വിചാരണനടപടി പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കയാണ്. ഹൈക്കോടതിയില്‍നിന്ന് ജാമ്യംനേടാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
അനീഷിന്റെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം അവരുടെ കൊച്ചുവീട്ടില്ത്തന്നെയാണ് ഹരിത താമസിക്കുന്നത്. കത്തിമുനയില്‍ സ്വപ്നങ്ങള്‍ അറ്റുപോയെങ്കിലും ജീവിതവും ബന്ധവും അറ്റുപോകാന്‍ അനുവദിക്കില്ലെന്നാണ് ഹരിതയുടെ ഉറച്ച തീരുമാനം. അനീഷിന്റെ അച്ഛനായ ആറുമുഖനെയും അമ്മ രാധയെയും വിട്ടുപോകില്ലെന്ന തീരുമാനത്തിലാണ് ഹരിത. ആറുമുഖന്‍ കൂലിപ്പണിചെയ്താണ് കുടുംബം പോറ്റുന്നത്. കൊടുവായൂര്‍ മരിയന്കോളേജില്നിന്ന് ഹരിത ബി.ബി.എ. പൂര്‍ത്തിയാക്കി. ചില സംഘടനകള്‍ ഇടപെട്ട് ഫീസടയ്ക്കാന്‍ സഹായിച്ചിരുന്നു. എം.എല്‍.എ. ഫണ്ടില്‍നിന്ന് 15,000 രൂപയും ലഭിച്ചു.
കേസ് ഇന്ന് വീണ്ടും പരിഗണിക്കും
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസ് പാലക്കാട് ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. കൊല്ലപ്പെട്ട തേങ്കുറിശ്ശി ഇലമന്ദം അനീഷിന്റെ (27) അമ്മ കെ. രാധ, മറ്റൊരു സാക്ഷി രജീഷ് എന്നിവരെ പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എല്‍. ജയ്വന്ത് മുമ്പാകെ ബുധനാഴ്ച വിസ്തരിച്ചു. രണ്ടാംപ്രതി പ്രഭുകുമാറിന്റെ വീട്ടില്‍നിന്ന്, ഒന്നാംപ്രതി സുരേഷ് ഉപയോഗിച്ച ആയുധവും രണ്ടാംപ്രതി ധരിച്ച വസ്ത്രങ്ങളും കണ്ടെടുത്ത സമയത്തെ സാക്ഷിയാണ് രജീഷ്.
അനീഷ് ധരിച്ചിരുന്ന വസ്ത്രം അമ്മ രാധ കോടതിയില്‍ തിരിച്ചറിഞ്ഞു. ആയുധം കണ്ടെടുത്ത സമയത്തെ സാക്ഷിയെയും അനീഷിന്റെ രക്തം ശേഖരിച്ച സമയത്തെ സാക്ഷിയെയുമാണ് വ്യാഴാഴ്ച വിസ്തരിക്കാന്‍ വിളിപ്പിച്ചത്.
2020 ഡിസംബര്‍ 25-നാണ് കേസിനാസ്പദമായ സംഭവം. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന് ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ്, അച്ഛന് ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഇരുവരെയും ഡിസംബര്‍ 12 വരെ റിമാന്‍ഡ് ചെയ്തു.
സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്തെന്ന കാരണത്താല്‍ ഹരിതയുടെ അമ്മാവനും അച്ഛനും അനീഷിനെ മാന്നാംകുളമ്പില്‍വെച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോലീസ് കേസ്. ദുരഭിമാനക്കൊലയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. അനില്‍ ഹാജരായി.
വാഗ്ദാനംചെയ്ത സഹായം ലഭിച്ചില്ല
അനീഷിന്റെ കൊലപാതകത്തിനുശേഷം ഉദ്യോഗസ്ഥ-രാഷ്ട്രീയ അധികാരികള്‍ ധനസഹായവും ജോലിയും വീടുമടക്കം പലതും വാഗ്ദാനം ചെയ്തിരുന്നു. രണ്ടു വര്‍ഷമായിട്ടും ഇവയെല്ലാം വാഗ്ദാനങ്ങളായി മാത്രം അവസാനിച്ചു. വിവാഹം നിയമപരമായി രജിസ്റ്റര്‍ചെയ്തിട്ടില്ല എന്നതായിരുന്നു ഒരു നിയമപ്രശ്നം. കൊല ചെയ്യപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല എന്നതായിരുന്നു രണ്ടാമത്തെ നിയമതടസ്സം. വിവാഹത്തിന്റെപേരില്‍ നടന്ന ദുരഭിമാനക്കൊലയെന്ന് പോലീസ് നല്കിയ കുറ്റപത്രംപോലും ഈ നിയമപ്രശ്നങ്ങളുടെ കുരുക്കഴിക്കാന്‍ സഹായിച്ചില്ല. കോട്ടയത്ത് ദുരഭിമാനക്കൊലയ്ക്കിരയായ കെവിന്റെ ഭാര്യയ്ക്ക് നഷ്ടപരിഹാരവും വിദ്യാഭ്യാസസഹായവും ലഭ്യമാക്കിയത് മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ഉത്തരവിറക്കിയായിരുന്നു. ഹരിതയുടെ കാര്യത്തില്‍ ഇത്തരമൊരു നടപടി ഉണ്ടായില്ല.
Content Highlights: thenkurissi honour killing: government grants 10 lakh for the higher studies of haritha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..