മോഷണശ്രമം നടന്ന കടന്ന കരിവെള്ളൂർ സി.കെ.വി. ജൂവലറി വർക്സ് കടയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ, മോഷ്ടാക്കൾ കുത്തിത്തുറന്ന കടയ്ക്കരികിൽ സി.കെ.വി. ബാബു
കരിവെള്ളൂര്‍: ദേശീയപാതയ്ക്കരികില്‍ കരിവെള്ളൂര്‍ ബസാറിലെ സി.കെ.വി. ജൂവലറി വര്‍ക്സില്‍ വീണ്ടും മോഷണശ്രമം. ചൊവ്വാഴ്ച രാവിലെയാണ് കടയുടെ ഷട്ടര്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. ഒരാഴ്ച മുന്‍പ് കടയുടെ ചുമര് തുരക്കാന്‍ ശ്രമം നടന്നിരുന്നു. ഷട്ടറിന്റെ രണ്ട് പൂട്ടുകളും തകര്‍ത്ത മോഷ്ടാക്കള്‍ ജൂവലറിക്കകത്തുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും പണി ഉപകരണങ്ങളും വാരിവലിച്ചിട്ടു.
കടയ്ക്കകത്തുണ്ടായിരുന്ന വാതില്‍ തകര്‍ത്തു. കടയില്‍ സ്വര്‍ണമുണ്ടായിരുന്നില്ല. വെള്ളി ആഭരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നും കൊണ്ടുപോയില്ല. കടയ്ക്കകത്തുണ്ടായിരുന്ന ബാഗും പൂട്ടുപൊളിക്കാനുപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പ് പാരയും അടുത്ത പറമ്പില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.
തെക്കെ മണക്കാട്ടെ സി.കെ.വി. ബാബുവിന്റെതാണ് കട. കരിവെള്ളൂര്‍ കെ. ഗോവിന്ദന് സ്മാരക മന്ദിരത്തിലാണ് ജൂവലറി പ്രവര്‍ത്തിക്കുന്നത്. മന്ദിരത്തിന്റെ ഓഫീസ് മുറിയിയുടെ ചുമര് തുരന്ന് ജൂവലറിക്കകത്തേക്ക് കടക്കാന്‍ കഴിഞ്ഞാഴ്ച ശ്രമിച്ചിരുന്നു. കോണ്‍ക്രീറ്റ് ചുമര് തുരക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പയ്യന്നൂര്‍ എസ്.ഐ. കെ.എസ്. മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഏഴുവര്‍ഷത്തിനിടെ നാലാം തവണ; എന്തുചെയ്യണമെന്നറിയാതെ ബാബു
കരിവെള്ളൂര്‍: 'കുടുംബം പുലര്‍ത്താനാണ് കട തുറന്നിരിക്കുന്നത്. സ്വര്‍ണപ്പണി മാത്രമേ വശമുള്ളൂ. ശത്രുതയുള്ളതുപോലെയാണ് മോഷ്ടാക്കളുടെ ആക്രമണം. ജീവിക്കാന്‍ അനുവദിക്കുകയില്ലെന്ന് തീരുമാനിച്ചാല്‍ എന്താ ചെയ്യുക'.- കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ നാല് തവണ മോഷണംനടന്ന കരിവെള്ളൂര്‍ സി.കെ.വി. ജൂവലറി വര്‍ക്സ് ഉടമ തെക്കെ മണക്കാട്ടെ സി.കെ.വി. ബാബുവിന്റെ വാക്കുകളില്‍ വേദനയും പ്രതിഷേധവും.
കരിവെള്ളൂര്‍ ബസാറില്‍ ദേശീയപാതയോട് ചേര്‍ന്ന് വര്‍ഷങ്ങളായി സി.കെ.വി. ജൂവലറി വര്‍ക്സ് കട നടത്തുന്ന വ്യക്തിയാണ് ബാബു. സ്വര്‍ണാഭരണ നിര്‍മാണത്തോടൊപ്പം കമ്മല്‍, മോതിരം തുടങ്ങിയ ചെറിയ സ്വര്‍ണം, വെള്ളി ആഭരണങ്ങളും കടയില്‍ വില്പന നടത്താറുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് തവണയാണ് ബാബുവിന്റെ കടയില്‍ മോഷണശ്രമം നടന്നത്.
ഏഴ് വര്‍ഷം മുന്‍പ് കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ കടയിലുണ്ടായിരുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ മുഴുവന്‍ കൊണ്ടുപോയി. പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞ് കടയുടെ ഷട്ടര്‍ വാഹനത്തില്‍ ഘടിപ്പിച്ച് വലിച്ച് തകര്‍ത്ത് അകത്തുകടന്നു. എന്നാല്‍ കാര്യമായൊന്നും നഷ്ടപ്പെട്ടില്ല. ആദ്യത്തെ തവണ ഒഴിച്ച് ബാക്കി മൂന്ന് തവണയും ആഭരണങ്ങള്‍ കാര്യമായൊന്നും നഷ്ടപ്പെട്ടില്ലെങ്കിലും കട പൂര്‍വസ്ഥിതിയിലാക്കാന്‍ വലിയ സാമ്പത്തിക ബാധ്യതയാണ് ബാബുവിന് വന്നത്.
Content Highlights: theft in one jewellery four times in seven years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..