കോഴിക്കോട്: പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നപ്പോല്‍ കോഴിക്കോട് ഒഴിച്ച് ബാക്കി എല്ലാ ഇടങ്ങളിലും വന്‍ സ്വീകരണം ഏറ്റുവാങ്ങി ഇളയ ദളപതി വിജയുടെ മാസ്റ്റര്‍. പ്രൊജക്ടര്‍ പണിമുടക്കിയതോടെ കോഴിക്കോട് അപ്‌സര, റീഗല്‍ തിയേറ്ററില്‍ ഷോ മുടങ്ങി. ആരാധാകര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ഇനി വൈകുന്നേരം മാത്രമാണ് പ്രദര്‍ശനമെന്നാണ് തിയേറ്റര്‍ ഉടമകള്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്.
കോഴിക്കോട്ട് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഉള്ള തിയേറ്ററാണ് അപ്‌സര. ടിക്കറ്റ് വിതരണവും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള സീറ്റിങ് അറേഞ്ചുമെന്റുകളെല്ലാം തിയേറ്റര്‍ ജീവനക്കാര്‍ നേരത്തെ ഒരുക്കിയെങ്കിലും പടം തുടങ്ങാനിരിക്കെ പ്രൊജക്ടര്‍ പണിമുടക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് തവണ പരിശോധിച്ചെങ്കിലും പടം തുടങ്ങാന്‍ കഴിയാത്തതിനാല്‍ വലിയ ആള്‍ക്കൂട്ടമാണ് തിയേറ്ററിന് മുന്നിലുള്ളത്.
പണം തിരിച്ചുതാരമെന്ന് അറിയിച്ചെങ്കിലും ആളുകള്‍ പിരിഞ്ഞ് പോവാന്‍ തയ്യാറായില്ല. എപ്പോള്‍ പടം തുടങ്ങിയാലും സിനിമ കണ്ടിട്ട് മാത്രമേ തിരിച്ച് പോവുകയുള്ളൂവെന്നാണ് സിനിമ കാണാനെത്തിയവര്‍ പറയുന്നത്. ആളുകള്‍ വലിയ രീതിയില്‍ കൂടി നിന്നതോടെ കോവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറന്നു. കോഴിക്കോട് റീഗല്‍ തിയേറ്ററിലും സമാന അനുഭവമാണ് ഉണ്ടായത്. രാവിലെ ഒമ്പത് മണിയുടെ ഷോ തുടങ്ങാനിരിക്കെ പ്രൊജക്ടര്‍ പണിമുടക്കിയതോടെ ഇവിടേയും പടം തുടങ്ങാനായില്ല.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അമ്പത് ശതമാനം സീറ്റിലാണ് തിയേറ്ററില്‍ ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലെല്ലാം രാവിലെ ഒമ്പത് മണിയുടെ ഷോ തടസ്സമില്ലാതെ ആരംഭിച്ചു. രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് തിയേറ്ററുകള്‍ക്ക് പ്രദര്‍ശന അനുമതി നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സെക്കന്‍ഡ് ഷോ ഉണ്ടായിരിക്കില്ല.
ഇളയ ദളപതിക്ക് ഏറെ ആരാധാകരുള്ള പാലക്കാട്ട് രാവിലെ മുതല്‍ തന്നെ വലിയ ആള്‍ക്കൂട്ടമാണ് സിനിമ കാണാനായി എത്തിയിരിക്കുന്നത്. തിയേറ്ററുകള്‍ക്ക് മുന്നില്‍ സാധാരണ വിജയ് സിനിമ പ്രദര്‍ശനത്തിന് എത്തമ്പോഴുള്ള ആഘോഷങ്ങളൊന്നുമില്ലെങ്കിലും തിയേറ്റിന് ഉള്ളില്‍ വലിയ കയ്യടിയാണ് ആദ്യ ഷോയ്ക്ക് ലഭിച്ചിരിക്കുന്നത്. പലപ്പോഴും കോവിഡ് മാനദണ്ഡങ്ങളൊക്കെ ലംഘിക്കപ്പെട്ടു. മിക്ക തിയേറ്ററുകളിലും ആദ്യ ദിവസത്തെ ടിക്കറ്റുകളെല്ലാം പൂര്‍ണമായും വിറ്റ് കഴിഞ്ഞിരുന്നു.
പ്രിയ താരങ്ങളായ വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന സിനിമ ആയത് കൊണ്ടു തന്നെ വലിയ ആരാധക പ്രവാഹം തന്നെയാണ് തിയേറ്ററുകളിലുള്ളത്. അമ്പത് ശതമാനം സീറ്റിലാണ് പ്രവേശനമെങ്കിലും തമിഴ്‌നാട്ടിലെ മിക്ക തിയേറ്ററുകളിലും ഈ നിയന്ത്രണങ്ങളൊന്നും പാലിക്കപ്പെട്ടില്ല. മുഴുവന്‍ സീറ്റുകളിലേക്കും ആളുകളെത്തി. കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള ആവേശത്തില്‍ വലിയ ആശങ്കയുമുണ്ട്.
വരും ദിവസങ്ങളില്‍ മലയാള സിനിമയടക്കം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ജയസൂര്യ നായകനാവുന്ന 'വെള്ള'മാണ് സംസ്ഥാനത്ത് ആദ്യമെത്തുന്ന മലയാള സിനിമ. മാസ്റ്ററിന് ലഭിച്ച വലിയ സ്വീകാര്യത മലയാള സിനിമയ്ക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ മേഖല.
Content Highlights: Theaters Opened In Kerala Vijay Thamil Film Master