ജി.എസ്.ലക്ഷ്മി
ഏറ്റുമാനൂര്‍: സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ചു. ഏറ്റുമാനൂര്‍ തെള്ളകത്താണ് സംഭവം. പേരൂര്‍ തച്ചനാട്ടേല്‍ അഡ്വ. ടി.എന്‍. രാജേഷിന്റെ ഭാര്യ അരീപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപിക ജി.എസ്.ലക്ഷ്മി (41) യാണ് ആണ് പെണ്‍കുഞ്ഞിന് ജന്മം നല്കിയ ശേഷം മരിച്ചത്. ചികിത്സാപിഴവ് മൂലമാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
വ്യാഴാഴ്ചയാണ് ലക്ഷ്മിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നാലര മണിയോടെ പെണ്‍കുഞ്ഞിന് ജന്മം നല്കി. സാധാരണ പ്രസവം ആയിരുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ അഞ്ചരയോടെ ലക്ഷ്മിയ്ക്ക് രക്തസ്രാവം ഉണ്ടായി. രക്തം ആവശ്യമുണ്ടെന്നും ആശുപത്രിയില്‍ നിന്ന് തന്നെ രക്തം തത്ക്കാലം നല്‍കാമെന്നും അധികൃതര്‍ പറഞ്ഞതായി ലക്ഷ്മിയുടെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്കി. ഏഴ് മണിയോടെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും ഇതിനിടെ രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. രക്തസ്രാവം നിലയ്ക്കാത്തതിനാല്‍ ഗര്‍ഭപാത്രം നീക്കിയെന്ന് ഏഴരയോടെ ഡോക്ടര്‍ അറിയിച്ചതായും ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ മൊഴിയില്‍ പറയുന്നു.
പിന്നീട് ലക്ഷ്മി മരിച്ചതായി ആശുപത്രി അധികൃതര്‍ ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
എസ്എംവി ഗ്ലോബല്‍ സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി മകളാണ്.
Content Highlight: The woman died after giving birth in a private hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..