മേനകാ ഗാന്ധി
ഡൽഹി: കേരളത്തില്‍ കാട്ടുപന്നി ഭീഷണിയെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് ബി.ജെ.പി. എം.പി. മേനകാ ഗാന്ധി. കേരളത്തിലെ മലയോര കര്‍ഷകര്‍ക്ക് ഭീഷണിയായ കാട്ടുപന്നികളെ കൊല്ലുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് മേനകാ ഗാന്ധി രംഗത്തുവന്നത്.
ഈ ഉത്തരവ് ഇന്ത്യയെ മൊത്തത്തില്‍ ബാധിക്കുമെന്നാണ് മേനക ഗാന്ധി പറഞ്ഞത്. 'പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിന് കാട്ടുപന്നിക്ക് അവരുടേതായ ഭാഗമുണ്ട്. കേരളത്തില്‍ എന്നല്ല, എവിടെയുമുള്ള കര്‍ഷകര്‍ക്ക് കാട്ടുപന്നിയെ കൊല്ലണം എന്ന് ആഗ്രഹമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സത്യത്തില്‍ വേട്ടക്കാരാണ് ഇതിന് പിന്നില്‍. അവര്‍ കര്‍ഷകരെ ഒരു മറയായി ഉപയോഗിക്കുകയാണ്. കേരളം പോലെ സുന്ദരമായ ഒരു ഭൂമി അല്ലെങ്കില്‍ത്തന്നെ വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ അനുഭവിക്കുകയാണ്. ദുരന്തങ്ങള്‍ കൂട്ടാനേ ഇത്തരം നിയമങ്ങള്‍ സഹായിക്കൂ.

കേരളത്തിനുവേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. കേരളത്തില്‍ പന്നിയിറച്ചിക്കുവേണ്ടി നിരവധി ഫാമുകളുണ്ട്. അവിടെനിന്നും രക്ഷപ്പെടുന്ന പന്നികള്‍ എങ്ങോട്ട് പോവണമെന്നറിയാതെ കാടിന്റെ സമീപത്തേക്ക് എത്തുന്നു. അവയാണ് കൃഷി നശിപ്പിക്കുന്നത്. കേരളത്തിലെ ആളുകള്‍ക്ക് പന്നികളെയും കാട്ടുപന്നികളെയും തിരിച്ചറിയാന്‍ പറ്റുന്നില്ല എന്നാണ് തോന്നുന്നത്. രണ്ടും വ്യത്യസ്തയിനം ജീവിയാണ്. ഫാമുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നാണ് എന്റെ അഭിപ്രായം.'- മേനകാ ഗാന്ധി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ കാട്ടുപന്നികളുടെ കണക്കുകള്‍ ഉണ്ടെന്നുതോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു. ആദ്യം ശാസ്ത്രീയമായ സമീപനമാണ് വേണ്ടത്. അതിനുശേഷം മാത്രമേ കൊല്ലുകയെന്ന കൃത്യത്തിലേക്ക് എത്തേണ്ടതുള്ളൂ. നേരിട്ട് കൊലയിലേക്ക് എന്നത് ശരിയല്ല, അങ്ങനെയാണെങ്കില്‍ എന്തൊക്കെ ജന്തുക്കളെ നിങ്ങള്‍ക്ക് കൊല്ലേണ്ടി വരുമെന്നും മേനക ഗാന്ധി ചോദിച്ചു.
മേനകാഗാന്ധിയെ ചങ്ങലക്കിടണമെന്ന് താമരശ്ശേരി ബിഷപ്പ്

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും തടയാന്‍ ഇത്തരം നടപടി അനിവാര്യമെന്നും താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. വലിയ വീട്ടിലെ സൗകര്യത്തില്‍ ജീവിക്കുന്ന മേനകാ ഗാന്ധിക്ക് എന്തും പറയാം. അവരെ ചങ്ങലയ്ക്കിടുകയാണ് വേണ്ടതെന്നും ബിഷപ്പ് പറഞ്ഞു. ബിഷപ്പ് പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്നാണ് മേനകാഗാന്ധിയുടെ മറുപടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..