പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
ന്യൂഡൽഹി: കേരളത്തിലെ പ്ലസ് വൺ വിദ്യാർഥികളുടെ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി ഇടപെടില്ല. വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ്മാരായ എ എം ഖാൻവിക്കറും ദിനേശ് മഹേശ്വരിയും അടങ്ങുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
പ്ലസ് വൺ വിദ്യാർഥികളുടെ പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് സുപ്രീംകോടതിയിൽ വിശദമായ വാദമാണ് ഉണ്ടായത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരളത്തോട് കൂടുതൽ വിശദാംശങ്ങൾ നൽകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ പ്ലസ് വൺ പരീക്ഷ പ്ലസ് ടു പരീക്ഷയിൽ നിന്നും വളരെ വ്യത്യസ്തമാണെന്നാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കൗൺസിൽ ജി. പ്രകാശ് സുപ്രീംകോടതിയിൽ പറഞ്ഞത്. ഇത് വിദ്യാഭ്യാസത്തിന്റെ തുടർ പ്രക്രിയ ആയിട്ട് നടക്കുന്ന പരീക്ഷയെന്നാണ് അദ്ദേഹം ചൂണ്ടികാണിച്ചത്. തുടർന്നാണ് വിഷയത്തിൽ സുപ്രീംകോടതി ഇടപെടാൻ വിസമ്മതിച്ചത്.
സെപ്തംബറിൽ അല്ലെങ്കിൽ ഒക്ടോബറിലോ, നവംബറിലോ എപ്പോഴാണോ സാഹചര്യം മെച്ചപ്പെടുന്നത്, ആ സാഹചര്യത്തിൽ മാത്രം പരീക്ഷ നടത്തിയാൽ മതിയെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. കൂടാതെ വിദ്യാർഥികൾക്ക് പരീക്ഷകൾക്ക് തയാറെടുക്കുന്നതിന് ആവശ്യമായ സമയം നൽകണമെന്നും കോടതി നിരീക്ഷിച്ചു. ഏതെങ്കിലും വിദ്യാർഥിക്ക് പരീക്ഷ സംബന്ധിച്ച് ആശങ്കയോ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ കേരള ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം ആന്ധ്രാപ്രദേശിലെ പ്ലസ് ടു പരീക്ഷ നടത്തുന്നത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകാൻ കോടതി നിർദ്ദേശിച്ചു. രാജ്യത്ത് ഡെൽറ്റ പ്ലസ് വൈറസ് രാജ്യത്ത് പടരുകയാണ്. അപ്പോൾ വിദ്യാർഥികളുടെ ഭാവി ആശങ്കപ്പെടുത്താൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
Content Highlights:The Supreme Court will not interfere in the Plus One examination
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..