Cardinal Mar George Alencherry / Photo: G. Sivaprasad/ Mathrubhumi
ന്യൂഡല്‍ഹി: സിറോ മലബാര്‍സഭയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ വിചാരണക്കോടതിയില്‍ ഹാജരാകാത്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചു. കര്‍ദിനാളും നിയമം പാലിക്കാന്‍ ബാധ്യസ്ഥനാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കര്‍ദിനാള്‍ വിചാരണക്കോടതിയില്‍ ഹാജരാകണമെന്ന ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
അതേസമയം, വിചാരണക്കോടതി നിര്‍ദേശിച്ച ദിവസങ്ങളില്‍ ചില അസൗകര്യമുണ്ടായതിനാല്‍ ഹാജരാകാതിരുന്നതാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് സിദ്ധാര്‍ഥ് ലൂതറ സുപ്രീംകോടതിയെ അറിയിച്ചു. വിചാരണക്കോടതിയില്‍ ഹാജരാകണമെന്ന ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ലൂതറ കോടതിയില്‍ വ്യക്തമാക്കി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടേത് ഉള്‍പ്പടെയുള്ള ഹര്‍ജികള്‍ വിധി പറയാനായി സുപ്രീം കോടതി മാറ്റി.
പള്ളി ഭൂമി വില്‍ക്കാനുളള ബിഷപ്പുമാരുടെ അധികാരം; നിലപാട് വ്യക്തമാക്കാതെ സര്‍ക്കാര്‍
പള്ളി ഭൂമികള്‍ പൊതു ട്രസ്റ്റിന്റെ ഭാഗമായിവരുമെന്നും സിവില്‍ നടപടി ചട്ടത്തിലെ 92-ാം വകുപ്പ് ബാധകമായിരിക്കുമെന്നുമുള്ള ഹൈക്കോടതി നിലപാടിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകരോട് കോടതി നിലപാട് ആരാഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടില്ലെന്നും അതിനാല്‍ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കാന്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത് നിയമപരമായി തെറ്റാണെന്നും അദ്ദേഹം വാദിച്ചു.
കര്‍ദിനാളിനെതിരായ ഒരു പരാതി സര്‍ക്കാര്‍ അന്വേഷണം നടത്തി അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഭൂമിയാണ് വിറ്റത് എന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തി. നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. കോടതി ആവശ്യപ്പെട്ടാല്‍ ഇനിയും അന്വേഷിക്കാമെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്തയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കറും കോടതിയെ അറിയിച്ചു.
കത്തോലിക്കാ പള്ളികള്‍ക്ക് ബാധകം കാനോന്‍ നിയമം; പള്ളിവക സ്ഥാപനങ്ങള്‍ക്ക് ബാധകം മറ്റുനിയമങ്ങള്‍
കത്തോലിക്കാ പള്ളികള്‍ക്ക് ബാധകം കാനോന്‍ നിയമമാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സീറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപതയും സുപ്രീംകോടതിയില്‍ വാദിച്ചു. പള്ളി സ്വത്തുക്കള്‍ ട്രസ്റ്റാണെന്ന മലങ്കര സഭാ കേസിലെ വിധി തങ്ങള്‍ക്ക് ബാധകമല്ലെന്ന് രൂപതകള്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് സി.യു. സിങ്, അഭിഭാഷകരായ റോമി ചാക്കോ, വി.എസ്. റോബിന് എന്നിവര്‍ വാദിച്ചു. അതേസമയം, കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
ഹൈക്കോടതി വിധിയെ പിന്തുണച്ച് പരാതിക്കാരനായ ജോഷി വര്‍ഗീസ്
പള്ളികളുടെ ഭൂമിയും ആസ്തിയും വില്ക്കാന് ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിനെ ന്യായീകരിച്ച് പരാതിക്കാരനായ ജോഷി വര്‍ഗീസിന്റെ സീനിയര്‍ അഭിഭാഷകന് ജയന്ത് മുത്തുരാജ്. നിയമവിരുദ്ധമായ ഇടപാടുകള്‍ ശ്രദ്ധയില്പ്പെട്ടതിനാലാകാം ഹൈക്കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്ന് മുത്തുരാജ് വാദിച്ചു. പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ ഒരു കോടതിയിലും കര്‍ദിനാള്‍ ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. സീനിയര്‍ അഭിഭാഷകനായ ജയന്ത് മുത്തുരാജിനുപുറമേ അഭിഭാഷക മീന പൗലോസും ജോഷി വര്‍ഗീസിനുവേണ്ടി ഹാജരായി.
ക്രിമിനല്‍ നടപടി ചട്ടത്തിലെ 482-ാം വകുപ്പുപ്രകാരം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ പള്ളികളുടെ ഭൂമിയും ആസ്തിയും വില്ക്കാന് ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി നിര്‍ദേശിച്ചതിനെ സുപ്രീംകോടതി വിമര്‍ശിച്ചു. ഇക്കാര്യത്തത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്ന ഹൈക്കോടതി ലക്ഷ്മണ രേഖ കടന്നതായി ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കക്ഷിചേരാനുള്ള അപേക്ഷകള്‍ തള്ളി
സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കക്ഷിചേരാനുള്ള വിവിധ അപേക്ഷകള്‍ സുപ്രീംകോടതി തള്ളി. ഷൈന്‍ വര്‍ഗീസും കേരള കാത്തലിക് ചര്‍ച്ച് റിഫോംസ് മൂവ്മെന്റും നല്കിയ അപേക്ഷകളാണ് തള്ളിയത്. ഷൈന്‍ വര്‍ഗീസിനുവേണ്ടി സീനിയര്‍ അഭിഭാഷകന് വി. ഗിരിയും അഭിഭാഷകന് രാകേന്ദ് ബസന്തുമാണ് ഹാജരായത്. കേരള കാത്തലിക് ചര്‍ച്ച് റിഫോംസ് മൂവ്മെന്റിനുവേണ്ടി അഭിഭാഷകന് പി.വി. ദിനേശ് ഹാജരായി. പള്ളികളുടെ വസ്തുക്കളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിഷപ്പ് രാജ്യത്തെ നിയമങ്ങള്‍ പാലിക്കണമെന്നും മതപരമായ കാര്യങ്ങളില്‍ കാനോന്‍ നിയമം പാലിക്കണമെന്നുമാണ് അദ്ദേഹം വാദിച്ചത്. കേസ് അവസാനിപ്പിക്കാന്‍ നല്കിയ റിപ്പോര്‍ട്ടിനെതിരെ വിചാരണക്കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്ന ഇവരുടെ ആവശ്യം കോടതി അംഗീകരിച്ചു.
Content Highlights: the supreme court said that the cardinal should also follow the law
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..