സുപ്രീം കോടതി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ന്യൂഡല്‍ഹി: അടിമാലി മരം മുറി കേസിലെ ഒന്നാം പ്രതി മുന്‍ റേഞ്ച് ഓഫീസര്‍ ജോജി ജോണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ തിങ്കളാഴ്ച ഹാജരാകാന്‍ ജോജി ജോണിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ജോജി ജോണിനെ ചോദ്യം ചെയ്യാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതിയും നല്കി.
പോലീസ് സ്റ്റേഷനില്‍ മൂന്ന് ദിവസവും രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകണം. വൈകിട്ട് അഞ്ച് മണിവരെ സ്റ്റേഷനില്‍ തുടരണം. ചോദ്യം ചെയ്യണമോ, അറസ്റ്റ് ചെയ്യണമോ തുടങ്ങിയ വിഷയങ്ങള്‍ അന്തിമ തീരുമാനം എടുക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥന് ആണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അടിമാലിയിലെ മങ്കുവ പുറമ്പോക്ക് ഭൂമിയില്‍ നിന്ന് എട്ട് തേക്ക് മരങ്ങള്‍ മുറിച്ച് കടത്തിയതിന് വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജോജി ജോണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതായി ജോജി ജോണിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
എന്നാല്‍ റേഞ്ച് ഓഫീസര്‍ തസ്തികയില്‍ ഇരുന്ന വ്യക്തിയാണ് ജോജി ജോണ്‍ എന്ന് കോടതി ചൂണ്ടിക്കാട്ടി. താരതമ്യേന ജൂനിയര്‍ ആയ ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചത് പോലെ സീനിയര്‍ ആയ ഉദ്യോഗസ്ഥന് മുന്‍ കൂര് ജാമ്യം അനുവദിക്കാന്‍ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജോജി ജോണിന് വേണ്ടി സീനിയര്‍ അഭിഭാഷകന് സഞ്ജയ് ഹെഡ്ഡെ, അഭിഭാഷകന് ജോസ് എബ്രഹാം എന്നിവര്‍ ഹാജരായി.
Content Highlights: The Supreme court rejected the anticipatory bail application of former range officer joji john
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..