വിമാനക്കമ്പനികള്‍ക്ക് പൊതുവേ അത്ര നല്ല കാലമല്ല ഇത്. ഇന്ധനവില വര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് ഇന്ത്യയിലെ എയര്‍ലൈന്‍ കമ്പനികള്‍. എന്നാല്‍, പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ലാഭത്തിന്റെ ആകാശത്ത് പൊങ്ങിപ്പറക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഈ മാസം പുറത്തുവന്ന കണക്കുകള്‍ പ്രകാരം 2017-2018 വര്‍ഷത്തില്‍ 262 കോടിയാണ് ഈ ലോ കോസ്റ്റ് എയര്‍ലൈന്റെ ലാഭം.

കേരള-ഗള്‍ഫ് സര്‍വീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിജയത്തില്‍ മലയാളികള്‍ക്കും അഭിമാനിക്കാനേറെ. ഡിസംബര്‍ ഒമ്പതിന് പ്രവര്‍ത്തനമാരംഭിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആദ്യ സര്‍വീസ് നടത്തുന്നതും ഈ കേരള ബേസ്ഡ് എയര്‍ലൈന്‍ തന്നെയാണ്. ഉദ്ഘാടന ദിവസത്തെ കണ്ണൂര്‍-അബുദാബി ഫ്‌ലൈറ്റിന്റെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂറിനകമാണ് വിറ്റുതീര്‍ന്നത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഓപ്പറേഷനുകളെ കുറിച്ചും വ്യോമയാന മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചും തങ്ങളുടെ വിജയരഹസ്യത്തെ കുറിച്ചുമെല്ലാം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒ കെ.ശ്യാംസുന്ദര്‍.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍നിന്നുള്ള ഓപ്പറേഷനുകള്‍

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ മികച്ച പ്രവര്‍ത്തനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷാര്‍ജ, അബുദാബി, ദോഹ, റിയാദ് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍ നടത്തുന്നത്. ഷാര്‍ജ, അബുദാബി സര്‍വീസുകള്‍ രാവിലെയും റിയാദ്, ദോഹ സര്‍വീസുകള്‍ വൈകിട്ടും. ഇതില്‍ ഷാര്‍ജയിലേക്കും ദോഹയിലേക്കും ആഴ്ചയില്‍ നാലു സര്‍വീസുകള്‍ വീതവും അബുദാബിയിലേക്കും റിയാദിലേക്കും മൂന്നു സര്‍വീസുകള്‍ വീതവുമാവും ഉണ്ടാവുക.

നിലവില്‍ മെയിന്റനന്‍സ് നടക്കുന്ന ഒരു എയര്‍ക്രാഫ്റ്റ് കൂടി ഉടന്‍തന്നെ കണ്ണൂരില്‍ സര്‍വീസ് ആരംഭിക്കും. അതുകൂടി വരുന്നതോടെ കണ്ണൂര്‍-ഷാര്‍ജ സര്‍വീസ് എല്ലാ ദിവസവുമാക്കും. ഒപ്പം മസ്‌ക്കറ്റിലേക്കും സര്‍വീസ് ആരംഭിക്കും. കൂടുതല്‍ എയര്‍ക്രാഫ്റ്റുകള്‍ ലഭ്യമാകുന്നതനുസരിച്ച് സര്‍വീസുകള്‍ വര്‍ധിപ്പിക്കും.

കണ്ണൂരില്‍നിന്ന് ലഭിച്ചത് ഇതുവരെ ലഭിക്കാത്ത പ്രതികരണം

കണ്ണൂരില്‍നിന്നുള്ള ആദ്യ ഫ്‌ലൈറ്റിലെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിറ്റുതീര്‍ന്നു എന്നത് ഞങ്ങള്‍ക്ക് വളരെയേറെ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഇത്രയും കുറഞ്ഞ സമയത്തില്‍ ഞങ്ങളുടെ ഒരു ഫ്‌ലൈറ്റിന്റെയും ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നിട്ടില്ല എന്നതാണ് വാസ്തവം. ഇത്തരത്തിലുള്ള സര്‍വീസുകളുടെ ആവശ്യകതയെയാണ് അത് വ്യക്തമാക്കുന്നത്. 

ജനങ്ങളുടെ ആവശ്യത്തോട് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കൃത്യമായി പ്രതികരിക്കാനായി എന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇത് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് മാത്രമല്ല ഈ എയര്‍പോര്‍ട്ടിനും യാത്രക്കാര്‍ക്കുമെല്ലാം ഒരുപോലെ പ്രയോജനകരമാണ്. ഹോട്ടല്‍, കാറ്ററിങ് തുടങ്ങിയ അനുബന്ധ മേഖലകള്‍ക്കും മെച്ചമുണ്ടാകും. കണ്ണൂരില്‍ മികച്ചൊരു തുടക്കമാണ് ലഭിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. അതില്‍ കണ്ണൂരിലെ ജനങ്ങളോടും ഈ എയര്‍പോര്‍ട്ടിനായി പ്രയത്‌നിച്ച എല്ലാവരോടും ഏറെ നന്ദിയുണ്ട്.

ഭാവി പദ്ധതികള്‍

വര്‍ഷങ്ങളായി കേരള-ഗള്‍ഫ് സര്‍വീസുകളിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇതുതന്നെയാകും തുടര്‍ന്നും ഞങ്ങളുടെ പ്രധാന റൂട്ട്. അഞ്ചു മണിക്കൂറിലേറെ ദൂരമുള്ള രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ നിലവില്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, ഇന്ത്യയുടെ മറ്റു നഗരങ്ങളില്‍ നിന്നും ഗള്‍ഫ് സര്‍വീസുകള്‍ തുടങ്ങാനും നിലവില്‍ സര്‍വീസ് ഉള്ള ലഖ്‌നൗ, അമൃത്സര്‍, വാരണാസി, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

അതോടൊപ്പം സൗത്ത്-ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും സര്‍വീസിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോഴുള്ള സിംഗപ്പൂര്‍ സര്‍വീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയില്‍നിന്ന് കൂടുതല്‍ വിനോദ സഞ്ചാരികള്‍ പോകുന്ന ബാങ്കോക്കാണ് അടുത്തതായി ലക്ഷ്യമിടുന്നത്. കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് വിദേശ-വിമാനയാത്രകകള്‍ സാധ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

കുതിച്ചുയരുന്ന ഇന്ധനവിലയും വ്യോമയാന മേഖലയും

ഇന്ത്യയിലെ മാത്രമല്ല, ലോകത്തെ തന്നെ എയര്‍ലൈന്‍ കമ്പനികളെ ബാധിക്കുന്ന പ്രശ്‌നമാണ് ഇന്ധനവില. എടിഎഫിന് (എയര്‍ലൈന്‍ ടര്‍ബൈന്‍ ഫ്യുവല്‍) ചുമത്തിയിരിക്കുന്ന ഉയര്‍ന്ന നികുതി മൂലം ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് മാത്രം. ഭാഗ്യവശാല്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രധാനമായും അന്താരാഷ്ട്ര സര്‍വീസുകളാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്നവര്‍ നല്‍കേണ്ട സെയില്‍സ് ടാക്‌സ് ഞങ്ങള്‍ക്ക് ബാധകമാകുന്നില്ല. അതിനാല്‍, എടിഎഫ് റേറ്റ് മൂലമുണ്ടാകുന്ന അധിക ചെലവില്‍ നിന്നും കുറച്ചൊരു ആശ്വാസം ലഭിക്കുന്നുണ്ടെന്ന് പറയാം. സെയില്‍സ് ടാക്‌സ് മാറ്റിനിര്‍ത്തിയാല്‍ എടിഎഫിന്റെ അടിസ്ഥാന വില വര്‍ധിക്കുന്നത് ഞങ്ങളെയും ബാധിക്കുന്നുണ്ട്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിജയരഹസ്യം

ഈ വര്‍ഷമാണ് ഇന്ത്യന്‍ എയര്‍ലൈനുകളില്‍ കൂടുതലും നഷ്ടം രേഖപ്പെടുത്തിയത്. എടിഎഫിന്റെ വിലവര്‍ധനയാണ് കൂടുതല്‍ കമ്പനികളെയും നഷ്ടത്തിലേക്ക് തള്ളിവിടുന്നത്. എന്നാല്‍, അതിനിടയിലും ലാഭത്തില്‍ തുടരാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിനായി. അതിന് പ്രധാനകാരണം ഞങ്ങളുടെ കാര്യക്ഷമത തന്നെയാണ്. ഞങ്ങളുടെ എയര്‍ക്രാഫ്റ്റുകള്‍ 13.5-14 മണിക്കൂര്‍ ഒരു ദിവസത്തില്‍ പറക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരമെടുത്താല്‍ പോലും ഈ ഫ്‌ലൈയിങ് ടൈം മികച്ചതാണ്. ഇതിലൂടെ ഞങ്ങള്‍ക്ക് ഏറ്റവും ലാഭകരമായി വിമാനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നു.

കോക്ക് പിറ്റ് ക്രൂ, കാബിന്‍ ക്രൂ എന്നിവയുടെ കൃത്യമായ വിന്യാസവും പ്രധാനമാണ്. അവരെ ഡിജിസിഎ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ ഞങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കും സിംഗപ്പൂരിലേക്കുമുള്ള ഞങ്ങളുടെ സര്‍വീസുകളും അതിനനുയോജ്യമായ രീതിയിലുള്ളതാണ്. സീറ്റുകളുടെ പരമാവധി ഉപയോഗത്തിലും മറ്റും, മറ്റുള്ള എയര്‍ലൈനുകളെ അപേക്ഷിച്ച് മികവ് പുലര്‍ത്തുന്നു എന്നതും ഞങ്ങള്‍ക്ക് ഗുണം ചെയ്യുന്നു. കൃത്യമായ റവന്യൂ മാനേജ്‌മെന്റും ലാഭകരമായ പ്രവര്‍ത്തനത്തിനു പിന്നിലെ ഒരു പ്രധാന ഘടകമാണ്.

അതിനേക്കാളുപരി, എയര്‍ക്രാഫ്റ്റുകള്‍ എപ്പോഴൊക്കെ പൂര്‍ണമായി ഉപയോഗിക്കണമെന്നതും എപ്പോഴൊക്കെ എണ്ണം വെട്ടിക്കുറയ്ക്കണമെന്നതും സംബന്ധിച്ച കൃത്യമായ സന്തുലനം ആവശ്യമാണ്. പീക്ക് സീസണില്‍ ഗള്‍ഫ് മേഖലയിലേക്ക് ഞങ്ങള്‍ പരമാവധി ഫ്‌ലൈറ്റുകള്‍ പറത്തുന്നു. ഓഫ് സീസണില്‍ അധിക ഫ്‌ലൈറ്റുകള്‍ പിന്‍വലിക്കുന്നു. ആ സമയത്ത് എയര്‍ക്രാഫ്റ്റുകളുടെ മെയിന്റനന്‍സ് നടത്തുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സിനുള്ള സമയം ലഭിക്കുന്നു. ഒപ്പം, നിങ്ങള്‍ക്കാവശ്യമുള്ള സമയത്ത് അവയെല്ലാം ലഭ്യമാവുകയും ചെയ്യുന്നു.

Content Highlights: Air India Express, K Shyam Sunder