തൃശ്ശൂര്‍: എസ്.എസ്.എല്‍.സി പരീക്ഷക്കിടെ വിദ്യാര്‍ഥിയെ തെരുവുനായ കടിച്ചു. പരീക്ഷാഹാളില്‍ കയറിയ തെരുവുനായ പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ഥിയുടെ കൈയില്‍ കടിക്കുകയായിരുന്നു. 

ചെറുതുരുത്തി കൊളമ്പുമുക്ക് സ്വദേശിയായ ഹംസ എന്ന വിദ്യാര്‍ഥിക്കാണ് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവത്തെ തുടര്‍ന്ന് അധ്യാപകര്‍ ക്ലാസ് മുറികളുടെ വാതിലുകള്‍ അടച്ചതിനാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് കടിയേറ്റില്ല. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതികള്‍ ഉള്‍പ്പെടെ നല്‍കിയിരുന്നതാണ്. 

ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്നത്. കുട്ടിക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സാഹചര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ച് വീണ്ടും പരീക്ഷ എഴുതിക്കാന്‍ കഴിയുമോയെന്ന് അധ്യാപകര്‍ പരിശോധിക്കുന്നുണ്ട്.

Content Highlights: The student was bitten by a street dog while writing the SSLC exam