മന്ത്രി പി.രാജീവ് |ഫോട്ടോ:മാതൃഭൂമി
കൊച്ചി: സംസ്ഥാനത്തെ ആദ്യ റിന്യൂവബിള്‍ പാര്‍ക്ക് കളമശേരിയില്‍ ഒരുക്കുമെന്ന് മന്ത്രി പി രാജീവ്. പുനരുപയോഗിക്കാവുന്ന വസ്തുക്കളും സൗരോര്‍ജ്ജവും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതാണ് റിന്യൂവബിള്‍ പാര്‍ക്ക്. 'ശുചിത്വത്തിനൊപ്പം കളമശ്ശേരി' പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നടീല്‍ പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കളമശ്ശേരി ടി.വി.എസ് ജംഗ്ഷനിലെ നിപ്പോണ്‍ ഷോറൂമിന് മുന്‍വശത്തുളള സ്ഥലത്താണ് റിന്യൂവബിള്‍ പാര്‍ക്ക് ഒരുങ്ങുന്നത്.
സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സോളാര്‍ ട്രീ, സോളാര്‍ ബഞ്ചുകള്‍ തുടങ്ങിയവ റിന്യൂവബിള്‍ പാര്‍ക്കിലെ പ്രധാന ആകര്‍ഷണമായിരിക്കും. പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച കലാനിര്‍മ്മിതികള്‍, ഇരിപ്പിടങ്ങള്‍, ഇന്‍സ്റ്റലേഷനുകള്‍, കുട്ടികള്‍ക്കുള്ള വിനോദോപാധികള്‍ എന്നിവ പാര്‍ക്കിലുണ്ടായിരിക്കും. വൃത്തിയാക്കി വീണ്ടെടുത്ത കേന്ദ്രങ്ങളില്‍ സ്ഥലം ലഭ്യമായതിന്റെ അടിസ്ഥാനത്തില്‍ ഓപ്പണ്‍ ജിം, വിശ്രമ- വിനോദകേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
കളമശ്ശേരി ഗ്ലാസ് കോളനി, ഏലൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപം, കരുമാല്ലൂര്‍ ഷാപ്പുപടി, ആലങ്ങാട് പഴന്തോട്, കരിങ്ങാംതുരുത്ത് ആശുപത്രിക്ക് സമീപം, ഏലൂര്‍ സതേണ്‍ ഗ്യാസ് റോഡ്, മുപ്പത്തടം ചവറ പൈപ്പിന് മുന്‍വശം, കെ.എസ്.ഇ.ബിക്ക് മുന്‍വശം, കടവ്, കുന്നുകര ചാലാക്ക പാലത്തിന് സമീപം എന്നിവിടങ്ങളിലായിരിക്കും പൊതുവിശ്രമ കേന്ദ്രങ്ങള്‍, ഓപ്പണ്‍ ജിം എന്നിവ സ്ഥാപിക്കുന്നത്.
മാലിന്യസംസ്‌ക്കരണത്തിന്റെ പ്രാധാന്യം കുട്ടികളിലേക്കെത്തിക്കാന്‍ അനുയോജ്യമായ ഉള്ളടക്കത്തില്‍ ചിത്രകഥാ രൂപത്തിലുള്ള പുസ്തകങ്ങള്‍ എല്ലാ സ്‌കൂളുകളിലും വിതരണം ചെയ്യും. രണ്ടുമാസം കൂടുമ്പോള്‍ പരിസര ശുചീകരണത്തിനായി ജനപങ്കാളിത്തത്തോടെ തുടര്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. മാലിന്യം സ്ഥിരമായി തള്ളുന്ന കേന്ദ്രങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കും. ഓരോ വാര്‍ഡും വൃത്തിയായി സൂക്ഷിക്കുന്നതിന് ജനപ്രതിനിധികള്‍ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: The state's first renewable park will be established in Kalamasery Says Minister P. Rajeev
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..