തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതിയുള്ള പുതിയ കോവിഡ് കേസുകളുടെ എണ്ണം കൂടുകയാണ്. രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ മൂന്നിലൊന്നും കുറച്ചു ദിവസങ്ങളായി കേരളത്തില്‍ നിന്നാണ്. കോവിഡ് രോഗികളുടെ എണ്ണത്തിലും ജനസംഖ്യയിലും കേരളത്തേക്കാള്‍ ഏറെ മുന്നിലുള്ള മഹാരാഷ്ട്രയില്‍ പോലും ഇപ്പോള്‍ പ്രതിദിന പുതിയ രോഗികളുടെ എണ്ണം സംസ്ഥാനത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് മാത്രമാണ്. 

രണ്ടാം തരംഗത്തിന്റെ ഉച്ചതയില്‍  കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 42,464 വരെ (മേയ് 6) എത്തിയിരുന്നു. ശക്തമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഫലമായി ഇത് ക്രമേണ കുറഞ്ഞ് ജൂണ്‍ മൂന്നാം വാരത്തോടെ പതിനായിരത്തിനടുത്തേക്ക് താഴ്ന്നെങ്കിലും ജൂലായ് ആദ്യവാരത്തോടെ വീണ്ടും കൂടുന്നതായാണ് കണ്ടത്. 

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജൂണ്‍ മൂന്നാം വാരത്തോടെ ഇളവുകള്‍ നല്‍കിയിരുന്നു. ഇവിടം മുതല്‍ പ്രതിദിന പുതിയ കേസുകളുടെ എണ്ണം അതാത് ദിവസം രോഗം ഭേദമാവുന്നവരേക്കാള്‍ കൂടുതലായി തുടരുന്നു. ഇതിനൊപ്പമുള്ള ഗ്രാഫില്‍ ഈ ഉയര്‍ച്ച വ്യക്തമായി ദൃശ്യമാണ്. പാന്‍ഡമിക് റീപ്രൊഡക്ഷന്‍ വാല്യൂ അഥവാ R വാല്യൂ ഇപ്പോള്‍ തന്നെ 1.09 ആണെന്നത് രോഗവ്യാപനത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നു. ശക്തമായ നിയന്ത്രണങ്ങളിലൂടെ ഇത് ഒന്നില്‍ താഴെയാക്കേണ്ടതുണ്ട്. 

(മൂന്നാം തരംഗം ചര്‍ച്ച ചെയ്യുമ്പോള്‍ ഏറ്റവും അധികം പരാമര്‍ശിക്കപ്പെടുന്നത് പാന്‍ഡമിക് റീപ്രൊഡക്ഷന്‍ വാല്യൂ അഥവാ R വാല്യൂ ആണ്. എന്താണ് R വാല്യൂ? ഒരു ജനസംഖ്യയില്‍ അണുബാധയുടെ വ്യാപനത്തെ അളക്കുന്നതിനെയാണ് R വാല്യൂ എന്ന് പറയുന്നത്.  R വാല്യൂ രണ്ടാണെങ്കില്‍, രണ്ട് രോഗബാധിതരായ ആളുകളില്‍ നിന്ന് ശരാശരി നാല് പേരിലേക്ക് അസുഖം പകരും. ഈ അളവ് മോഡലര്‍മാരെ വ്യാപനത്തിന്റെ വ്യാപ്തി നിര്‍ണ്ണയിക്കാന്‍ അനുവദിക്കുന്നു, എന്നാല്‍ രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ മാത്രമാണ് ഈ അളവുകള്‍ ശരിയായിരിക്കുക.)

രോഗ വ്യാപനത്തിനുശേഷം 2021 ജൂണിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ നടന്നത്, 4450 പേര്‍. 2021 ഏപ്രില്‍ വരെ പ്രതിമാസ മരണസംഖ്യ ആയിരം കടന്നിരുന്നില്ല. ഈ മാസം ഇതുവരെ 2800 മരണങ്ങള്‍ നടന്നു, മൊത്തം മരണസംഖ്യ 16,000 കടന്നു. 

രാജ്യത്ത് സെപ്റ്റംബര്‍ മാസത്തോടെ മൂന്നാം തരംഗമെത്താമെന്നാണ് വിദഗ്ദ്ധര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. എന്നാല്‍ സംസ്ഥാനത്ത് ഇതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഓണക്കാലം തുടങ്ങാന്‍ മൂന്നാഴ്ച മാത്രം ശേഷിച്ചിരിക്കെ ദിനം പ്രതിയുള്ള പുതിയ കേസുകള്‍ കൂടുന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മൂന്നു ജില്ലകളില്‍ രണ്ടായിരത്തിനു മുകളിലും നാല് ജില്ലകളില്‍ ആയിരത്തിനു മുകളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഈ ഓണക്കാലത്തു കേരളത്തില്‍ കോവിഡ്  മൂന്നാംതരംഗത്തിന്റെ വ്യാപ്തി ജനങ്ങളെ എങ്ങിനെ ബാധിക്കുമെന്നു പ്രവചിക്കാനാകില്ല. വാക്സിനേഷന്‍ പരമാവധി വര്‍ദ്ധിപ്പിച്ച് മൂന്നാം തരംഗത്തെ ശക്തമായി നേരിടാനാവുമെന്നു തന്നെയാണ് സര്‍ക്കാരിന്റെയും കണക്കുകൂട്ടല്‍.

കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ച് സാമൂഹ്യ പ്രതിരോധശേഷി അവശ്യമായ തോതില്‍ കൈവരിക്കാന്‍ കഴിഞ്ഞാല്‍ മൂന്നാം തരംഗം ഉണ്ടാവണമെന്നില്ല എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. മൂന്നാം തരംഗം സ്വാഭാവികമായി ഉണ്ടാവുകയല്ല ചെയ്യുന്നത്, കോവിഡ് നിയന്ത്രണത്തിലുള്ള പാളിച്ചകളിലൂടെയും വാക്സിന്‍ വിതരണത്തിലെ വീഴ്ചകളിലൂടെയും ഉണ്ടാക്കപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഈ ഘട്ടത്തില്‍ അതിവേഗം വാക്സിനേഷന്‍ ഒരു ഡോസെങ്കിലും എല്ലാവര്‍ക്കും നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമവും.

മൂന്നാം തരംഗമുണ്ടായാല്‍ അത് കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന വിശ്വാസത്തിന് വലിയ ശാസ്ത്രീയ അടിത്തറയില്ല. ഇതിനകം കേവലം 4% കുട്ടികളെ മാത്രമാണ് രോഗം ബാധിച്ചിട്ടുള്ളത്. കുട്ടികളിലെ  മരണ നിരക്കും വളരെ കുറവാണ്. എങ്കിലും  മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രം എന്ന ഗുരുതരമായ കോവിഡാനന്തര രോഗസാധ്യത കുട്ടികളില്‍ കാണുന്ന സാഹചര്യം പരിഗണിച്ച് കുട്ടികളുടെ ചികിത്സക്കാവശ്യമായ തീവ്രപരിചരണ സംവിധാനം ഒരുക്കേണ്ടതുണ്ട്.

'ആളുകളെ തുറസായ സ്ഥലങ്ങളിലേക്ക് നയിക്കുക. അടച്ചിട്ട മുറികളിലെ പരിപാടികളില്‍ നിന്ന് എല്ലാവരെയും അകറ്റി നിര്‍ത്തുക. എങ്കില്‍ ഈ ഓണക്കാലം സന്തോഷത്തോടെയും സമാധാനത്തോടെയും നമുക്ക് കഴിച്ചുകൂട്ടാം', ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റും  ശാസ്ത്ര ഉപദേഷ്ടാവുമായ ഡോ. രാജീവ് ജയദേവന്‍ പറയുന്നു. വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുക എന്നതാണ് ഏറെ ശ്രദ്ധിക്കേണ്ട കാര്യമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

ശതമാനം എന്നത് കേവല സംഖ്യയ്ക്ക് തുല്യമല്ല. കൂടുതല്‍ ആളുകള്‍ക്ക് വാക്സിനേഷന്‍ ലഭിക്കുമ്പോള്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടവരുടെ  എണ്ണം കുറയും. എന്നാല്‍ വാക്സിനേഷന്‍ കുറഞ്ഞാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടവരുടെ എണ്ണം ഉയരും. ടിപിആര്‍ എന്താണെന്നറിയാത്ത പലരും കേരളത്തെ തള്ളിപ്പറയുന്നുണ്ട്. 10% എന്നു പറഞ്ഞാല്‍ പത്തില്‍ ഒരാള്‍ക്ക് കോവിഡ് ഉണ്ട് എന്ന് അനവധി പേര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് ബോധവല്‍ക്കരണത്തിന്റെ കുറവു കൊണ്ടല്ല. മോബ് സൈക്കോളജിയാണ് ഇതിനു കാരണം, ഡോ. രാജീവ് പറയുന്നു.

'വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ കൊല്ലാന്‍ ശക്തിയുള്ള ഈ വൈറസ് ജലദോഷ പനിയുടെ നിലയിലേക്ക് എത്തും. അതായത് തികഞ്ഞ നിയന്ത്രണത്തിലാവും. ആളുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങുമ്പോള്‍ തീര്‍ച്ചയായും രോഗ വ്യാപനം ഉണ്ടാകും. അതുകൊണ്ടു തന്നെ മൂന്നാം തരംഗം നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ രോഗ തീവ്രത അത്ര കഠിനമാകില്ല. ഓണക്കാലം വളരെ ശ്രദ്ധയോടെ തന്നെ ആഘോഷിക്കേണ്ടിയിരിക്കുന്നു.' തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസറായ ഡോക്ടര്‍ ടി.എസ്. അനീഷ് അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്. 

'ഈ ഓണക്കാലത്തു രണ്ടാം തരംഗം തുടരുകയോ മൂന്നാം തരംഗം രൂപപ്പെടുകയോ ചെയ്തേക്കാം. എന്നാല്‍ നമ്മുടെ ആരോഗ്യ പരിപാലന രംഗം അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകളിലാണ്‌.  ഐസിയു ബെഡുകള്‍, ഓക്‌സിജന്‍ സൗകര്യങ്ങള്‍ എല്ലാം തന്നെ ആവശ്യത്തിനുണ്ട്. വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുകയും കൂടി ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ സുരക്ഷിതമായി', ഡോക്ടര്‍ അരുണ്‍ മംഗലത്തു പറഞ്ഞു. ഒരു കൂട്ടം ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ആരംഭിച്ച ഇന്‍ഫോ ക്ലിനിക്കിലെ മെഡിക്കല്‍ കണ്‍സള്‍ട്ടന്റാണ് അദ്ദേഹം. 

ഇതിനകം സംസ്ഥാനത്തെ  ജനസംഖ്യയുടെ 35 ശതമാനത്തോളം പേരെ വാക്സിനേറ്റ് ചെയ്തുകഴിഞ്ഞു. രോഗ പ്രതിരോധത്തിനായുള്ള സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കാന്‍ സമൂഹത്തില്‍ കുറഞ്ഞത് 60% പേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കേണ്ടതുണ്ട്. അതായത് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടതുണ്ട്. അതിനൊപ്പം നിയന്ത്രണങ്ങളും കര്‍ശനമായി തുടരണം. 

സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കൊപ്പം സാമൂഹ്യ അകലവും മാസ്‌ക്ക് ധരിക്കലും ഒത്തുകൂടല്‍ ഒഴിവാക്കലും അടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങളും ഒപ്പം നിന്നാലേ ഈ ഓണം നമുക്ക് സുരക്ഷിതമായി, ആശങ്കകളേതുമില്ലാതെ ആഘോഷിക്കാനാവൂ.

content highlights: the rise of new covid cases in kerala is worrying