ഓലയ്ക്കിടയിൽ ഒളിച്ചുകളി, സീൻ 1 അനുനയം; അർധരാത്രിയിൽ നിലംതൊട്ട് രാധാകൃഷ്ണൻ; ക്ലൈമാക്സിലൊരു ട്വിസ്റ്റ്


മദ്യപാന ചികിത്സയ്ക്കു കൊണ്ടുപോകാൻ ആംബുലൻസെത്തിയതുകണ്ട് രക്ഷപ്പെടാൻ തെങ്ങിൽ കയറിയതായിരുന്നു രാധാകൃഷ്ണൻ. നാലുവർഷം മുമ്പ് നരിയാപുരത്ത് തെങ്ങിൽകയറി രണ്ട് മണിക്കൂർ ഇരുന്നശേഷം താഴെയെത്തിയ ആ പഴയ രാധാകൃഷ്ണനെ അഗ്നിരക്ഷാസേന മറന്നിട്ടുണ്ടായിരുന്നില്ല.

തെങ്ങിന്റെ മുകളിലിരിക്കുന്ന രാധാകൃഷ്ണനെ അനുനയിപ്പിച്ച് താഴെയിറക്കാനായി നടത്തിയ ശ്രമം, താഴെയെത്താറായശേഷം വീണ്ടും തിരികെ കയറാൻ ശ്രമിച്ച രാധാകൃഷ്ണനെ നാട്ടുകാരിൽ ചിലർ വലിച്ച് താഴെയിറക്കുന്നു

പന്തളം: ഞായറാഴ്ച ഉച്ചയ്ക്ക് 2.25-ന് അടൂർ അഗ്നിരക്ഷാസേനയുടെ ഓഫീസിലേക്കൊരു ഫോണെത്തി. മനു എന്നയാളായിരുന്നു മറുപുറത്ത്, പന്തളത്ത് തകിടിമുക്കിൽ ഒരാൾ തെങ്ങിന് മുകളിൽ ഏറെ നേരമായി കയറിയിരിക്കുന്നു എന്നായിരുന്നു സന്ദേശം. വൈകിയില്ല, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സി.റെജികുമാറിന്റെ നേതൃത്വത്തിൽ ഡ്രൈവർമാരുൾപ്പെടെ ഒൻപതംഗസേന അരയുംതലയും മുറുക്കി സർവ സന്നാഹങ്ങളുമായി പന്തളത്തേക്ക്. കടയ്ക്കാട് വടക്ക് സ്വദേശിയായ പുത്തേയത്ത് പടിഞ്ഞാറ്റേതിൽ രാധാകൃഷ്ണൻ(38) 85 അടി ഉയരമുള്ള അടുത്തവീട്ടിലെ തെങ്ങിന്റെ മുകളിലിരിക്കുന്നു. തെങ്ങുകയറ്റക്കാരനായതിനാൽ കയറാനും ഇരിക്കാനും നല്ലപരിചയം, തോർത്തുപയോഗിച്ച് തെങ്ങുമായി ബന്ധിച്ച് ഓലമടലുകൾക്കിടയിൽ സുരക്ഷിതനായി ഇരിക്കുന്നു. കൈയിൽ ചെറിയ കത്തിയും ഷേവിങ് സെറ്റും ബ്ലേഡും കരുതിയിട്ടുണ്ട്. മദ്യപാന ചികിത്സയ്ക്കു കൊണ്ടുപോകാൻ ആംബുലൻസെത്തിയതുകണ്ട് രക്ഷപ്പെടാൻ തെങ്ങിൽ കയറിയതായിരുന്നു രാധാകൃഷ്ണൻ. നാലുവർഷം മുമ്പ് നരിയാപുരത്ത് തെങ്ങിൽകയറി രണ്ട് മണിക്കൂർ ഇരുന്നശേഷം താഴെയെത്തിയ ആ പഴയ രാധാകൃഷ്ണനെ അഗ്നിരക്ഷാസേന മറന്നിട്ടുണ്ടായിരുന്നില്ല.

സീൻ ഒന്ന് അനുനയം: സാധാരണ എല്ലായിടവും ചെയ്യാറുള്ളതുപോലെ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങി. വീട്ടുകാരെയും നാട്ടുകാരെയുംകൊണ്ട് പലതവണ വിളിപ്പിച്ചു, പരാജയമായിരുന്നു ഫലം. ബ്ലേഡും കത്തിയും കൈയിൽ ഉള്ളതിനാൽ ഭീഷണിപ്പെടുത്തിയോ ബലം പ്രയോഗിച്ചോ ഇറക്കുക അസാധ്യമാണെന്ന് മനസ്സിലാക്കി. വിവരം ഡി.എഫ്.ഒ., തഹസിൽദാർ എന്നിവരെ അറിയിച്ചു. ഇതിനിടെ പത്തനംതിട്ടയിൽ നിന്നുമുള്ള അഗ്നിരക്ഷാസേനാ വിഭാഗവും സഹായത്തിനെത്തി. താഴെവീണ് പരിക്കേൽക്കാതിരിക്കാൻ തെങ്ങിന് ചുറ്റും വലകെട്ടി സുരക്ഷിതമാക്കി. ഗോവണിയും സ്ഥാപിച്ചു.

സീൻ രണ്ട് ഭീഷണി: ഭാര്യവീട്ടുകാരെത്തിയാൽ ഇറങ്ങാമെന്നും സ്ഥലത്തെത്തിയ ആളുകളെല്ലാം ഒഴിഞ്ഞാൽ ഇറങ്ങാമെന്നുമൊക്കെ പറഞ്ഞതിനെത്തുടർന്ന് ഇതെല്ലാം ചെയ്‌തെങ്കിലും യുവാവ് നിലപാട് മാറ്റി. 9.30-ന് മറ്റൊരാൾ തെങ്ങിൽകയറി അനുനയിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, ചാടുമെന്ന ഭീഷണിയായിരുന്നു മറുപടി. ഇതോടെ ഈ ശ്രമവും ഉപേക്ഷിച്ചു.

സീൻ മൂന്ന് നെല്ലിപ്പലക: ഇതിനിടെ കരിക്ക് പിരിച്ച് കടിച്ച് തൊണ്ട് മാറ്റി കുടിച്ച് രാധാകൃഷ്ണൻ ക്ഷീണം അകറ്റുന്നുണ്ടായിരുന്നു. ഉച്ചമുതൽ അപകടമുണ്ടാകാതെ കാത്തിരിക്കുന്ന അഗ്നിരക്ഷാസേനയും നാട്ടുകാരും ക്ഷമയുടെ നെല്ലിപ്പലകകണ്ടു. ഒടുവിൽ വിദഗ്‌ധനായ തെങ്ങ് കയറ്റക്കാരനെ നരിയാപുരത്തുനിന്നു എത്തിച്ച് തെങ്ങിൽ കയറ്റി, സുരക്ഷിതമായുള്ള രാധാകൃഷ്ണന്റെ ഇരിപ്പിടം തകർത്തു. ഓലമടൽ വെട്ടിയും അടർത്തിമാറ്റിയുമാണ് ഇത് സാധിച്ചത്.

ക്ലൈമാക്സിലൊരു ട്വിസ്റ്റ്: പലശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് അഗ്നിരക്ഷാസേന വെള്ളം ശക്തിയായി പമ്പുചെയ്ത് താഴെയിറക്കാൻ അവസാനശ്രമം നടത്തിയത്. വെള്ളം ചീറ്റിയടിച്ചശേഷം ലൈറ്റുകൾ കെടുത്തിയതോടെയാണ് എല്ലാവരും പോയെന്ന് കരുതി രാധാകൃഷ്ണൻ താഴേക്കിറങ്ങിയത്. കുറച്ച് താഴെയെത്തിയപ്പോൾ ആളുകളെ കണ്ട് തിരികെ കയറാൻ തുടങ്ങിയെങ്കിലും നാട്ടുകാരിൽ ചിലർ ബലംപ്രയോഗിച്ച് വലിച്ച് താഴെ ഇടുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി അഗ്നിരക്ഷാസേന മടങ്ങുമ്പോൾ സമയം തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടടുത്തിരുന്നു.

ഔദ്യോഗിക ജീവിതത്തിൽ ആദ്യം

26 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ പല ശ്രമകരമായ കാര്യങ്ങളിലും അത്യാഹിതങ്ങളിലും രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയം മണിക്കൂർ നേരത്തെ തുടർച്ചയായുള്ള കാത്തിരിപ്പ് ഇതാദ്യമായിട്ടാണ്. സാധാരണ ഗതിയിൽ അനുനയിപ്പിക്കലിലൂടെ ആളുകൾ താഴെയിറങ്ങുന്ന രീതിയാണുള്ളത്. സമയം എടുത്തെങ്കിലും ഒരു പോറൽപോലുമേൽക്കാതെ ഇയാളെ താഴെയിറക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. നാട്ടുകാരും പോലീസും നന്നായി സഹകരിച്ചു. സഹപ്രവർത്തകരായ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നിയാസുദ്ദീൻ, ഫയർ ഓഫീസർമാരായ ഷാജു, സാബു, സൂരജ്, പ്രജോഷ്, അനീഷ്, രവി, സുരേഷ് കുമാർ എന്നിവരും പത്തനംതിട്ട അസി. സ്റ്റേഷൻ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള യൂണിറ്റും ഒത്തുചേർന്ന് പ്രവർത്തിച്ചു.

കെ.സി.റെജികുമാർ
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ, അടൂർ

Content Highlights: the person climb coconut tree while ambulance reached his home


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented