കൊച്ചി: തർക്കം നിലനിൽക്കുന്ന കോതമംഗലം ചെറിയ പള്ളി കേന്ദ്ര സേനയെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കുന്നത് നിർത്തിവയ്ക്കാൻ ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ജനുവരി എട്ടിനകം പള്ളി സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ സിആർപിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്നായിരുന്നു നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ഇതാണിപ്പോൾ ഡിവിഷൻ ബെഞ്ച് താത്‌കാലികമായി തടഞ്ഞത്. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു.
സിആർപിഎഫിനെ ഉപയോഗിച്ച് വിധി നടപ്പാക്കിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. കോടതിയെ വെല്ലുവിളിക്കുന്നില്ല. പ്രശ്നം രണ്ടുകൂട്ടർക്കിടയിലും രമ്യമായി പരിഹരിക്കുന്ന നടപടികൾ സ്വീകരിച്ചു വരുകയാണ്. ഇതിനായി മൂന്ന് മാസത്തെ സമയം വേണമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
പ്രശ്നം രമ്യമായി പരിഹരിക്കുകയാണ് ഉദ്ദേശമെന്ന് കേന്ദ്രസർക്കാരും കോടതിയെ അറിയിച്ചു. 15ന് കോടതി കേസ് വീണ്ടും പരിഗണിക്കും.
content highlights:the order to take over Kothamangalam church was stayed by division bench