തോമസ് ഐസക്ക് | Photo: Mathrubhumi
കൊച്ചി: മസാല ബോണ്ട് കേസിൽ വിദേശനാണയ നിയന്ത്രണചട്ടം(ഫെമ) ലംഘിച്ചെന്ന് തെളിഞ്ഞാൽ കിഫ്ബി പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാകും. പിഴയായി മാത്രം 6,450 കോടി രൂപ കിഫ്ബി നൽകേണ്ടിയും വരും. കേസിന്റെ പ്രാഥമിക മൊഴിയെടുപ്പ് പൂർത്തിയായാൽ മസാലബോണ്ടിൽ നിക്ഷേപമിറക്കിയവരുടെ സമ്പത്തിന്റെ ഉറവിടം തേടുന്നതിലേക്ക് ഇ.ഡി. തിരിയും.
കിഫ്ബിയിലൂടെയാണ് സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളിലേറെയും എന്നതിനാൽ സംസ്ഥാന സർക്കാരിനെ അതിഗുരുതമായി ബാധിക്കുന്ന കേസായി ഇത് മാറാം. മുൻ ധനമന്ത്രി തോമസ് ഐസക് ഇ.ഡി.ക്ക് മുന്നിൽ ഹാജരാകാനുള്ള നോട്ടീസിനോട് പ്രതികരിച്ചില്ലെങ്കിൽ ഒരിക്കൽ കൂടി നോട്ടീസ് അയക്കാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്.
6450 കോടിരൂപവരെ പിഴചുമത്താം
സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കാനായി കേരള അടിസ്ഥാനസൗകര്യ നിേക്ഷപഫണ്ട് നിയമപ്രകാരം സ്ഥാപിതമായ ധനകാര്യ ബോർഡ് കോർപറേറ്റാണ് കിഫ്ബി. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെ 2019 മേയ് 17-ന് മസാല ബോണ്ടുകൾ വിതരണംചെയ്തു. 7.23 ശതമാനം പലിശയ്ക്കു 2,150 കോടി രൂപയാണു ഇങ്ങനെ സമാഹരിച്ചത്. ഇതിൽ സി.എ.ജി. ക്രമക്കേട് കണ്ടെത്തിയതോടെ മസാലബോണ്ട് വിവാദത്തിലായി. പിന്നാലെയാണ് ഇ.ഡി. കേസെടുത്തത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട തുകയുടെ മൂന്നിരട്ടിവരെ പിഴയായി ഈടാക്കാമെന്നാണ് ഫെമ നിയമത്തിലെ സെക്ഷൻ 13-ൽ വ്യവസ്ഥ ചെയ്യുന്നത്. അങ്ങനെയെങ്കിൽ ചുമത്താവുന്ന പരമാവധി പിഴത്തുക 6,450 കോടിരൂപയാണ്.
വിദേശവായ്പയെക്കുറിച്ചും അന്വേഷിക്കും
വിദേശ വായ്പയെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. രാജ്യത്തിനുള്ളിൽ നിന്നു മാത്രമേ സഞ്ചിതനിധി സെക്യൂരിറ്റിയായി നൽകി വായ്പയെടുക്കാനാകു. ഇതിനുവേണ്ടി സംസ്ഥാനം നിയമം നിർമിക്കണം. കിഫ്ബിപോലുള്ള കോർപറേറ്റ് സംവിധാനത്തിലൂടെയും ഇപ്രകാരം വിദേശവായ്പ എടുക്കാനാകില്ലെന്ന് സി.എ.ജി. കണ്ടെത്തിരുന്നു. ഇതും ഇ.ഡി.യുടെ കേസിന്റെ അടിസ്ഥാനമാവും. എന്നാൽ വ്യക്തികൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ, ബോഡി കോർപറേറ്റുകൾ, കമ്പനികൾ എന്നിവയ്ക്ക് വിദേശവായ്പ വാങ്ങുന്നതിനായി തടസ്സമില്ല എന്ന ഭരണഘടനയിലെ വാചകങ്ങളാണ് കിഫ്ബിയെ ന്യായീകരിക്കാൻ സംസ്ഥാനം ഉന്നയിക്കുന്നത്.
Content Highlights: kiifb, thomas isaac, masala bond


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..