ലഖ്‌നൗ: ഡിസംബര്‍ 19ന് ലഖ്‌നൗവിലുണ്ടായ പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളും മേല്‍വിലാസവും രേഖപ്പെടുത്തിയ ഹോര്‍ഡിങ് നഗരമധ്യത്തില്‍ പ്രദര്‍ശിപ്പിച്ച് ലഖ്‌നൗ ജില്ലാഭരണകൂടം. ഷിയ പുരോഹിതന്‍ മൗലാന സെയ്ഫ് അബ്ബാസ്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥര്‍ എസ്.ആര്‍.ദരപുരി, കോണ്‍ഗ്രസ് നേതാവ് സദഫ് ജാഫര്‍ എന്നിവരുള്‍പ്പടെ 53 പേരുടെ ചിത്രങ്ങളും പേരുവിവരങ്ങളുമാണ് ഹോര്‍ഡിങ്ങിലുള്ളത്. 

സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടയില്‍ അക്രമം നടത്തിയവരില്‍ ജില്ലാ ഭരണകൂടം തിരിച്ചറിഞ്ഞവരുടെ ചിത്രങ്ങളാണ് നഗരത്തില്‍ പലഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഹോര്‍ഡിങ്ങിലുള്ളതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് പ്രകാശ് അറിയിച്ചു. ഇത്തരത്തില്‍ നൂറ് ഹോര്‍ഡിങ്ങുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ എന്തിനാണ് ഇവരുടെ ഫോട്ടോയും പേരുവിവരവും പ്രദര്‍ശിപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നോട്ടീസും ജില്ലാ ഭരണകൂടം അയച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിക്കുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനാണ് തീരുമാനം. 

സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ 1.55 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ലഖ്‌നൗ ഭരണകൂടം കണക്കാക്കിയിരിക്കുന്നത്. ഥാക്കുര്‍ഗഞ്ചില്‍ നിന്നുള്ള പത്തുപേര്‍, ഖെയിസര്‍ബാഗില്‍ നിന്നുള്ള ആറുപേര്‍ എന്നിവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. 

Content Highlights:The Lucknow district administration put up hoardings with photos and addresses of anti-CAA protesters