-
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം കൂട്ടാറിന് സമീപം അല്ലിയാറില്‍ പാറമടയ്‌ക്കെതിരെ പ്രതിഷേധിച്ച നാട്ടുകാരെ കമ്പംമേട്ട് സി.ഐ മര്‍ദ്ദിച്ചെന്ന് പരാതി. മര്‍ദനമേറ്റ വയോധിക ഉള്‍പ്പടെ ആറുപേര്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പാറമടയ്‌ക്കെതിരെ നാട്ടുകാര്‍ വാഹനം തടഞ്ഞ് പ്രതിഷേധിച്ചത് പോലീസും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
പത്തുമെട്രിക് ടണ്‍ കല്ലുമാത്രം ഖനനം ചെയ്യാനാണ് പാറമടയ്ക്ക് അനുമതിയുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ രാവിലെ അഞ്ചുമണിക്ക് ഖനനവും കല്ലുനീക്കലും ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാവിലെ അഞ്ചരയ്ക്ക് നാട്ടുകാര്‍ പാറമടയില്‍ നിന്ന് കല്ല് കൊണ്ടുവന്ന വാഹനം തടഞ്ഞിട്ടത്. തുടര്‍ന്ന് പോലീസ് നാട്ടുകാരുമായി നടത്തിയ അനുനയചര്‍ച്ചയ്ക്ക് ഒടുവില്‍ സ്‌കൂള്‍ സമയമായ പത്തുമണിക്ക് ശേഷം കല്ലുകൊണ്ടുപോവാന്‍ അനുവദിക്കാമെന്ന് നാട്ടുകാര്‍ സമ്മതിച്ചു.
ഇതിനിടയില്‍ സംഭവ സ്ഥലത്തെത്തിയ കമ്പമേട്ട് സിഐ നാട്ടുകാര്‍ക്ക് നേരെ അധിക്ഷേപ വാക്കുകള്‍ ചൊരിയുകയും ചിലരുടെ മുഖത്തടിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം പ്രതിരോധം സൃഷ്ടിച്ചു. ചിലരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.
അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയിലും സി ഐ മര്‍ദനം തുടര്‍ന്നുവെന്നാണ് ആരോപണം. വയോധിക ഉള്‍പ്പടെ നാട്ടുകാരില്‍ ആറുപേര്‍ക്കാണ് പരിക്കേറ്റത്. സമരം തുടരാന്‍ തന്നെയാണ് നാട്ടുകാരുടെ തീരുമാനം.
Content Highlights: The locals, who were protesting against the rock cliff, were beaten up by the CI
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..