മണ്ണിടിച്ചിൽ ഭീഷണിയുളള കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേഭാഗം
വടക്കഞ്ചേരി : വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാന്‍ ഇടത് തുരങ്കത്തിലുണ്ടായ ചോര്‍ച്ച തുടര്‍ന്നാല്‍ അപകടമെന്ന് തുരങ്കംനിര്‍മിച്ച കരാര്‍കമ്പനി പ്രഗതി. ചോര്‍ച്ചയുള്ള ഭാഗം ക്രമേണ അടര്‍ന്ന് കല്ല് താഴേക്കുവീഴാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. തുരങ്കത്തിനുള്ളില്‍ നേരിയകനത്തില്‍ സിമന്റ് മിശ്രിതം സ്പ്രേചെയ്ത ഭാഗങ്ങളിലാണ് ചോര്‍ച്ച രൂപപ്പെട്ടിട്ടുള്ളത്. ഉരുക്കുപാളികള്‍ ഘടിപ്പിച്ച് ഒരുമീറ്റര്‍ കനത്തിലുള്ള കോണ്‍ക്രീറ്റിങ്ങാണ് (ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങ്) തുരങ്കത്തിനുള്ളില്‍ ചെയ്യേണ്ടിയിരുന്നതെന്ന് പ്രഗതിയുടെ പി.ആര്‍.ഒ. വി. ശിവാനന്ദന്‍ പറഞ്ഞു. കുറച്ചുഭാഗങ്ങളില്‍ മാത്രമാണ് ഇത് ചെയ്തിട്ടുള്ളത്. പാറയ്ക്ക് ബലമുണ്ടെന്ന് ചൂണ്ടിക്കാട്ടി ആറുവരിപ്പാതാ മുഖ്യ കരാര്‍കമ്പനിയായ കെ.എം.സി. പല ഭാഗങ്ങളിലും ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങ് ഒഴിവാക്കുകയായിരുന്നു.
തുരങ്കം ഗതഗാതത്തിന് തുറക്കുംമുമ്പ് തന്നെ പലസ്ഥലങ്ങളിലും ചോര്‍ച്ചയുണ്ടായെങ്കിലും ഇവിടങ്ങളില്‍ ദ്വാരങ്ങളിട്ട് പൈപ്പ് വഴി വെള്ളം ചാലിലേക്ക് ഒഴുക്കുകയായിരുന്നു. മഴ ശക്തിപ്പെട്ടതോടെ ദ്വാരങ്ങളിട്ട സ്ഥലങ്ങള്‍ക്കുപുറമേ പലഭാഗങ്ങളില്‍നിന്നും വെള്ളം കിനിഞ്ഞിറങ്ങുകയാണ്. ചോര്‍ന്നിറങ്ങുന്ന വെള്ളം ലൈറ്റ് ഘടിപ്പിച്ചിട്ടുള്ള പാനലിലേക്കും വയറിങ് കടന്നുപോകുന്ന ഭാഗത്തേക്കും വീഴുന്നുണ്ട്. ഇത് വൈദ്യുത തകരാറുകള്‍ക്കും വഴിവെച്ചേക്കും.
ആശങ്കവേണ്ടെന്ന് കെ.എം.സി.
ചോര്‍ച്ചയില്‍ ആശങ്കവേണ്ടെന്നും വലതുതുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്ത ശേഷം ഇടതുതുരങ്കത്തില്‍ പൂര്‍ണമായി ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങ് നടത്തുമെന്നും കെ.എം.സി. അധികൃതര്‍ പറഞ്ഞു. ചോര്‍ച്ചയുള്ള ഭാഗങ്ങള്‍ പരിശോധിച്ചശേഷം അപകടസാധ്യതയുണ്ടെങ്കില്‍ ഇവിടങ്ങളില്‍ ദ്വാരങ്ങളിട്ട് പൈപ്പ് വഴി വെള്ളം ചാലിലേക്ക് ഒഴുക്കുന്നതിനുള്ള ക്രമീകരണം ചെയ്യുമെന്ന് കെ.എം.സി. അധികൃതര്‍ പറഞ്ഞു.
തുരങ്കത്തിനുപുറത്ത് മണ്ണിടിച്ചിലിനും സാധ്യത
തുരങ്കത്തിന്റെ കിഴക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും പ്രഗതികമ്പനി അധികൃതര്‍ പറയുന്നു. കിഴക്കുഭാഗത്ത് തുരങ്കത്തിനുമുകളില്‍ മണ്ണിടിച്ചില്‍ തടയാനായി ചെയ്തിട്ടുള്ള കോണ്‍ക്രീറ്റിങ് സുരക്ഷിതമല്ലെന്ന് പ്രഗതി ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായുള്ള മഴയില്‍ മണ്ണ് തള്ളിയാല്‍ ഒന്നാകെ ഇടിഞ്ഞ് താഴേക്ക് പതിക്കും. മലമുകളില്‍ നിന്ന് വെള്ളം തുരങ്കമുഖത്തേക്ക് നേരിട്ട് ഒഴുകിയിറങ്ങുന്നത് തടയുന്നതിനുള്ള ക്യാച്ച് വാട്ടര്‍ ഡ്രെയിനേജ് സംവിധാനവും ചെയ്തിട്ടില്ല. ഇരുവശത്തിലൂടെയും ചാല്‍നിര്‍മിച്ച് വെള്ളം ഇതുവഴി താഴേക്കൊഴുക്കുന്നതാണ് ക്യാച്ച് വാട്ടര്‍ ഡ്രെയിനേജ് സംവിധാനം.
കുതിരാന്‍ തുരങ്കത്തിലെ ചോര്‍ച്ച: തെന്നിവീഴാതിരിക്കാന്‍ നടപടി
കുതിരാന്‍ : കനത്തമഴയെത്തുടര്‍ന്ന് കുതിരാന്‍ തുരങ്കത്തിനുള്ളില്‍ വെള്ളം ഊര്‍ന്നിറങ്ങി റോഡില്‍ തെന്നിവീഴാതിരിക്കാന്‍ നടപടികളാരംഭിച്ചു. ഊര്‍ന്നിറങ്ങുന്ന വെള്ളവും ചെളിയും കെട്ടിക്കിടന്ന് ഇരുചക്രവാഹനങ്ങള്‍ക്ക് അപകടഭീഷണിയുണ്ടാകാതിരിക്കാനാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. ചോര്‍ച്ചയുള്ള ഭാഗങ്ങളില്‍ ഓരോ നാലുമണിക്കൂര്‍ കൂടുമ്പോഴും വെള്ളം പൂര്‍ണമായും തുടച്ചുമാറ്റും. രണ്ടാമത്തെ തുരങ്കത്തില്‍ കമാനാകൃതിയില്‍ ഉരുക്കുപാളികള്‍ ഘടിപ്പിച്ചു. കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒന്നാമത്തെ തുരങ്കത്തിലും സമാനമായ പണികള്‍ ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ ചോര്‍ച്ചയ്ക്ക് ശാശ്വതപരിഹാരമാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
മദ്രാസ് ഐ.ഐ.ടി.യില്‍നിന്നുള്ള വിദഗ്ധസംഘം കുതിരാനില്‍ പരിശോധന നടത്തിയശേഷം അവരുടെ നിര്‍ദേശപ്രകാരം മലമുകളില്‍നിന്ന് കിനിഞ്ഞിറങ്ങുന്ന വെള്ളം വിവിധ സ്ഥലങ്ങളില്‍ ദ്വാരങ്ങള്‍ നിര്‍മിച്ച് പൈപ്പ് ഘടിപ്പിച്ച് അഴുക്കുചാലില്‍ എത്തിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സുരക്ഷയെപ്പറ്റി ആശങ്കയില്ലെന്ന് ദേശീയപാത അധികൃതരെ അറിയിച്ചതായും കമ്പനിവക്താക്കള്‍ പറഞ്ഞു. രണ്ടാമത്തെ തുരങ്കത്തില്‍ ഉരുക്കുപാളികള്‍ ഘടിപ്പിച്ച് കോണ്‍ക്രീറ്റിങ് നടത്തുന്ന പണികള്‍ 95 മീറ്റര്‍ മാത്രമാണ് ബാക്കിയുള്ളത്. ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. എന്നാല്‍, നിരന്തരം വെള്ളം ഊര്‍ന്നിറങ്ങുന്നത് തുരങ്കത്തിന്റെ ബലത്തിന് ഭീഷണിയാകുമോയെന്നതില്‍ വിദഗ്ധപരിശോധന നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കിഴക്കുഭാഗത്ത് ഷോര്‍ട്ട് കോണ്‍ക്രീറ്റിങ് നടത്തി മലയുറപ്പിച്ച ഭാഗത്തിന്റെ ഒരിടത്ത് കോണ്‍ക്രീറ്റ് അടര്‍ന്നതും ചെറിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. കമ്പനിയുടെ വിദഗ്ധതൊഴിലാളികള്‍ നിലവില്‍ കുതിരാനില്‍ത്തന്നെയുള്ളതിനാല്‍ അടിയന്തരസാഹചര്യങ്ങളുണ്ടായാല്‍പോലും ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlights: The leak in the kuthiran tunnel is dangerous, construction company itself is on the scene with
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..