വി.എസ് അച്യുതാന്ദൻ, പി.എം.എ സലാം
തിരുവനന്തപുരം: വിവാദ സിനിമ ദി കേരളാ സ്റ്റോറിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടി സിപിഎമ്മിനെതിരേ വിമർശനവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം. കേരളത്തെ ഇസ്ലാമിക രാജ്യമാക്കാന്‍ വേണ്ടി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാനായി അവരിലെ ചെറുപ്പക്കാര്‍ പണിയെടുക്കുന്നുണ്ടെന്നും വി.എസ് 13 വർഷം മുൻപ് നടത്തിയ പ്രസ്താവനയെയാണ് സിനിമ അടിസ്ഥാനമാക്കുന്നതെന്നും ആ നിലപാടിൽ സി.പി.എം ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നും പി.എം.എ സലാം ചോദിച്ചു.
വി.എസ്സിന്റെ പ്രസ്താവനയെ സി.പി.എം തള്ളിപ്പറയാത്തതുകൊണ്ട് വലിയ പ്രത്യാഘാതമാണ് സമൂഹത്തിലുണ്ടായതെന്നും ഇനിയെങ്കിലും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സി.പി.എം തയ്യാറാകണമെന്നും സലാം പറഞ്ഞു. മതസ്പര്‍ധയുണ്ടാക്കുന്ന ഈ സിനിമയുടെ പ്രദര്‍ശനത്തിന് അനുമതി നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുറിപ്പിന്റെ പൂര്‍ണരൂപം
മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ 2010ല്‍ നടത്തിയ പ്രസ്താവനയെ ഉദ്ധരിച്ച് പുറത്തിങ്ങാന്‍ പോകുന്ന സംഘ്പരിവാര്‍ അനുകൂല സിനിമ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സാഹചര്യത്തില്‍ ആ അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് സി.പി.എം വ്യക്തമാക്കേണ്ടതുണ്ട്. 20 വര്‍ഷം കൊണ്ട് കേരളത്തെ ഇസ്ലാമിക രാജ്യമാക്കാന്‍ വേണ്ടി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാനായി അവരിലെ ചെറുപ്പക്കാര്‍ പണിയെടുക്കുന്നുണ്ടെന്നുമാണ് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് വി.എസ് പറഞ്ഞത്. കേരളത്തെ തീവ്രവാദത്തിന്റെ കേന്ദ്രമായും ഐ.എസ് റിക്രൂട്ട്‌മെന്റ് സെന്ററായും അവതരിപ്പിക്കുന്ന കേരള സ്റ്റോറി എന്ന സംഘ്പരിവാര്‍ സ്‌പോണ്‍സേഡ് സിനിമയില്‍ ഈ വാദം സമര്‍ത്ഥിക്കാന്‍ വേണ്ടി വി.എസിന്റെ പ്രസ്താവനയെ ആണ് ആശ്രയിച്ചിരിക്കുന്നത്.
ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതായിരുന്നു വി.എസിന്റെ പ്രസ്താവന. സംഘ്പരിവാര്‍ പ്രൊപ്പഗണ്ടയെ ഔദ്യോഗികമായി അവതരിപ്പിക്കുകയാണ് വി.എസ് അച്യുതാനന്ദന്‍ ചെയ്തത്. ലൗ ജിഹാദ് സമര്‍ത്ഥിക്കാന്‍ വേണ്ടി കഴിഞ്ഞ കുറേ കാലമായി സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വി.എസ്സിന്റെ ഈ പ്രസ്താവനയെ ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ 33,000 പെണ്‍കുട്ടികളെ കേരളത്തില്‍നിന്ന് കാണാതായി എന്ന നുണക്കഥ പറഞ്ഞുകൊണ്ടാണ് സിനിമ പുറത്തിറങ്ങുന്നത്. ഈ സിനിമയുടെ ട്രെയിലറിലും വി.എസ്സിനെയാണ് ഔദ്യോഗിക സ്രോതസ്സായി ഉയര്‍ത്തിക്കാട്ടുന്നത്. വി.എസ്സിന്റെ പ്രസ്താവനയെ സി.പി.എം തള്ളിപ്പറയാത്തത് കൊണ്ട് വലിയ പ്രത്യാഘാതമാണ് സമൂഹത്തിലുണ്ടായത്. ഇനിയെങ്കിലും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സി.പി.എം തയ്യാറാവണം. മതസ്പര്‍ധയുണ്ടാക്കുന്ന ഈ സിനിമയുടെ പ്രദര്‍ശനത്തിന് അനുമതി നല്‍കരുത്.
സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ദ കേരള സ്റ്റോറി' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തതിന് പിന്നാലെ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. ഇതിനെതിരേ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.
Content Highlights: the kerala story, controversey, pma salam against vs achuthanandans remark and cpm
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..