-
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തം സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകള്‍ കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിലെ എല്ലാ വകുപ്പുകളിലേയും ഫയലുകള്‍ ഇ-ഫയലുകളായി സൂക്ഷിക്കുന്നുണ്ടെന്നാണ് മന്ത്രിമാര്‍ പറയുന്നത്.
ഏതു കടലാസ് സെക്രട്ടേറിയറ്റില്‍ വന്നാലും അത് സ്കാന്‍ ചെയ്ത് നമ്പറിട്ട് ബന്ധപ്പെട്ട സെക്ഷനില്‍ ഇ-ഫോര്‍മാറ്റില്‍ എത്തുകയാണ് ചെയ്യുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
സെക്രട്ടേറിയറ്റിലെ ഫയലുകളെല്ലാം ഇ-ഫയല്‍ ആണ് എന്നറിയാത്തവരല്ല പ്രതിപക്ഷ നേതാവും എം എല്‍ എ മാരും. എന്നിട്ടും തരംതാണ രാഷ്ട്രീയ കളിയാണ് നടത്തുന്നതെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
'ജനങ്ങളുടെ സമാന്യബുദ്ധിയെ വെല്ലുവിളിക്കുകയാണിവര്‍. സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ചെറിയൊരു തീപിടുത്തം നമ്മളെല്ലാം ടിവിയില്‍ കാണുന്നു. അത് സൃഷ്ടിച്ച പുകയുടെ മറവില്‍ 'സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ' എന്ന മട്ടില്‍ പ്രതിപക്ഷങ്ങള്‍ ആകെ ആഘോഷിക്കുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രേഖകള്‍ നശിച്ചുപോലും. സെക്രട്ടറിയേറ്റിലെ ഫയലുകളെല്ലാം ഇ-ഫയല്‍ ആണ് എന്നറിയാത്തവരല്ല ഇവര്‍' മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ഇ-ഫയലുകള്‍ കത്തി നശിച്ചെന്നാണ് ചെന്നിത്തലയും വി. മുരളീധരനും പറയുന്നതെന്നും ഇവരെന്താ ഇങ്ങനെയെന്നും മന്ത്രി എം.എം. മണി ചോദിച്ചു.
എന്നാല്‍ സെക്രട്ടറിയേറ്റിലെ രഹസ്യ ഫയലുകള്‍ ഇ-ഫയലുകളായി സൂക്ഷിക്കാറില്ലെന്നും ഇത്തരത്തിലുള്ള ഫയലുകളാണ് ഇപ്പോള്‍ തീ കൊടുത്ത് നശിപ്പിച്ചതെന്നുമാണ് പ്രതിപക്ഷ നേതാക്കള്‍ പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..