
ലഹരിപദാർഥ ചികിത്സാകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കാലം. മദ്യം നിർത്താൻ നിർബന്ധിതനായ കച്ചവടക്കാരനായ ഒരു അമിതമദ്യാസക്തന് കടുത്ത പിന്മാറ്റ അസ്വാസ്ഥ്യങ്ങളുണ്ടായി. അപൂർവമായി ഉണ്ടാകുന്ന ‘മായക്കാഴ്ച’ അയാളനുഭവിച്ചു. ‘‘രണ്ടുപേർ രാത്രി എന്നെ തടങ്കലിലിട്ടു. വിടില്ല ഞാനവരെ...’’ വൈകുന്നേരം ആശുപത്രിയിലെത്തിയ എന്നെ ഓടിവന്നയാൾ മാറിന് പിടിച്ചു, തൂക്കിയെടുത്തു. നാലാൾ ഇടപെട്ടാണ് രക്ഷപ്പെടുത്തിയത്.
അമിതമദ്യാസക്തരുടെ പിന്മാറ്റ അസ്വാസ്ഥ്യങ്ങളിൽ ഒന്നാണ് ‘മായക്കാഴ്ച’. അപൂർവമാണത്. മദ്യപിക്കുന്നവരിൽ 20 ശതമാനം അതിന് കീഴടങ്ങുന്നു. അമിത മദ്യാസക്തരിൽ 20-25 ശതമാനത്തിനേ കടുത്ത പിന്മാറ്റ അസ്വാസ്ഥ്യങ്ങൾ (withdrawal symptoms) ഉണ്ടാകുന്നുള്ളൂ. സാധാരണ മദ്യാസക്തരിൽ കാണുന്ന പിന്മാറ്റ അസ്വാസ്ഥ്യങ്ങൾ ഇവയാണ്.
ശാരീരികം: തലവേദന, വയറുവേദന, വിറയൽ, സന്ധിവേദന, ചൊറിച്ചിൽ, ശക്തിക്ഷയം.മാനസികം: ദേഷ്യം, വെറുപ്പ്, ശത്രുത, ഉറക്കമില്ലായ്മ, അക്രമവാസന, അടങ്ങിയിരിക്കായ്ക, മായക്കാഴ്ച.
എല്ലാ അമിതമദ്യാസക്തർക്കും പിന്മാറ്റ അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നില്ല. ചിലർക്ക് ചില അസ്വസ്ഥതകൾ ഉണ്ടാകും. അതു വ്യക്തിയുടെ പ്രാഥമികവ്യക്തിത്വം, സാമൂഹിക പദവി എന്നിവയോടും ബന്ധപ്പെട്ടുകിടക്കുന്നു. എല്ലാ പിൻമാറ്റ അസ്വാസ്ഥ്യങ്ങളും നാലോ അഞ്ചോ ദിവസംകൊണ്ട്, പരമാവധി പത്ത് ദിവസംകൊണ്ട്, നിയന്ത്രണവിധേയമാക്കാനാവും. മറ്റ് രോഗങ്ങളില്ലാത്തവരാണെങ്കിൽ സാധാരണ ഒരാശുപത്രിയിൽ നിന്നുതന്നെ പരിഹാരം കാണാനാകും.
മദ്യം ലഭിക്കാതെ വരുമ്പോൾ
• കടുത്ത അസ്വാസ്ഥ്യങ്ങളുള്ളവരെ പ്രാഥമിക ചികിത്സാകേന്ദ്രത്തിലോ, ലഹരിപദാർഥമുക്ത ചികിത്സാ കേന്ദ്രങ്ങളിലോ എത്തിക്കുക.
• കഴിയാവുന്നത്ര വെള്ളം നൽകുക, ഡീ ഹൈഡ്രേഷൻ ഒഴിവാക്കുക.
• ഡ്രിപ് നൽകുമ്പോൾ വെള്ളവും വിറ്റാമിൻ ബിയും നൽകാനാവുന്നു.
• സമീകൃതാഹാരം നൽകുക.
• ഉപദേശം, കുറ്റപ്പെടുത്തൽ, ശിക്ഷ ഒഴിവാക്കുക.
• മദ്യമോ മറ്റ് ലഹരി പദാർഥമോ നൽകരുത്.
• അസ്വസ്ഥതകൾ നിയന്ത്രണ വിധേയമാകുന്നതോടെ രോഗിക്കും കുടുംബാംഗങ്ങൾക്കും കൗൺസലിങ് നൽകുക.
• അസ്വസ്ഥതകൾ കഴിയുന്നതോടെ അമിത മദ്യാസക്തമുക്തി ലഭിക്കുന്ന ആൽക്കഹോളിക്സ് അനോനിമസ് (എ.എ.) അംഗവുമായി ബന്ധിപ്പിക്കുക.
മദ്യലഭ്യതയാണ് മദ്യപാനത്തിന്റെയും അമിത മദ്യാസക്തിയുടെയും പ്രധാന കാരണം. മദ്യലഭ്യതയില്ലാതാകുമ്പോൾ സാമൂഹികദുരന്തങ്ങളുണ്ടാകുമെന്നത് തെറ്റായ പ്രചാരണമാണ്. ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകളിൽ ക്യൂ നിൽക്കുന്നവരൊക്കെയും മദ്യം കിട്ടാതാകുമ്പോൾ അക്രമാസക്തരും അപകടകാരികളുമാകുമെന്നത് വസ്തുനിഷ്ഠാപരമായി ശരിയല്ല. മദ്യം ഉപേക്ഷിക്കുമ്പോൾ ഹാർട്ടറ്റാക്ക് വരുമെന്ന ധാരണയും ആത്മഹത്യാപ്രവണത കൂടുമെന്ന പ്രചാരണവും തെറ്റാണ്. മറ്റു രോഗങ്ങൾ ഉള്ളവരിലേ ഇത് സംഭവിക്കാനിടയുള്ളൂ. മദ്യവിൽപ്പന നിർത്തിയാൽ കള്ളവാറ്റും കൂട്ടമരണവുമുണ്ടാകണമെന്നില്ല. സത്യത്തിൽ കൊറോണക്കാലം പലർക്കും മദ്യം ഉപേക്ഷിക്കാനുള്ള ഒരു സുവർണാവസരമാണ്. ഫലപ്രദമായി ഉപയോഗിക്കുന്നുവെങ്കിൽ ശാരീരികവും മാനസികവും സാമൂഹികവുമായ വിപത്തുകളുണ്ടാക്കുന്ന ഈ സാമൂഹിക ദുരന്തത്തിന് കൊറോണക്കാലം ഗുണം ചെയ്തേക്കും.
Content Highlight: The golden opportunity to quit Alcohol


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..