തിരുവനന്തപുരം: വോട്ട് കിട്ടില്ലെന്ന് പേടിച്ച് അനാചാരങ്ങള്‍ അംഗീകരിച്ച് കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ പിന്നോട്ട് നടത്താന്‍ അനുവദിക്കില്ല. കേരളത്തെ പുരോഗമന പാതയില്‍ നയിക്കുകയാണ് ലക്ഷ്യം. ഇക്കാര്യത്തില്‍ എത്ര സീറ്റ് നഷ്ടപ്പെടുമെന്നത് പരിഗണനയിലുള്ള കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിറ്റ്‌ലറെപ്പോലെ കേരളത്തില്‍ ചേരിതിരിവ് ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം. ഇത് അനുവദിച്ചുക്കൊടുക്കില്ല. ഏത് വിശ്വാസത്തിന്റേയും ആചാരത്തിന്റേയും പേരിലായാലും അത് നീചമാണ്. ശ്രേഷ്ടനെന്നും മ്ലേച്ചനെന്നും സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിവ് ഉണ്ടാക്കുന്നു. 

മനുഷ്യരെ മനുഷ്യരായി കാണുന്നതും അവര്‍ക്കിടയില്‍ ഒരുതരത്തിലുള്ള വേര്‍തിരിവുമില്ലാത്ത ആധുനിക കേരളത്തെ നമുക്ക് ബലികൊടുക്കാനാവില്ല. ഇക്കാര്യത്തില്‍ എത്ര വോട്ടും കിട്ടുമെന്നതോ എത്ര സീറ്റ് ലഭിക്കുമെന്നതോടെ നഷ്ടപ്പെടുമെന്നതോ നമ്മുടെ പരിഗണനയില്‍ വരില്ല. കേരളത്തെ പുരോഗമന സ്വഭാവത്തില്‍ നിലനിര്‍ത്തുക എന്നത് മാത്രമെ പരിഗണിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.