കൊച്ചി:അതിഥി തൊഴിലാളികളുമായി ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്കുള്ള ട്രെയിന്‍ ആലുവയിലെത്തി. ഇന്ന് സന്ധ്യയോടെ ട്രെയിന്‍ പുറപ്പെടും. ട്രെയിനില്‍ പോകാനുള്ള തൊഴിലാളികളുടെ രജിസ്ട്രേഷനും ആരോഗ്യപരിശോധനയും പൂര്‍ത്തിയായി. 

എല്ലാ ഒരുക്കങ്ങളും സജ്ജമാക്കി കഴിഞ്ഞു. യാത്രക്കാര്‍ക്കായി ഭക്ഷണവും കുടിവെള്ളവും എത്തിച്ചിരുന്നു. വന്‍ പോലീസ് സന്നാഹം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. ട്രെയിന്‍ അഞ്ചരയോടെ പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നത്. പക്ഷേ തയ്യാറെടുപ്പുകള്‍ക്ക് കൂടുതല്‍ സമയം വേണ്ടി വന്നതിനാല്‍ പുറപ്പെടുന്ന സമയത്തില്‍ മാറ്റം വന്നു. 24കോച്ചുകള്‍ ഉണ്ട്. 34 മണിക്കൂര്‍ എടുത്ത് 1836 കിലോമീറ്റര്‍ ദൂരം പോവേണ്ട യാത്രക്കായി ആദ്യ ട്രെയിന്‍ തയ്യാറായിരിക്കുകയാണ്.

അതേസമയം പെരുമ്പാവൂരില്‍ നിന്ന് പോലീസും ആരോഗ്യപ്രവര്‍ത്തകരും പരിശോധിച്ചതിന് ശേഷം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ അതിഥി തൊഴിലാളികള്‍ മാത്രം ആലുവയില്‍ എത്തിയാല്‍ മതിയെന്ന് കൊച്ചി റേഞ്ച് ഡി.ഐ.ജി എസ്.കെ.മഹേഷ് കുമാര്‍ അറിയിച്ചു.രജിസ്‌ട്രേഷന്‍ നടത്താതെ റെയില്‍വേ സ്റ്റേഷനില്‍ അതിഥി തൊഴിലാളികള്‍ എത്തിയതിനെ തുടര്‍ന്നാണ് നിര്‍ദേശം.രജിസ്‌ട്രേഷന്‍ നടത്താതെ എത്തിയ ഇവരെ തിരിച്ചയച്ചിരുന്നു. 

'ആദ്യഘട്ടത്തില്‍ 1600 പേരെ കൊണ്ടുപോകാമെന്നാണ് കരുതുന്നത്. രജിസ്‌ട്രേഷനും ബാക്കി കാര്യങ്ങളും പൂര്‍ത്തായിയിട്ടുണ്ട്. പെരുമ്പാവൂരില്‍  റവന്യൂ, ഹെല്‍ത്ത്, പോലീസ് ഉദ്യോഗസ്ഥരാണ് അതിഥി തൊഴിലാളികളുടെ പരിശോധന നടത്തി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നത്.' ഡി.ഐ.ജി  അറിയിച്ചു

പെരുമ്പാവൂരില്‍ രജിസ്ട്രേഷന് സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് അന്തര്‍സംസ്ഥാന തൊഴിലാളികളാണ് വരി നില്ക്കുന്നുണ്ടായത്. രജിസ്ട്രേഷന്‍ പൂര്‍ത്തിയായ തൊഴിലാളികളെ പെരുമ്പാവൂരില്‍ നിന്ന് പ്രത്യേക കെഎസ്ആര്‍ടിസി ബസുകളില്‍ ആലുവയില്‍ എത്തിക്കാനാണ് തീരുമാനം. 

Content Highlights: The first train will leave today with migrant workers