തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനക്കേസില്‍ വിശദീകരണവുമായി ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസിന്റെ വീഡിയോ പുറത്തുവന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് യൂ ട്യൂബിലൂടെ പുറത്തുവിട്ട വീഡിയോയില്‍ അദ്ദേഹം പറയുന്നത്. കേസില്‍ ക്രൈംബ്രാഞ്ച് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന വ്യക്തിയാണ് എബ്രഹാം തോമസ്.

യുവതി ബലാല്‍സംഗത്തിനിരയായി എന്ന് പറയപ്പെടുന്ന കാലത്ത് താന്‍ സ്ഥലത്തില്ലായിരുന്നു എന്ന് എബ്രഹാം വര്‍ഗീസ്‌ വീഡിയോയില്‍ അവകാശപ്പെടുന്നു. 2000ല്‍ താനും യുവതിയുമായി പ്രണയത്തിലായിരുന്നെന്നാണ് അവരുടെ പരാതിയില്‍ പറയുന്നത്. അവരുടെ പതിനേഴാം വയസ്സില്‍ താന്‍ ബലാല്‍സംഗം ചെയ്‌തെന്നും പരാതിയിലുണ്ട്.

എന്നാല്‍, ഇക്കാലത്തൊക്കെ താന്‍ വൈദികപഠനത്തിനായി മറ്റ് സ്ഥലങ്ങളിലായിരുന്നു. സഭയ്ക്കും ക്രൈബ്രാഞ്ചിനും നല്കിയ പരാതികളില്‍ ബലാല്‍സംഗത്തിനിരയായ സമയത്തെ പ്രായം സംബന്ധിച്ച് വ്യത്യസ്ത കാര്യങ്ങളാണ് യുവതി പറഞ്ഞിരിക്കുന്നത്. ഇത് തന്നെ യുവതിയുടെ മൊഴിയുടെ ആധികാരികത സംശയത്തിനിടയാക്കുന്നതാണെന്ന്‌ എബ്രഹാം വര്‍ഗീസ്‌ പറയുന്നു.

യുവതിയുടെ ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന് പറയുന്ന എബ്രഹാം വര്‍ഗീസ്‌ യുവതിക്കും വീട്ടുകാര്‍ക്കും എതിരെ മോശമായ രീതിയില്‍ പ്രതികരിക്കുന്നുമുണ്ട്. യുവതിയെ മോഷണക്കുറ്റമാരോപിച്ചാണ് താന്‍ ജോലിയില്‍ നിന്ന് പുറത്താക്കിയതെന്ന് വീഡിയോയില്‍ പറയുന്നു. താന്‍ ഒളിവിലല്ലെന്നും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ മുതല്‍ താന്‍ സ്ഥലത്തുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് തിരക്കുകളിലായിപ്പോയതിനാലാണ് ഇത്തരമൊരു വിശദീകരണം വൈകിയതെന്നും വീഡിയോയില്‍ എബ്രഹാം വര്‍ഗീസ്‌ പറയുന്നു. 

എന്നാല്‍ വീഡിയോ വിവാദമായതോടെ വൈദികന്‍ വീഡിയോ യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചു.

content highlights: The first accused in the Orthodox Church sex scandal case denied the allegations. Orthodox sabha sex scandal