ആനക്കാംപൊയിലിൽ കിണറ്റിൽ വീണ ആന | ഫോട്ടോ:രാഹുൽ ആർ.ജി. | മാതൃഭൂമി
കോഴിക്കോട്: ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന കിണറിന് സമീപം കുഴഞ്ഞുവീണു. ആനയ്ക്ക വെളളവും മരുന്നുമെത്തിച്ചു. നിര്‍ജലീകരണമാണ് വിനയായതെന്ന് വനംവകുപ്പ് പറഞ്ഞു.
പതിന്നാലുമണിക്കൂര് നീണ്ടുനിന്ന രക്ഷാ പ്രവര്‍ത്തനത്തിന് ഒടുവിലാണ് കഴിഞ്ഞ ദിവസം ആനയെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്. ആനയ്ക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട് വന്നിരുന്നത്. എന്നാല്‍ ആന സമീപ പ്രദേശത്ത് കുഴഞ്ഞുവീഴുകയായിരുന്നു. അടുത്ത പകലില്‍ ആന കാടുകയറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനംവകുപ്പ് അറിയിച്ചു.
തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍ തൊണ്ണൂറിലാണ് കഴിഞ്ഞ ദിവസം കിണറ്റില്‍ വീണത്. ഇവിടേക്ക് നാലുകിലോമീറ്ററുകളോളം നടന്നെത്തണമെന്നുളളതാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ വെല്ലുവിളിയായത്. കിണറിന് സമീപത്തേക്ക് മണ്ണുമാന്തി എത്തിച്ച് കിണറിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്.
ജോസുകുട്ടി എന്ന കര്‍ഷകന്റേതാണ് ആന വീണ തോട്ടം. വനഭൂമിയോട് ചേര്‍ന്നാണ് കിണര്‍ അതിനാല്‍ കാട്ടാന വീണത് പുറത്തറിയാന്‍ വൈകി. ആനയെ രക്ഷിക്കാന്‍ നാട്ടുകാരും വനംവകുപ്പും എത്തി. മുമ്പ് ജനവാസ മേഖലയായിരുന്നു ഇവിടം. പതിനഞ്ചോളം കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കാട്ടുമൃഗങ്ങളുടെ ശല്യത്തെ തുടര്‍ന്ന് ആളൊഴിഞ്ഞു.
ആന കിണറ്റില്‍ വീണിട്ട് മൂന്നുദിവസമായെന്ന് നാട്ടുകാര്‍ പറയുന്നു.
Content Highlights: The elephant that was rescued from the well collapsed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..