തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പോകാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് ഇടത് സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ്. കോണ്‍ഗ്രസില്‍ നിന്ന് അകലാന്‍ കാരണം ഉമ്മന്‍ചാണ്ടിയുമായുണ്ടായിരുന്ന വ്യക്തിപരമായ അകല്‍ച്ച ആയിരുന്നു. അത് കഴിഞ്ഞ ദിവസം പരിഹരിച്ചു. ഇപ്പോഴും കോണ്‍ഗ്രസിലേക്കോ സിപിഎമ്മിലേക്കോ പോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ ചര്‍ച്ചയുടെ വാതിലുകള്‍ ഇരുകൂട്ടര്‍ക്കുമായി തുറന്നുവെച്ചിരിക്കുകയാണെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങളുണ്ട്?

കോണ്‍ഗ്രസില്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചെങ്കിലല്ലെ ആരോപണങ്ങളില്‍ കാര്യമുള്ളു. ഇപ്പോഴുള്ളതൊക്കെ ഊഹാപോഹങ്ങള്‍ മാത്രമാണ്. ഞാന്‍ കോണ്‍ഗ്രസ് വിടാന്‍ കാരണം ഉമ്മന്‍ ചാണ്ടിയാണെന്ന് സമ്മതിച്ച് അദ്ദേഹം ഖേദം പ്രകടിപ്പിച്ചെങ്കിലും എന്നെ അദ്ദേഹം കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചില്ലല്ലോ. ഞാന്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന് പറഞ്ഞിട്ടുമില്ല. ഉമ്മന്‍ ചാണ്ടി അന്നും ഇന്നും എന്റെ രക്ഷകര്‍ത്താവാണെന്ന് തോന്നിക്കുന്ന പോലെയാണ് എന്നോട് സംസാരിച്ചത്. എന്നാണ് ഞാന്‍ പ്രതികരിച്ചതും. 

ഇടത് സഹയാത്ര മതിയാക്കുമെന്നുള്ള ചിലകാര്യങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടല്ലോ? ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം വേണ്ടെന്ന് വെച്ചതും ചര്‍ച്ചയായില്ലെ?

ഇടത് സഹയാത്ര ഞാന്‍ മതിയാക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇടത് പക്ഷത്ത് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനും സിപിഎമ്മുമാണ്. ഞങ്ങള്‍ രണ്ടുപേരും ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. സാങ്കേതികമായി ഇപ്പോഴും ഇടത് സഹയാത്രികനാണ്. ഞാന്‍ അതില്‍ നിന്നും വിട്ടുപോയിട്ടുമില്ല. എന്നെ ഇതുവരെ കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ല. ഞാന്‍ സിപിഎമ്മില്‍ ചേര്‍ന്നിട്ടുമില്ല. 20 വര്‍ഷമായി ഞാന്‍ കോണ്‍ഗ്രസുമല്ല സിപിഎമ്മുമല്ല. ഇപ്പോള്‍ ഒന്നിലേക്ക് പോകാനും ആഗ്രഹിക്കുന്നില്ല. 

ഇപ്പോള്‍ ഞാനൊരു ചരിത്ര രചനിയിലാണ്. 1981 മുതല്‍ 2001 വരെയുള്ള 40 വര്‍ഷത്തെ കേരള രാഷ്ട്രീയത്തെപ്പറ്റിയുള്ള നിഷ്പക്ഷമായ വിലയിരുത്തലാണ് പുസ്തകം. രണ്ടു വര്‍ഷമെങ്കിലും അതിന് വേണ്ടിവരും. മുമ്പ് എഴുതിയ കാല്‍നൂറ്റാണ്ട് എന്ന പുസ്തകത്തിന്റെ അതേ മാതൃകയിലുള്ള രചനയായിരിക്കും. പഴയതുപോലെ ഇപ്പോള്‍ ഓടി നടന്ന് ആളുകളെ കാണാന്‍ സാധിക്കില്ല. കോവിഡിന്റെ വ്യാപനമുള്ളതിനാല്‍ ആളുകള്‍ വീടുകളില്‍ കഴിയാനാണ് താത്പര്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ഗവേഷണങ്ങളൊക്കെ മന്ദഗതിയിലാണ്. അതുകൊണ്ടാണ് ഖാദി ബോര്‍ഡിലെ സ്ഥാനം വേണ്ടെന്ന് വെച്ചത്. ഒരു സ്ഥാനമേറ്റെടുത്താല്‍ അതിനോട് ആത്മാര്‍ഥത പുലര്‍ത്തണം. 

ഖാദി ബോര്‍ഡ് സ്ഥാനം വേണ്ടെന്ന് വെച്ചതാണ് അഭ്യൂഹങ്ങള്‍ ശക്തിപ്പെടാന്‍ കാരണം?

ആര്‍ക്കും ഓരോന്ന് വ്യാഖ്യാനിക്കാമല്ലോ. ഞാന്‍ ഇടത് സഹയാത്ര മതിയാക്കുന്നതിനേപ്പറ്റി ആലോചിച്ചിട്ടുമില്ല. കോണ്‍ഗ്രസ് നേതാക്കന്മാരാരുമായും ചര്‍ച്ചകളും നടന്നിട്ടില്ല. ഇനി കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും ക്ഷണിച്ചാല്‍ അപ്പോള്‍ അക്കാര്യം ആലോചിക്കാം. ഇപ്പോള്‍ എന്നെ കാണണമെന്ന് പറഞ്ഞ് പിണറായി വിജയനോ, എ.കെ. ആന്റണിയോ, കോടിയേരിയോ ഒക്കെ വിളിച്ചാല്‍ ഞാന്‍ കാണാന്‍ പോകും. അവരൊക്കെ ഉയര്‍ന്ന നേതാക്കളാണ്. ഇവരോട് ആശയ വിനിമയം നടത്തുന്നതിനെന്താ പ്രയാസം. പക്ഷെ അതിനൊന്നും രാഷ്ട്രീയമായ മാനം കൊടുക്കേണ്ട ആവശ്യമില്ല. ഉമ്മന്‍ ചാണ്ടിയും ഞാനും വര്‍ഷങ്ങളായി അകല്‍ച്ചയിലായിരുന്നു. ആ അകല്‍ച്ച ഇനി ഇല്ലായെന്ന് പരസ്പരം പറഞ്ഞ് അറിയിച്ചതാണ് കഴിഞ്ഞദിവത്തെ മീറ്റിങ്ങില്‍ നടന്നത്.

ഉമ്മന്‍ ചാണ്ടിയുമായി ഉണ്ടായിരുന്ന അകല്‍ച്ച ആയിരുന്നു കോണ്‍ഗ്രസിലേക്കുള്ള പ്രധാന തടസം. അതില്ലാതായ സ്ഥിതിക്ക് ഇനി ഒരു ക്ഷണമുണ്ടായാല്‍?

ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിലെ പ്രധാന നേതാവാണ്. അതുപോലെ പ്രധാന നേതാക്കള്‍ ഒരുപാടുണ്ടല്ലോ. ഒരു പാര്‍ട്ടി തീരുമാനം എല്ലാവരും കൂടി ഒരുമിച്ച് സ്വീകരിക്കേണ്ടതാണ്. അതൊക്കെ അവരാണ് ആദ്യം ആലോചിക്കേണ്ടത്. അതിന് ശേഷം എന്റെ സമ്മതം വാങ്ങണം. അങ്ങനെ പല ഘടകങ്ങളുണ്ട്. അവര്‍ കൂട്ടായി ചര്‍ച്ച ചെയ്ത് ക്ഷണിച്ചാല്‍ മാത്രമല്ലെ അക്കാര്യത്തില്‍ പ്രതികരിക്കേണ്ടതുള്ളു. അവര്‍ ക്ഷണിക്കുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കാം. അതുപോലെ ഇടതുപക്ഷത്തുനിന്ന് ക്ഷണം വന്നാലും അവരുമായി ചര്‍ച്ച ചെയ്യും. ഒരു ചര്‍ച്ചക്കുള്ള വാതില്‍ എല്ലാവര്‍ക്കും മുമ്പില്‍ തുറന്നിട്ടിരിക്കുകയാണ്.

Content Highlights: Doors are open for discussions; not CPM not Congress for 20 years says Cheriyan Philp