ആരുടെ പ്രീതി, ഗവര്‍ണറുടേതോ സര്‍ക്കാരിന്റേതോ?; ഭരണഘടന പറയുന്നത്


ഗവർണർ -സർക്കാർ ഭിന്നിപ്പ്‌ അസാധാരണമായ ഭരണഘടനാ പ്രതിസന്ധിയിലേക്ക്‌ സംസ്ഥാനത്തെ തള്ളിയിടുമോ. ചില അന്വേഷണങ്ങൾ

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവര്‍ണറുടെ പ്രീതി, അപ്രീതി

അഡ്വ. എസ്. സനൽകുമാർ
ഭരണഘടനയുടെ 164-ാം അനുച്ഛേദമാണ് സംസ്ഥാന മുഖ്യമന്ത്രിയുടെയും മന്ത്രിസഭാംഗങ്ങളുടെയും നിയമനത്തെ പ്രതിപാദിക്കുന്ന വകുപ്പ്. മുഖ്യമന്ത്രിയെ ഗവര്‍ണറാണ് നിയമിക്കുന്നത്. നിയമസഭയില്‍ ഭൂരിപക്ഷമുള്ള കക്ഷിയുടെ നേതാവിനെയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയായി അവരോധിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മറ്റു മന്ത്രിമാരെ ഗവര്‍ണര്‍ നിയമിക്കുന്നു. മന്ത്രിമാരില്‍ ഗവര്‍ണര്‍ക്ക് പ്രീതി നിലനില്‍ക്കുന്നിടത്തോളംകാലം ഉദ്യോഗപദവിയില്‍ തുടരാവുന്നതാണെന്ന അനുച്ഛേദം 164 (1) വകുപ്പിന്റെ അവസാനഭാഗമാണ് വിവാദമായ ഗവര്‍ണറുടെ പ്രസ്താവനയുടെയും ഇപ്പോഴത്തെ കത്തിന്റെയും നിയമാടിത്തറ.

മുഖ്യമന്ത്രിയുടെ ഉദ്യോഗത്തുടര്‍ച്ചയെ പരാമര്‍ശിക്കാതെ, എന്നാല്‍, മന്ത്രിമാരുടെ നിലനില്‍പ്പ് ഗവര്‍ണറുടെ പ്രീതിയുടെ അടിസ്ഥാനത്തിലാണെന്നുള്ള അനുച്ഛേദം 164-ലെ വാക്കുകളുടെ ഘടന ഗവര്‍ണര്‍ പറയുന്ന വാദമുഖങ്ങളെ പ്രഥമദൃഷ്ട്യാ ശരിവെക്കുന്നെങ്കിലും ഭരണഘടനാ നിര്‍മാണസഭയിലെ ചര്‍ച്ചകളും പാര്‍ലമെന്ററി ജനാധിപത്യത്തിലെ കീഴ്വഴക്കങ്ങളും ഗവര്‍ണറുടെ ഈ വാദമുഖങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നതാണ്.

ഈ അനുച്ഛേദത്തിന് മുഹമ്മദ് താഹീര്‍ എന്ന അംഗം ഭരണഘടനാ നിര്‍മാണസഭയില്‍ ഭേദഗതി ഉന്നയിച്ചിരുന്നു. ജനാധിപത്യസംവിധാനത്തില്‍ നിയമസഭയ്ക്ക് മന്ത്രിമാരില്‍ വിശ്വാസമുള്ള കാലത്തോളം മന്ത്രിമാര്‍ക്ക് തുടരാന്‍ അവകാശമുണ്ടെന്ന ഭേദഗതി മുഹമ്മദ് താഹീറിനെ കൂടാതെ മുഹമ്മദ് ഇസ്മായില്‍ സാഹിബ് (മദ്രാസ് പ്രവിശ്യാ പ്രതിനിധി) ഉന്നയിച്ചെങ്കിലും ഡോ. അംബേദ്കറിന്റെ ഉപസംഹാരപ്രസംഗത്തിലെ മറുപടിയുടെ അടിസ്ഥാനത്തില്‍ ഈ ഭേദഗതികള്‍ പിന്നീട് പിന്‍വലിക്കപ്പെട്ടു.

ഗവര്‍ണറുടെ 'പ്രീതി' എന്നത് നിയമസഭയുടെ വിശ്വാസമെന്ന അര്‍ഥത്തിലാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നതെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധത്തില്‍ അംബേദ്കര്‍ വ്യക്തമാക്കിയിട്ടുണ്ട് .
മറ്റ് പാര്‍ലമെന്ററി മാതൃകയിലുള്ള സര്‍ക്കാരുകള്‍ 'പ്രീതി' എന്ന പദം ഉപയോഗിക്കുന്നതുകൊണ്ടുമാത്രമാണ് 'സഭയുടെ വിശ്വാസം' എന്ന പദത്തിനുപകരം 'പ്രീതി' എന്ന പ്രയോഗം ഭരണഘടനയില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഭരണഘടനാകോടതി വിധികള്‍

മന്ത്രിമാര്‍ ഗവര്‍ണറുടെ പ്രീതി നിലനില്‍ക്കുന്ന കാലത്തോളം മാത്രമേ ആ സ്ഥാനത്തു തുടരുകയുള്ളൂ എന്ന 164-ാം അനുച്ഛേദം കല്‍ക്കട്ട ഹൈക്കോടതിയുടെ വ്യാഖ്യാനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. മഹാബീര്‍ പ്രസാദ് ശര്‍മ-പ്രഫുല്ലചന്ദ്ര ഘോഷ് (AIR 1969 കല്‍ക്കട്ട 198) എന്ന വിഖ്യാതമായ കേസിലെ വിധിന്യായം ഗവര്‍ണറുടെ 'പ്രീതി'സിദ്ധാന്തത്തിന്റെ വ്യഖ്യാനം ഒരു പരിധിവരെ സൂക്ഷ്മമായിനടത്തിയ ഒന്നാണ്.

'ഗവര്‍ണറുടെ പ്രീതി ഏതെങ്കിലും വിധത്തിലുള്ള നിബന്ധനകള്‍ക്കോ നിയന്ത്രണങ്ങള്‍ക്കോ വിധേയമല്ല. പ്രീതി പിന്‍വലിക്കല്‍ ഗവര്‍ണറുടെ പൂര്‍ണമായ വിവേചനാധികാരത്തിലുള്ളതാണ്. മന്ത്രിമാര്‍ക്ക് നിയമസഭയോട് കൂട്ടുത്തരവാദിത്വമുണ്ടെന്ന അനുച്ഛേദം 164 (2) വകുപ്പ് ഗവര്‍ണറുടെ പ്രീതി പിന്‍വലിക്കുന്ന അധികാരത്തെ ഒരുതരത്തിലും ബാധിക്കുന്നില്ല. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം മന്ത്രിമാര്‍ നിയമസഭയോട് മറുപടിപറയേണ്ടവര്‍ എന്ന് മാത്രമേയുള്ളൂ.

ഒരു മന്ത്രിയെ പുറത്താക്കാനുള്ള അധികാരം ഭരണഘടന നിയമസഭയ്ക്ക് നല്‍കിയിട്ടില്ല. എന്നാല്‍, നിയമസഭ അവിശ്വാസം രേഖപ്പെടുത്തിയാല്‍ മന്ത്രിസഭയിലുള്ള ഗവര്‍ണറുടെ പ്രീതി അവസാനിക്കുന്നു. മുഖ്യമന്ത്രിയെ നിയമിക്കാനും മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മന്ത്രിസഭാംഗങ്ങളെ നിയമിക്കാനും മന്ത്രിമാരെ 'പ്രീതി' പിന്‍വലിച്ച് പുറത്താക്കാനുമുള്ള അധികാരം ഗവര്‍ണര്‍ക്ക് മാത്രമാണ് ഭരണഘടന നല്‍കിയിരിക്കുന്നത് (ഖണ്ഡിക 41). ഈ വിധിയും 'പ്രീതി' നിയമസഭയുടെ വിശ്വാസവുമായി കോര്‍ത്തിണക്കിയാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. വ്യക്തമായിപ്പറഞ്ഞാല്‍ നിയമസഭയുടെ വിശ്വാസമുള്ള മുഖ്യമന്ത്രിയുടെ 'പ്രീതി' തന്നെയാണ് ഗവര്‍ണറുടെ പ്രീതി എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് എന്നുതന്നെയാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ വിധിന്യായത്തിലും പറഞ്ഞിരിക്കുന്നത്.

വിവേചന അധികാരമുണ്ടോ?

മുഖ്യമന്ത്രി മന്ത്രിമാരുടെ പേരുകള്‍ നിര്‍ദേശിക്കുമ്പോള്‍ മന്ത്രിസഭതന്നെ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി മാത്രം നല്‍കുന്ന പേരുകളാണ് ഗവര്‍ണര്‍ മന്ത്രിമാരായി അംഗീകരിക്കുന്നതെന്നുമുള്ള വസ്തുത 164 വ്യാഖ്യാനിക്കുമ്പോള്‍ മനസ്സിരുത്തേണ്ടതാണ്. 'മന്ത്രിസഭ' എന്ന പദപ്രയോഗത്തിനുപകരം 'മന്ത്രിമാര്‍' ഗവര്‍ണറുടെ പ്രീതിയുള്ളിടത്തോളം തുടരുന്നുവെന്ന അനുച്ഛേദം 164-ലെ പ്രയോഗം മന്ത്രിമാരുടെ കാര്യത്തില്‍ വേറിട്ട വിവേചനാധികാരം ഗവര്‍ണര്‍ക്കുണ്ടെന്നു വ്യാഖ്യാനിക്കാന്‍ ഇടനല്‍കുന്നു.

തന്റെമുന്നില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്ന ഒരു മന്ത്രി ഭരണഘടനാസ്ഥാപനങ്ങളെ പരസ്യമായി അധിക്ഷേപിച്ച് പ്രകടമായി സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും മുഖ്യമന്ത്രി ആ മന്ത്രിക്കെതിരേ നടപടിയെടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ 'പ്രീതി'സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ആ മന്ത്രിയെ പുറത്താക്കാന്‍ അധികാരമുണ്ടോ എന്ന കാതലായ ഭരണഘടനാപ്രശ്‌നംകൂടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അദ്ദേഹത്തിന്റെ നിലപാടുകളിലൂടെ ഇപ്പോള്‍ ഉയര്‍ത്തുന്നത്. മന്ത്രിസഭയുടെ കൂട്ടായ ഉത്തരവാദിത്വത്തില്‍നിന്നുമാറിനിന്നുകൊണ്ട് മന്ത്രിമാര്‍ നടത്തുന്ന ഭരണഘടനാലംഘനങ്ങളും വെല്ലുവിളികളും കൈകാര്യം ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അനുച്ഛേദം 164-ലെ 'പ്രീതി'സിദ്ധാന്തം അധികാരംനല്‍കുന്നുണ്ടോ എന്ന വിഷയം ഭരണഘടനാ കോടതികള്‍ പരിശോധിക്കേണ്ട വിഷയമാണ്. ഭരണഘടനയെ ജൈവികഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. മാറുന്നസാഹചര്യങ്ങള്‍ക്കനുസരണമായി ഭരണഘടനാവകുപ്പുകള്‍ വ്യാഖ്യാനംനടത്തി അതിന് ജീവനും ഓജസ്സും നല്‍കുന്നത് കോടതികളാണ്. ഗവര്‍ണര്‍ ഉയര്‍ത്തുന്ന ഈ നിയമപ്രശ്‌നം ഭരണഘടനാക്കോടതികള്‍ പരിശോധിച്ച് ഉത്തരം പറയട്ടെ.

(ഹൈക്കോടതി അഭിഭാഷകനാണ്ലേഖകന്‍)

----------------------------------------------------------------------------------------------------------

ചില അധികാരങ്ങളുണ്ട്

സുരേഷ് വണ്ടന്നൂർ


സംസ്ഥാനകാര്യങ്ങളുടെ ഭരണത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 159 പ്രകാരം അവരുടെ സത്യപ്രതിജ്ഞയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭരണഘടനയും നിയമവും സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് ഗവർണറുടെ പ്രാഥമിക കർത്തവ്യം. രാഷ്ട്രപതിക്കും ഗവർണർക്കും ഭരണഘടന നൽകുന്ന അധികാരങ്ങൾ വെവ്വേറെയാണ്. കേന്ദ്രമന്ത്രിസഭയെക്കുറിച്ച് ഭരണഘടനയിൽ പ്രതിപാദിക്കുന്നത് അനുച്ഛേദം 74-ലാണ്.

ഭരണഘടന ഇങ്ങനെ പറയുന്നു:

‘രാഷ്ട്രപതിയെ തന്റെ കർത്തവ്യനിർവഹണത്തിൽ സഹായിക്കാനും ഉപദേശിക്കാനുമായി കേന്ദ്രതലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ ഉണ്ടായിരിക്കണം. രാഷ്ട്രപതിയാകട്ടെ ആ ഉപദേശങ്ങൾക്കും നിർദേശങ്ങൾക്കും അനുസൃതമായിത്തന്നെ പ്രവർത്തിക്കുകയും വേണം.’ എന്നാണ്. അതേസമയം, സംസ്ഥാന മന്ത്രിസഭയെക്കുറിച്ച് പറയുന്ന ­163-ാം അനുച്ഛേദത്തിലെ വാചകങ്ങൾക്ക് ഇതിൽനിന്നൊരു ചെറിയ, വലിയ വ്യത്യാസമുണ്ട്. അതെന്താണെന്നുനോക്കാം:
‘സംസ്ഥാന ഗവർണറെ, ഭരണഘടനപ്രകാരം അദ്ദേഹം നിർവഹിക്കാൻ ബാധ്യതയുള്ള കടമകളോ തന്റെ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കാവുന്ന കാര്യങ്ങളോ അല്ലാതുള്ള ചുമതലകളിൽ മാത്രം, സഹായിക്കാനും ഉപദേശിക്കാനും സംസ്ഥാനതലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ വേണം.’ ഈ വലിയ വ്യത്യാസം തിരിച്ചറിയാതെപോകുന്നിടത്താണ് പ്രശ്നങ്ങൾ വളർച്ചപ്രാപിക്കുന്നത്.

രാഷ്ട്രപതിയും ഗവർണറും

രാഷ്ട്രപതിയെ എല്ലാ കാര്യത്തിലും കേന്ദ്രമന്ത്രിസഭ ഉപദേശിക്കണം. ഏതുകാര്യത്തിലും ആ ഉപദേശം രാഷ്ട്രപതി അനുസരിക്കുകയും വേണം. കേന്ദ്രസർക്കാരിന് രാഷ്ട്രപതിക്ക് ഉപദേശം കൊടുക്കാൻ അധികാരമില്ലാത്ത ഒരു വിഷയവുമില്ല. രാഷ്ട്രപതിക്കാകട്ടെ മന്ത്രിസഭയുടെ ഉപദേശത്തിനനുസൃതമായല്ലാതെ ഒരു കാര്യത്തിലും പ്രവർത്തിക്കുക സാധ്യവുമല്ല. നേരെമറിച്ച്, സംസ്ഥാനമന്ത്രിസഭയ്ക്ക് എല്ലാ വിഷയത്തിലും ഗവർണറെ ഉപദേശിക്കാൻ അധികാരമില്ല.

ഭരണഘടനാപരമായ ചുമതലകളിലോ വിവേചനാധികാരമുള്ള വിഷയങ്ങളിലോ ഗവർണർക്ക് സ്വന്തമായി തീരുമാനമെടുക്കാം എന്നാണ് ഭരണഘടനയുടെ വിവക്ഷ. അതല്ലാതുള്ള വിഷയങ്ങളിൽ മാത്രമേ സംസ്ഥാനമന്ത്രിസഭയ്ക്ക് ഗവർണറെ ഉപദേശിക്കാൻ സാധിക്കൂ. അതിൽപ്പോലും, ആ ഉപദേശത്തിനനുസൃതമായിത്തന്നെ നിർബന്ധമായും പ്രവർത്തിച്ചുകൊള്ളണം എന്ന് ഗവർണർക്കുമേൽ ഒരു ബാധ്യതയുമില്ല. അദ്ദേഹത്തിന് ആ ഉപദേശങ്ങൾ തിരസ്‌കരിക്കാനും അവകാശമുണ്ട്. ആ സ്വാതന്ത്ര്യം ഗവർണർക്ക് ഭരണഘടനതന്നെ അനുവദിച്ചുനൽകുന്നുണ്ട്. ഭരണഘടനയിൽ കൊടുത്തിട്ടുള്ള ബന്ധപ്പെട്ട വകുപ്പുകൾ ഒന്ന്‌ ഓടിച്ചു വായിച്ചുനോക്കിയാൽപ്പോലും ആർക്കും ഇത് മനസ്സിലാവുന്ന വ്യത്യാസങ്ങളാണ്.

രാഷ്ട്രപതിയെ ആരും നിയമിക്കുകയല്ല. പാർലമെന്റിന്റെ ഇരുസഭകളും സംസ്ഥാനനിയമസഭകളും ഉൾപ്പെടുന്ന ഇലക്ടറൽ കോളേജ് വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുകയാണ്. എന്നാൽ, ഗവർണറെ ആരും ഇൻഡയറക്ട് വോട്ടിങ്ങിലൂടെ എങ്കിലും ജനാധിപത്യപരമായി തിരഞ്ഞെടുക്കുകയല്ല. രാഷ്ട്രപതി, അതായത് പ്രായോഗിക അർഥത്തിൽ കേന്ദ്രസർക്കാർതന്നെ, സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയാണ് ചെയ്യുന്നത്.
കാലാവധി തീരുംമുമ്പ്‌ രാഷ്ട്രപതിയെ പുറത്താക്കാൻ ‘ഇംപീച്ച്‌മെന്റ്’ എന്നൊരു നടപടിക്രമം ഭരണഘടന മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ, ചുമതലയിലുള്ള ഗവർണറെ തത്‌സ്ഥാനത്തുനിന്നു പുറത്താക്കാനുള്ള ഒരു വകുപ്പും ഭരണഘടനയിലില്ല. അത് പൂർണമായും കേന്ദ്രതീരുമാനമാണ്. ഗവർണറെ പുറത്താക്കാനും സ്ഥലംമാറ്റാനും കേന്ദ്രസർക്കാരിനാണ് അധികാരം.

ഉദ്ദേശ്യലക്ഷ്യങ്ങൾ എന്ത്?

എല്ലാ അർഥത്തിലും സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകരാതെ നിലനിൽക്കുന്നു എന്നുറപ്പാക്കാൻ കേന്ദ്രം ചുമതലപ്പെടുത്തിയിട്ടുള്ള നിരീക്ഷകനും അധികാരിയുമാണ് ഗവർണർ. അതിനാലാണ് മുൻ പ്രസിഡന്റും അതിനുമുമ്പ്‌ ഗവർണറുമായിരുന്ന വി.വി. ഗിരി പറഞ്ഞത് ‘‘കേന്ദ്രസർക്കാരിന്റെ സംസ്ഥാനങ്ങളിലെ അംബാസഡറാണ് ഗവർണർ’’ എന്ന്.
അതുകൊണ്ടുതന്നെയാണ് ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങളായിരുന്ന മഹാരഥന്മാർതന്നെ അവിടെനടന്ന ചർച്ചകളിൽ ‘ഗവർണർ കേവലം കേന്ദ്രത്തിന്റെ ഒരു ഏജന്റ് മാത്രമല്ല, മറിച്ച്, കേന്ദ്രനയത്തിനുവേണ്ടി സമ്മർദം ചെലുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഏജൻസിയാണ്’ എന്ന് സമർഥിച്ചതായി കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഡിബേറ്റ്‌സിൽ (സി.എ.ഡി.) നമുക്ക് വായിക്കാൻ സാധിക്കുന്നത്. ഗവർണർ എന്ന പദവിയെ ആ താത്‌പര്യത്തിൽ തന്നെയാണ് ഭരണഘടനാ നിർമാതാക്കൾ സൃഷ്ടിച്ചിട്ടുള്ളത്. അതൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലോ, ഏറ്റുപറച്ചിലോ, കുറ്റസമ്മതമോ ഒന്നുമല്ല. അത് ഭരണഘടനയുടെ വീക്ഷണമാണ്. സി.എ.ഡി.യിൽ ഗവർണറെ സംബന്ധിക്കുന്ന വകുപ്പുകളെപ്പറ്റിയുള്ള ഭാഗങ്ങൾ വായിച്ചുനോക്കണം.

വാല്യം എട്ട്, പേജ് 454

‘‘കേന്ദ്രത്തെ അതിന്റെ യൂണിറ്റുകൾ അഥവാ ഘടകങ്ങളായ സംസ്ഥാനങ്ങളോട് സമ്പർക്കത്തിൽ നിലനിർത്തുകയും അവയിൽ വന്നേക്കാവുന്ന വിഭജനവാദസാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യും എന്നതുകൊണ്ട് ഞാൻ കേന്ദ്രം നിയമിക്കുന്ന ഗവർണർ എന്ന ആശയത്തെ പിന്തുണയ്ക്കുകയാണെന്നാണ്’’
ഇങ്ങനെ പറഞ്ഞ പ്രാസംഗികൻ ആരെന്ന് ഊഹിക്കാമോ? സാക്ഷാൽ ജവാഹർലാൽ നെഹ്രു തന്നെ. ഭരണഘടനാ നിർമാണസഭയിൽ ഓരോ സംസ്ഥാനത്തും കേന്ദ്രനിയുക്തനായ ഒരു ഗവർണർ എന്ന വാദത്തിന്റെ ഏറ്റവും ശക്തരായ അഭിഭാഷകരിൽ ഒരാൾതന്നെയായിരുന്നു നെഹ്രു.

വാല്യം 8, പേജ് 502

എന്തുകൊണ്ട് ഗവർണർക്ക് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി സംസ്ഥാനം പാസാക്കുന്ന നിയമങ്ങളെപ്പോലും അംഗീകാരം നൽകാതെ റിസർവ് ചെയ്തുവെക്കാം എന്ന ചോദ്യത്തിന് ഉത്തരമായി ഡോ. ബി.ആർ. അംബേദ്കർ ഇങ്ങനെ പറയുന്നു: ‘‘കാരണം സംസ്ഥാനങ്ങൾ കേന്ദ്രത്തിനു കീഴിലായാണ് പ്രവർത്തിക്കേണ്ടത്. അവരങ്ങനെത്തന്നെ ചെയ്യുന്നു എന്നുറപ്പാക്കാനും ഓർമിപ്പിക്കാനും ഗവർണർക്ക് റിസർവിങ് എന്ന ഉപാധി ഉപയോഗിക്കാം. അതുവഴി സംസ്ഥാനത്തിന്റെ നടപടിയിൽ തെറ്റില്ലെന്നും അത് ഭരണഘടനയ്ക്ക് വിധേയമാണെന്നും കേന്ദ്രസർക്കാരിന് കീഴ്‌പ്പെട്ട് പ്രവർത്തിക്കുക എന്ന ചട്ടത്തിന് അനുസൃതമാണെന്നും പരിശോധിച്ച് ഉറപ്പിക്കാൻ രാഷ്ട്രപതിക്ക് അവസരം നൽകാം.’’

ചുരുക്കത്തിൽ മനസ്സിലാക്കേണ്ട തത്ത്വം ഇതാണ്. ഇന്ത്യ ഒരു ഫെഡറേഷനായല്ല, യൂണിയനായാണ് ഭരണഘടനാ നിർമാണസഭ വിഭാവനം ചെയ്തിട്ടുള്ളത്. അങ്ങനെയൊരു യൂണിയനാണ് ഇന്ത്യ എന്നോർമിപ്പിക്കാനാണ് ഓരോ സംസ്ഥാനത്തും ഓരോ ഗവർണറുള്ളത് എന്നത് സുവ്യക്തമാണ്.

(ലേഖകൻ സെക്രട്ടേറിയറ്റ്‌ നിയമവകുപ്പിലെ സെക്‌ഷൻ ഓഫീസറാണ്‌)


------------------------------------------------------------------------------------------------

ചാൻസലർക്കുള്ള അധികാരങ്ങൾ

പി.ഡി.ടി. ആചാരി


കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ ഗവർണറായിരിക്കുമെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. ചാൻസലർ സർവകലാശാലയുടെ തലവനാണ്. തലവനെന്നുപറഞ്ഞാൽ സർവ അധികാരങ്ങളും യഥേഷ്ടം ഉപയോഗിക്കുന്ന, ഒരു നിയന്ത്രണത്തിനും വിധേയനല്ലാത്ത ഏതോ ഒരു സ്വേച്ഛാധിപതിയാണെന്നല്ല അർഥം. ചാൻസലറുടെ അധികാരങ്ങൾ എന്തൊക്കെയെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. ചാൻസലറായി പ്രവർത്തിക്കുമ്പോൾ ഗവർണറാണെന്നുള്ള ഭാവേന പ്രവർത്തിക്കാൻ സാധ്യമല്ല. ചാൻസലർ നിയമത്തിന്റെ സൃഷ്ടിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം നിയമത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.

ചാൻസലറുടെ അധികാരങ്ങൾ

എന്തൊക്കെയാണ്‌ ചാൻസലറുടെ പ്രധാന അധികാരങ്ങൾ? കേരള സർവകലാശാലാ നിയമത്തിന്റെ മൂന്നാം അധ്യായത്തിലെ ഏഴാം വകുപ്പിൽ ആ അധികാരങ്ങൾ എന്തൊക്കെയെന്ന് പറഞ്ഞിട്ടുണ്ട്. ഈ വകുപ്പനുസരിച്ച് ചാൻസലർക്ക് സർവകലാശാലാ അതോറിറ്റികളുടെ അതായത്, സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ മുതലായവയുടെ ഏതു നടപടിയും രേഖാമൂലമായ ഉത്തരവിലൂടെ റദ്ദുചെയ്യാൻ കഴിയും. പക്ഷേ, അങ്ങനെ ചെയ്യുന്നത് പ്രസ്തുത നടപടികൾ സർവകലാശാലാ നിയമങ്ങൾക്കോ, ഉപനിയമങ്ങൾക്കോ ചട്ടങ്ങൾക്കോ എതിരായിട്ടുള്ളതാണ് എന്നു മനസ്സിലാകുമ്പോൾ മാത്രമാണ്. റദ്ദുചെയ്യുന്ന നടപടി കാരണം കാണിക്കൽ നോട്ടീസുനൽകുകയും അവരുടെ ഭാഗം കേൾക്കുകയും ചെയ്തതിനുശേഷമേ എടുക്കാവൂ. അതുപോലെ ഒരടിയന്തരാവസ്ഥ സംജാതമായാൽ മേൽപ്പറഞ്ഞ ഏത് അതോറിറ്റിയെയും സസ്പെൻഡ് ചെയ്യുകയോ ഡിസ്മിസ് ചെയ്യുകയോ ചെയ്യാമെന്നും സർവകലാശാലയുടെ ഇടക്കാലഭരണം സുഗമമായി നടത്താനുള്ള ഏർപ്പാടുചെയ്യാമെന്നും നിയമത്തിൽ പറഞ്ഞിരിക്കുന്നു. വൈസ്ചാൻസലറെ സ്ഥാനത്തുനിന്നു നീക്കംചെയ്യാനുള്ള അധികാരവും ചാൻസലറിൽ നിക്ഷിപ്തമായിരിക്കുന്നു. പക്ഷേ, ആ നടപടി പണം ദുർവിനിയോഗം ചെയ്യുകയോ അനാശാസ്യപ്രവർത്തനങ്ങളിൽ (മിസ്ബിഹേവിയർ) ഏർപ്പെടുകയോ ചെയ്യുന്നതായി തെളിഞ്ഞാൽ മാത്രമേ എടുക്കാൻകഴിയൂ. ഹൈക്കോടതിയിലെയോ സുപ്രീംകോടതിയിലെയോ ഒരു ജഡ്ജിയെക്കൊണ്ട് മേൽപ്പറഞ്ഞ ആരോപണങ്ങൾ അന്വേഷിപ്പിക്കുകയും കുറ്റം തെളിയുകയും ചെയ്യുമ്പോൾ മാത്രമേ ആ നടപടിയെടുക്കാൻ കഴിയൂ.

ചാൻസലറും വൈസ് ചാൻസലറും

വൈസ് ചാൻസലറെ നിയമിക്കുന്നത് ചാൻസലറാണ്. അതിനുള്ള പൂർണമായ അധികാരം അദ്ദേഹത്തിനുണ്ട്. ഗവർണർ ചാൻസലറാകുമ്പോൾ വൈസ്ചാൻസലറുടെ നിയമനം മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് ചെയ്യേണ്ട ബാധ്യതയില്ല എന്ന് കോടതിവിധിയുണ്ട്. ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള അധികാരം അദ്ദേഹത്തിനുണ്ട്. അതുപോലെത്തന്നെ വൈസ്ചാൻസലറുടെ സേവനവ്യവസ്ഥകൾ എന്തൊക്കെയാവാം എന്നു തീരുമാനിക്കാനുള്ള അധികാരവും ചാൻസലർക്കുണ്ട്.

ഇനി സെനറ്റ്, സിൻഡിക്കേറ്റ് ­മുതലായവയ്ക്കു മേൽ ചാൻസലർക്കുള്ള അധികാരങ്ങൾ എന്തൊക്കെയാണെന്നു നോക്കാം. സർവകലാശാലാ നിയമത്തിന്റെ നാലാം അധ്യായത്തിലെ 17-ാം വകുപ്പിൽ അവ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ചാൻസലർ സെനറ്റിലെ എക്‌സ് ഒഫിഷ്യോ അംഗമാണ്. അദ്ദേഹത്തിന് സെനറ്റിന്റെ മീറ്റിങ്ങുകളിൽ അധ്യക്ഷതവഹിക്കാം. ഇന്ന് ചർച്ചാവിഷയമായിരിക്കുന്നത് സെനറ്റിൽ നോമിനേറ്റുചെയ്യപ്പെട്ട അംഗങ്ങളെ സംബന്ധിച്ചാണ്. സർവകലാശാലാ ഡിപ്പാർട്ട്‌മെന്റ് തലവന്മാരിൽനിന്നും സീനിയോറിറ്റി അനുസരിച്ച് അദ്ദേഹത്തിന് ഏഴുപേരെ നോമിനേറ്റ് ചെയ്യാം. അതുപോലെ ഫാക്കൽറ്റി ഡീൻമാരിൽനിന്ന്‌ സീനിയോറിറ്റി അനുസരിച്ച് നാലുപേരെ നോമിനേറ്റ്‌ചെയ്യാം. കൂടാതെ, രണ്ടു ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരെയും രണ്ട് അധ്യാപകരെയും ഗവേഷണസ്ഥാപനങ്ങളിൽനിന്നും സാംസ്കാരിക സംഘടനകളിൽനിന്നും വ്യാപാര വ്യവസായ സംഘടനകളിൽനിന്നും എഴുത്തുകാർ, പത്രപ്രവർത്തകർ, അഭിഭാഷകർ എന്നിവരിൽനിന്നും മറ്റുമായി ഒമ്പത് അംഗങ്ങളെയും ചാൻസലർക്കു നോമിനേറ്റുചെയ്യാം. സിൻഡിക്കേറ്റിന്റെ അംഗത്വത്തിന്റെ കാര്യത്തിൽ ചാൻസലർക്ക് പ്രത്യേക റോൾ ഒന്നുംതന്നെയില്ലെന്ന് നിയമം വ്യക്തമാക്കുന്നു.

അയോഗ്യരാക്കാൻ അധികാരമില്ല

സെനറ്റിലേക്ക് താൻ നോമിനേറ്റുചെയ്ത അംഗങ്ങളെ പിൻവലിക്കാനോ അയോഗ്യരാക്കാനോ ഉള്ള അധികാരം ചാൻസലർക്ക് നിയമം നൽകിയിട്ടില്ല. സെനറ്റ്, നിയമംമൂലം സ്ഥാപിതമായിരിക്കുന്ന സർവകലാശാലയിലെ നിയമാനുസൃതമായി സൃഷ്ടിക്കപ്പെട്ട പരമാധികാരസഭയാണ്‌.

ഈ സഭയിലെ അംഗങ്ങൾ, തിരഞ്ഞെടുപ്പിലൂടെയും നോമിനേഷനിലൂടെയും എക്സ് ഒഫിഷ്യോ ആയിട്ടുമാണ് അംഗങ്ങളാവുന്നത്. അങ്ങനെ നോമിനേഷൻ ഒരു മാർഗം മാത്രമാണ്. അംഗങ്ങൾ എല്ലാവർക്കും തുല്യാവകാശങ്ങളാണുള്ളത്.

അംഗങ്ങളായിക്കഴിഞ്ഞാൽ നോമിനേറ്റ് ചെയ്യപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും എന്നൊക്കെയുള്ള വ്യത്യാസങ്ങളില്ല. നോമിനേറ്റുചെയ്യുന്ന ആളിന്‌ ആ അംഗങ്ങളെ പിൻവലിക്കാനധികാരമുണ്ട് എന്നുള്ള ധാരണ എങ്ങനെയുണ്ടായി എന്ന് മനസ്സിലാകുന്നില്ല. നിയമാനുസൃതം സ്ഥാപിക്കപ്പെട്ട ഒരു സ്ഥാപനത്തിലും നോമിനേഷനിലൂടെ അംഗങ്ങളായവരെ പിൻവലിക്കാൻ സാധ്യമല്ല.

അതുപോലെയാണ് സർവകലാശാലയുടെ കാര്യവും. ചാൻസലർക്ക് നോമിനേറ്റുചെയ്യാൻ മാത്രമേ നിയമം അധികാരം നൽകുന്നുള്ളൂ. നിയമത്തിലൊരിടത്തും അവരെ പിൻവലിക്കാനും അയോഗ്യരാക്കാനുമുള്ള അധികാരം നൽകിയിട്ടില്ല.

(ലോക്‌സഭാ മുൻ സെക്രട്ടറി ജനറലാണ്‌ ലേഖകൻ)

Content Highlights: the doctrine of 'pleasure': what the constitution says, kerala goverment and governor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented