തിരുവനന്തപുരം: മന്ത്രിസഭയെ മറികടന്ന് സ്പ്രിംഗ്ലര്‍ കരാര്‍ ഒപ്പിട്ടതില്‍ സിപിഐയ്ക്ക് അതൃപ്തി. ഐടി സെക്രട്ടറി മാത്രമായി തീരുമാനം എടുത്തതും വദേശ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതും ശരിയായ നടപടിക്രമം അല്ലെന്നാണ് സിപിഐയുടെ നിലപാട്. 

ഐടി സെക്രട്ടറി ശിവശങ്കറിന്‌ മന്ത്രിസഭയെ മറികടക്കാന്‍ എന്ത് അധികാരമാണുള്ളതെന്നാണ് സിപിഐയുടെ ചോദ്യം. വിദേശ കമ്പനിയുമായി കരാര്‍ ഒപ്പുവെക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. സ്പ്രിംഗ്ലറിന്റെ കാര്യത്തില്‍ അതൊന്നും ഉണ്ടായില്ല. താനാണ് കരാര്‍ തീരുമാനിച്ചതെന്നും ഒപ്പിട്ടതെന്നും ഒരു ഉദ്യാഗസ്ഥന്‍ പരസ്യമായി പറയുന്നത് മന്ത്രിസഭയെത്തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും സിപിഐ കരുതുന്നു. 

നിയമവകുപ്പിന്റെ അനുമതി കൂടി തേടി കരാര്‍ ഒപ്പിട്ടിരുന്നെങ്കില്‍ ഇത്തരം വിവാദങ്ങളൊന്നും ഉയരുമായിരുന്നില്ല. അതിന് ഏറിയാല്‍ ഒരുദിവസം കൂടി മാത്രമേ വേണ്ടിവരുമായിരുന്നുള്ളൂ. മുഖ്യമന്ത്രി പോലും അറിയാതെ കരാര്‍ ഒപ്പിട്ടതിലും സിപിഐക്ക് കടുത്ത അമര്‍ഷമുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ പരസ്യമായ ഒരു പ്രതികരണത്തിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ സിപിഐ തയ്യാറാകുന്നുമില്ല. 

അതേസമയം, കോവിഡിനെ ഫലപ്രദമായി സംസ്ഥാനസര്‍ക്കാരിന് പ്രതിരോധിക്കാന്‍ കഴിഞ്ഞത് സ്പ്രിംഗ്ലറിന്റെ കൂടി മികവാണെന്ന് സിപിഎം കരുതുന്നു. അതുകൊണ്ടുതന്നെ സ്പ്രിംഗ്ലര്‍ കരാറിനെ അനുകൂലിച്ച് സിപിഎം നേതാക്കള്‍ മുന്നോട്ടുവരുന്നതിനിടെയാണ് സിപിഐ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്.

Content Highlights: The CPI was dissatisfied with the Sprinklr deal overturning the cabinet