പ്രതീകാത്മകചിത്രം
പാലാ: കുറവിലങ്ങാടിനുസമീപം കോഴായില്‍ ശനിയാഴ്ച വൈകീട്ട് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം പാലാ മജിസ്‌ട്രേറ്റിന്റെ വാഹനത്തിനുനേരേ അപകടകരമായ രീതിയില്‍ വന്ന സംഭവത്തില്‍ പോലീസ് വിശദീകരണം തയ്യാറാക്കുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുമുന്നേ കടന്നുപോയ ഒരു ബസിനെ ഒഴിവാക്കുന്നതിന് പോലീസ് ജീപ്പ് ശ്രമിച്ചിരുന്നതായും, അപ്പോഴാകും പാലാ മജിസ്‌ട്രേറ്റ് ജി.പദ്മകുമാറിന്റെ കാറിനുമുന്നില്‍ വന്നുപെട്ടതെന്നും പോലീസ്. ഇക്കാര്യം കോടതിമുമ്പാകെ അറിയിക്കുമെന്ന് എസ്.പി. കെ. കാര്‍ത്തിക് അറിയിച്ചു. മജിസ്‌ട്രേറ്റിന്റെയോ മറ്റാരുടെയെങ്കിലുമോ വാഹനം എതിരേ വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അപകടകരമായ രീതിയില്‍ ജീപ്പ് പോയിരുന്നില്ലെന്നും പോലീസ് വിശദീകരിക്കും.
മുഖ്യമന്ത്രിക്ക് സുരക്ഷാഭീഷണിയുള്ളതായും പ്രത്യേക കരുതല്‍ വേണമെന്നും നിര്‍ദേശമുണ്ടായിരുന്നു. സുരക്ഷ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്സംഘം. സംഭവത്തില്‍ പോലീസ് വെള്ളിയാഴ്ചയ്ക്കകം കോടതിക്ക് വിശദീകരണം നല്‍കും. കുറവിലങ്ങാട് എസ്.എച്ച്.ഒ. നിര്‍മല്‍ ബോസ് അവധിയിലായിരുന്നതിനാല്‍ സ്റ്റേഷന്റെ ചുമതലയുള്ള എസ്.ഐ. വി.വിദ്യയെ വിളിച്ചുവരുത്തിയാണ് പാലാ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി വിശദീകരണം തേടിയത്. വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ സാധാരണ യാത്രക്കാര്‍ക്ക് പോകുന്നതിന് പോലീസ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് കോടതി വിശദാംശങ്ങള്‍ ആരാഞ്ഞു.
ശനിയാഴ്ച വൈകീട്ട് മുഖ്യമന്ത്രിയുടെ വാഹനം കുറവിലങ്ങാട്, കോഴാ, പാലാ വഴി പോകുകയായിരുന്നു. ഈസമയം എതിര്‍ദിശയില്‍ പോകുകയായിരുന്ന പാലാ മജിസ്‌ട്രേറ്റിന്റെ വാഹനത്തിനുനേരേയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ പൈലറ്റുവാഹനം വശംമാറിയെത്തിയത്. മുഖ്യമന്ത്രിയുടെ വാഹനം പോകുന്ന റോഡിന്റെ വശത്തുകൂടി പോകുന്നതിനുപകരം, മറുഭാഗത്തുകൂടിയാണ് പൈലറ്റ് വാഹനം കടന്നുവന്നത്. പോലീസിന്റെ ശ്രദ്ധക്കുറവാണ് ഈ സാഹചര്യം ഉണ്ടാക്കിയതെന്ന് പരാതിയുയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്ക് കടന്നുപോകുന്നതിനായി പാലാ-കോഴാ റോഡില്‍ വാഹനങ്ങള്‍ പോലീസ് തടയുകയും ചെയ്തിരുന്നു.
Content Highlights: the cm's escort vehicle is in front of the magistrate's vehicle, police reply
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..