മേപ്പയ്യൂർ ടൗണിലൂടെ നടന്നുനീങ്ങുന്ന പുള്ളിവെരുക്
മേപ്പയ്യൂര്‍: കൊറോണ ഭീതിയില്‍ വിജനമായ മേപ്പയ്യൂര്‍ അങ്ങാടിയിലൂടെ നിര്‍ഭയം നടന്നുനീങ്ങുന്ന പുള്ളിവെരുക് കൗതുകമുണര്‍ത്തുന്ന കാഴ്ചയായി. മെരു എന്ന് നാട്ടില്‍ അറിയപ്പെടുന്ന ഇതിന്റെ പേര് ഇംഗ്ലീഷില്‍ സ്മോള്‍ ഇന്ത്യന്‍ സിവറ്റ് എന്നാണ്. പൊതുവേ വനങ്ങളിലും വിരളമായി ഗ്രാമങ്ങളിലും കാണുന്ന പുള്ളിവെരുക് അങ്ങാടി വിജനമായതുകൊണ്ടാകാം പകല്‍സമയത്ത് നിര്‍ഭയം ഇറങ്ങിയത്. രാത്രി ഇരതേടി ഇറങ്ങാറുള്ള വെരുക് പകല്‍സമയത്ത് റോഡിലൂടെ ഇറങ്ങിനടക്കുന്ന കാഴ്ച അത്യപൂര്‍വമാണ്.
മനുഷ്യന്റെ നിഴല്‍കണ്ടാല്‍ ഓടിരക്ഷപ്പെടുന്ന ഈ മൃഗം രോഗബാധയോ, കാഴ്ചശക്തിക്കുറവുകൊണ്ടോ ആകാം അങ്ങാടിയിലൂടെ പതുക്കെ നടന്നുനീങ്ങിയത്. ഇത് വംശനാശഭീഷണി നേരിടുന്ന അത്യപൂര്‍വ ഇനമായ മലബാര്‍ വെരുക് ആണെന്ന വാര്‍ത്ത ശരിയല്ലെന്നും പുള്ളിവെരുകാണെന്നും പേരാമ്പ്ര ഹൈയര്‍ സെക്കന്‍ഡറി സ്കൂളിലെ സുവോളജി അധ്യാപകന് ഡോ. അബ്ദുള്ള പാലേരി പറഞ്ഞു.
നടക്കാനായി റോഡിലെ സീബ്രാലൈന്‍ തിരഞ്ഞെടുത്ത വെരുകിന്റെ യാത്രയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ തെല്ലൊന്നുമല്ല ജനങ്ങളെ അദ്ഭുതപ്പെടുത്തിയത്. തൊട്ടടുത്ത് വനപ്രദേശങ്ങളോ ശ്രദ്ധേയമായ നാട്ടുവനങ്ങളോ ഇല്ലാത്ത മേപ്പയ്യൂര്‍ അങ്ങാടിയില്‍ ഈ വെരുക് എങ്ങനെ എത്തിപ്പെട്ടു എന്നത് ദുരൂഹമാണ്. ഒരുപക്ഷേ, വനമേഖലകള്‍ക്ക് തൊട്ടടുത്തുള്ള റോഡുകളും ടൗണുകളും വിജനമായതിനാല്‍ കാടുവിട്ടിറങ്ങിയതാകാം.
Content Highlight: The civet walking on the road in Meppayur Kozhikode
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..