കളമശ്ശേരി: കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം പുഴുവരിച്ചതായി കണ്ടെത്തി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 85കാരന്റെ മൃതദേഹമാണ് പുഴുവരിച്ച നിലയില്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്. സംഭവത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. 

ഈ മാസം ആറിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 14-നാണ് വയോധികന്‍ മരിച്ചതായി ബന്ധുക്കളെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തി മൃതദേഹം സ്വീകരിക്കുകയും 15-ന് സംസ്‌കാര ചടങ്ങുകള്‍ക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇവിടെവെച്ചാണ് മൃതദേഹം പുഴുവരിച്ചതായി ശ്മശാനം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇവര്‍ ഇക്കാര്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മരിച്ചയാളുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയത്. 

സംഭവത്തില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മരണവിവരം കുറച്ച് ദിവസങ്ങള്‍ മറച്ചുവെച്ച ശേഷമാണ് മക്കളെ അറിയിച്ചതെന്നുമാണ് ആരോപണം. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. 

Content Highlights: The body of man died of covid was found to be infested with worms in kerala relatives raises complaint against hospital