കൊച്ചി: ഫോർട്ടുകൊച്ചി അമരാവതിയിൽ കക്കൂസ് മുറിയിൽ കഴി‍ഞ്ഞ വയോധികക്ക് മോചനം. ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്ന് പാലിയേറ്റീവ് കെയർ അം​ഗങ്ങൾ എത്തി ഇവരെ അടുത്തുള്ള ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയായിരുന്നു. മാതൃഭൂമി ന്യൂസ് വാർത്തയെ തുടർന്നായിരുന്നു കളക്ടറുടെ ഇടപെടൽ.

ഒരാൾക്ക് മാത്രം നിൽക്കാൻ കഴിയുന്ന ഉപയോ​ഗശൂന്യമായി കിടന്നിരുന്ന കക്കൂസ് മുറിയിലായിരുന്നു കഴിഞ്ഞ എട്ട് വർഷമായി 75 വയസുകാരിയായ വിനയഭായി താമസിച്ചിരുന്നത്. ഭർത്താവും രണ്ട് മക്കളും നേരത്തെ തന്നെ മരിച്ചിരുന്നു. ഇവർക്ക് മറ്റ് ബന്ധുക്കൾ ആരും ഇല്ലെന്നാണ് വിവരം. സമീപ പ്രദേശത്ത് വാടകക്ക് താമസിച്ചിരുന്ന ആൾക്കാർ ഇവർക്ക് ഭക്ഷണം എത്തിച്ച് നൽകിയിരുന്നത്. ഇത് സംബന്ധിച്ച് മാതൃഭൂമി ന്യൂസ് നൽകിയ വാർത്തയെ തുടർന്ന് ജില്ല കളക്ടർ എസ് സുഹാസ് ഇടപെടുകയും തുടർന്ന് വയോധികയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു.

പാലിയേറ്റീവ് കെയർ അം​ഗങ്ങൾ എത്തുകയും ഇവരെ ശുചിയാക്കി പുതിയ വസ്ത്രങ്ങൾ നൽകുകയും ചെയ്ത ശേഷം ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയും മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയത്. അതേസമയം വയോധികക്ക് തുടർന്ന് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിലും ജില്ലാ ഭരണകൂടം നൽകാൻ തയാറാണെന്നും കളക്ടർ പറഞ്ഞു.

Content Highlights:The 75 year old was transferred to a shelter home after being released from a toilet in Kochi