ശബരിമല: ശബരിമല തന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ലെന്ന് താഴമണ്‍ മഠം. ശബരിമലയിലെ താന്ത്രികാവകാശം കുടുംബപരമായി കിട്ടിയതാണെന്നും ദേവസ്വം ബോര്‍ഡ് നിയമിച്ചതല്ലെന്നും താഴമണ്‍ മഠം അവകാശപ്പെട്ടു. തന്ത്രിയുടെ പ്രതിഫലം ശമ്പളമല്ല. ദക്ഷിണയാണെന്നും സര്‍ക്കാരിനുള്ള മറുപടിയായി മഠം വ്യക്തമാക്കി.

യുവതി പ്രവേശനത്തെ തുടര്‍ന്ന് ശബരിമല നടയടച്ച് ശുദ്ധിക്രിയ ചെയ്തതിന് തന്ത്രി കണ്ഠരര് രാജീവരെ നീക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതിനാലാണ് താഴമണ്‍ കുടുംബം പരസ്യ വിശദീകരണവുമായി രംഗത്തെത്തിയത്. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും തന്ത്രിമാരില്‍ നിക്ഷിപ്തമാണ്. അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ല. ആചാരാനുഷ്ഠാനങ്ങളിലെ അന്തിമ തീരുമാനവും നടപ്പാക്കാനുള്ള അധികാരവും ശാസ്ത്ര ഗ്രന്ഥങ്ങള്‍ പ്രകാരവും കീഴ്വഴക്കങ്ങള്‍ അനുസരിച്ചും തന്ത്രിയില്‍ നിക്ഷിപ്തമാണ്.

ശബരിമലയില്‍ താഴമണ്‍ കുടുംബത്തിനുള്ള താന്ത്രികാവകാശം ക്രിസ്തു വര്‍ഷത്തിനും നൂറ് വര്‍ഷം മുമ്പ് കുടുംബപരമായി ലഭിച്ചതാണ്. അതിനാല്‍ ശബരിമല തന്ത്രിയുടേത് ദേവസ്വം ബോര്‍ഡ് നിയമനമല്ലെന്നാണ് കുടുംബം പ്രതിരോധിക്കുന്നത്. ക്ഷേത്രത്തിലെ തന്ത്രക്രിയകള്‍ക്ക് ലഭിക്കുന്നത് പ്രതിഫലമല്ലെന്നും തന്ത്രിക്ക് ദേവസ്വം ബോര്‍ഡില്‍ നിന്ന് ലഭിക്കുന്നത് ദക്ഷിണയാണെന്നും വിശദീകരിക്കുന്നു. തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണെന്ന സര്‍ക്കാര്‍ നിലപാടിനെ താഴമണ്‍ മഠം ഇങ്ങനെ പ്രതിരോധിക്കുകയാണ്. 

വസ്തുതാ വിരുദ്ധമായി ഉത്തരവാദിത്വപ്പെട്ടവര്‍ തെറ്റിദ്ധാരണ പരത്തുന്നത് വിഷമകരമാണെന്നും താഴമണ്‍ കുടുംബം വ്യക്തമാക്കുന്നു.

content highlights: Thazhamon madom, sabarimala tantri