ശശി തരൂർ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ഒറ്റ ദിവസംകൊണ്ട് ആർക്കും ലോകത്തു മാറ്റം കൊണ്ടുവരാനാവില്ലെന്നും അതുകൊണ്ട് ഒരു ദിവസത്തേക്കു മാത്രമായി തന്നെ മുഖ്യമന്ത്രിയാക്കേണ്ടെന്നും ശശി തരൂർ എം.പി. ഫെഡറൽ ബാങ്കുമായി ചേർന്ന് ‘മാതൃഭൂമി’ സംഘടിപ്പിക്കുന്ന സ്പീക്ക് ഫോർ ഇന്ത്യ സംവാദത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ചോദ്യമുയർന്നപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ മറുപടി.
തൊഴിലില്ലായ്മയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ദുരവസ്ഥയിലാണ് കേരളമെന്ന് തരൂർ കുറ്റപ്പെടുത്തി. യുവാക്കളുടെ ശേഷി വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല. 25 വയസ്സിൽ താഴെയുള്ള യുവജനങ്ങളുടെ തൊഴിലില്ലായ്മ കേരളത്തിൽ 40 ശതമാനമെത്തി. കേരളത്തിൽ ജോലി ലഭിച്ചില്ലെങ്കിൽ അഭ്യസ്തവിദ്യർ നാടുവിട്ടു പോവുന്നതാണ് സ്ഥിതി.
പഠനകാലത്ത് വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിന് അവസരമില്ല. കോളേജിൽ ഇരുന്നുതന്നെ കമ്പനികൾക്കു വേണ്ടി പ്രവർത്തിക്കാൻ എക്സ്റ്റേൺഷിപ്പുമാവാം. അമേരിക്കയിലേതുപോലെ അക്കാദമിക്-വ്യവസായ സഹകരണം ഇവിടെയില്ല. സാങ്കേതികവിദ്യ അതിവേഗം വികസിക്കുന്നു. അതനുസരിച്ച് സമകാലീന ലോകവുമായി വിദ്യാഭ്യാസത്തെ ബന്ധിപ്പിക്കണം.
ബിരുദം നേടിയാൽ ജോലി കിട്ടാനുള്ള അവസരങ്ങളുണ്ടാവണം. യൂണിവേഴ്സിറ്റികൾക്കും കമ്പനികൾക്കും വിദ്യാർഥികൾക്കുമൊക്കെ പങ്കാളിത്തവും പ്രയോജനവുമുള്ള സമഗ്ര പദ്ധതി വേണം. ഇതിനൊക്കെ സർക്കാർ ഇടപെടണം. കൂടുതൽ നിക്ഷേപം കൊണ്ടുവരാനുള്ള ശ്രമങ്ങളുണ്ടാവണം. ഇങ്ങനെയൊക്കെ ചെയ്യാൻ അതിനു രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടാവണമെന്നും തരൂർ അഭിപ്രായപ്പെട്ടു.
ഇന്ത്യയെ വികസിപ്പിച്ചത് ബ്രിട്ടീഷുകാരല്ല
ബ്രിട്ടീഷുകാർ ഇന്ത്യ വികസിപ്പിക്കുകയല്ല, കൊള്ളയടിക്കുകയാണ് ചെയ്തതെന്ന് തരൂർ അടിവരയിട്ടു പറഞ്ഞു. ഇന്ത്യയിൽ വികസനത്തിന് കോളനിവത്കരണം വേണ്ടിയിരുന്നില്ല.
ലോകത്തെ ഏറ്റവും വലിയ പരുത്തി കയറ്റുമതി രാജ്യമായിരുന്നു ഇന്ത്യ. റോമൻ ചക്രവർത്തിയുടെ കാലം മുതലേ ഇതു പ്രശസ്തമായിരുന്നു. 1700-കളിൽ ആഗോള ജി.ഡി.പി.യുടെ 27 ശതമാനമുണ്ടായിരുന്നു ഇന്ത്യയിൽ. 1947-ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ അതു മൂന്നു ശതമാനമായി കുറഞ്ഞു.
റെയിലുണ്ടാക്കിയതും കോടതികൾ സ്ഥാപിച്ചതുമൊക്കെ അവരുടെ ആവശ്യത്തിനാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുള്ള സ്ഥാപനങ്ങളിൽ 90 ശതമാനവും ഇവിടെ തുടങ്ങിയത് ഇന്ത്യക്കാർ തന്നെയാണ്. -തരൂർ പറഞ്ഞു.
.jpg?$p=3b9ab1a&&q=0.8)
അനുഭവങ്ങളുടെ സംവാദം, ആശയങ്ങളുടെ വേദി
തിരുവനന്തപുരം: ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്തു സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സംവാദ പരിപാടിയായ 'സ്പീക്ക് ഫോർ ഇന്ത്യ'യുടെ ഏഴാം പതിപ്പിന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ തുടക്കമായി. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായാണ് സ്പീക്ക് ഫോർ ഇന്ത്യ സംവാദം.
ഡോ. ശശി തരൂർ എം.പി.യും കാഴ്ചപരിമിതിയെ അതിജീവിച്ച് സിവിൽ സർവീസിന്റെ തിളക്കം നേടിയ തിരുനെൽവേലി അസിസ്റ്റന്റ് കളക്ടർ എസ്.ഗോകുലും ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥികളായി. സ്പീക്ക് ഫോർ ഇന്ത്യ മത്സരത്തിലെ മുൻ ഫൈനലിസ്റ്റും പോപ്പുലർ ചോയ്സ് വിന്നറുമാണ് ഗോകുൽ.തനിക്കേറ്റവും ഇഷ്ടപ്പെട്ട പ്രവർത്തനം സംവാദമായിരുന്നെന്നും നമ്മുടെ ന്യായവും വാദവുമൊക്കെ ശക്തിപ്പെടുത്താൻ സംവാദം സഹായിക്കുമെന്നും ശശി തരൂർ പറഞ്ഞു.
സ്പീക്ക് ഫോർ ഇന്ത്യയിൽ സംസാരിച്ചാൽ വേറൊരു വേദിയിൽ സംസാരിക്കാൻ നിങ്ങൾക്ക് അവസരം കിട്ടും. വിദ്യാർഥിക്കാലത്തുതന്നെ സംവാദത്തിന്റെ കാര്യക്ഷമത തിരിച്ചറിഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നമുക്കു സംവദിക്കേണ്ടിവരുന്നുണ്ട്. സൗഹൃദത്തിലൂടെയും മാന്യതയോടെയും ആശയങ്ങൾ പങ്കുവെയ്ക്കുക. അധിക്ഷേപമോ അപമാനിക്കലോ പാടില്ല. സംവാദം ഒരു യുദ്ധമല്ല - അദ്ദേഹം കൂട്ടിച്ചേർത്തു.
12-ാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ മാനസികനിലയോടെ വന്ന ഒരാളിനെ ഇതുപോലൊരു സ്റ്റേജിൽ സംസാരിക്കാൻ പ്രാപ്തിയുള്ള ഒരാളാക്കി എന്നതാണ് സ്പീക്ക് ഫോർ ഇന്ത്യ സംവാദത്തിന്റെ വിജയമെന്ന് തിരുനെൽവേലി അസിസ്റ്റന്റ് കളക്ടർ എസ്.ഗോകുൽ പറഞ്ഞു.
ശക്തവും വ്യക്തവുമായി നമ്മുടെ കാഴ്ചപ്പാട് അവതരിപ്പിക്കാനാവുമെന്നതാണ് സംവാദത്തിന്റെ പ്രത്യേകത. സ്വന്തം നിലപാടാണ് സംവാദത്തിലൂടെ പ്രതിനിധീകരിക്കുന്നത്. വാക്കാണ് സത്യം. സദസ്സിനു മുന്നിൽ നാം പറഞ്ഞുപോയതിൽ നിന്നു പിന്നീട് ഒളിച്ചോടാനാവില്ല. ഏറെ സൗഹൃദങ്ങളും വാർത്തെടുക്കപ്പെട്ടതാണ് വ്യക്തിപരമായി മറ്റൊരു അനുഭവം - ഗോകുൽ പറഞ്ഞു.

ഫെഡറൽ ബാങ്ക് തിരുവനന്തപുരം സോണൽ മേധാവി രഞ്ജി അലക്സ്, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് നന്ദകുമാർ വി., മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജിജിമോൻ കെ.തോമസ്, മാതൃഭൂമി ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ രാജീവ് ദേവരാജ്, മാതൃഭൂമി ന്യൂസ് എഡിറ്റർ പി.അനിൽ കുമാർ എന്നിവരും സംസാരിച്ചു. രാജേഷ് കേശവ് മോഡറേറ്ററായി.
ആവേശമായി തരൂർ
തിരുവനന്തപുരം: മാതൃഭൂമി-ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ സംവാദം ഏഴാം പതിപ്പിന്റെ ഉദ്ഘാടനത്തിനായി മാർ ഇവാനിയോസ് കോളേജിലെത്തിയ ശശി തരൂർ എം.പി.ക്ക് ആവേേശാജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. വിദ്യാർഥികൾ ആഘോഷപൂർവമാണ് തരൂരിനെ കോളേജിലേക്ക് സ്വീകരിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. ജിജിമോൻ കെ.തോമസ് അദ്ദേഹത്തെ സ്വീകരിച്ചു. ശശി തരൂരിനെയും തിരുനെൽവേലി അസിസ്റ്റന്റ് കളക്ടർ എസ്.ഗോകുലിനെയും വലിയ കരഘോഷത്തോടെയാണ് സ്റ്റേജിലേക്ക് എത്തിച്ചത്.
തുടർന്ന് സംസാരിച്ച തരൂർ താൻ യു.എന്നിലെ സേവനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ, മാർ ഇവാനിയോസിലാണ് ആദ്യമായി പ്രഭാഷണം നടത്തിയതെന്ന് ഓർമിച്ചു. അതുകൊണ്ടുതന്നെ തനിക്ക് ഇത് സ്വന്തം വീട്ടിലേക്കു മടങ്ങിവരുന്നതുപോലുള്ള അനുഭവമാണെന്നും പറഞ്ഞു. ഭാവിയിലെ പഠന മാതൃകകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും തരൂർ വിദ്യാർഥികളോട് സംവദിച്ചു.
നാഗലാൻഡിലെ വിദ്യാർഥികളുമായി സംവദിച്ചു
സാംസ്കാരിക വിനിമയ പദ്ധതിയുടെ ഭാഗമായി മാർ ഇവാനിയോസ് കോളേജിലെത്തിയ നാഗലാൻഡിലെ വിദ്യാർഥികളുമായി ശശി തരൂർ സംവദിച്ചു. നാഗലാൻഡിലെ ജേലുകിയിലെ സെന്റ് സേവ്യേഴ്സ് കോളേജിലെ പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസിന്റെ നേതൃത്വത്തിൽ 10 അംഗ വിദ്യാർഥിസംഘമാണ് ഇവിടെ എത്തിയത്. വിദ്യാർഥികൾ അവിടത്തെ തനത് നാടോടിഗാനം അവതരിപ്പിച്ചശേഷം തരൂരിനെ നാഗലാൻഡിലേക്കു ക്ഷണിച്ചു.

എ.ഐ.സി.സി. അധ്യക്ഷപദവിയിലേക്കു മത്സരിച്ചപ്പോൾ തനിക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് നാഗലാൻഡിൽ നിന്നുമാണെന്ന് പറഞ്ഞ തരൂർ, ഉടൻതന്നെ അവിടം സന്ദർശിക്കുമെന്നും അവരെ അറിയിച്ചു.
Content Highlights: tharoor says will not become cm for one day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..