തിരുവനന്തപുരം:  എന്‍എസ്എസിനെ പോലുള്ള സമുദായ സംഘടനയെ ഉപദേശിക്കാന്‍ മാത്രം കഴിവുള്ളവരാണ് ഇടതുപക്ഷത്തെ നേതാക്കന്‍മാരെന്ന് ജി.സുകുമാരന്‍ നായര്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് നന്ദി പറയുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

വളഞ്ഞ വഴിയില്‍ ഉപദേശിക്കാന്‍ നോക്കേണ്ടെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു കാനം.

സുകുമാരന്‍ നായര്‍ മറച്ചുവെക്കാന്‍ ആഗ്രഹിച്ച രാഷ്ട്രീയം പുറത്തുവന്നതാണ് തിരഞ്ഞെടുപ്പ് നാളിലെ പ്രസ്താവന. എന്‍എസ്എസിനെ കുറിച്ചും അതിന്റെ നിലപാടുകളെ കുറിച്ചും അറിയുന്ന ഒരു കോട്ടയംകാരന്‍ എന്ന നിലയില്‍ അവര്‍ക്ക് സമദൂര നിലപാടാണ് എന്ന് എന്നോട് പറയുമെന്ന് കരുതുന്നില്ലെന്നും കാനം വ്യക്തമാക്കി.

കേന്ദ്ര മന്ത്രി വി.മുരളീധരനെതിരേയും കാനം രംഗത്തെത്തി. വി.മുരളധീരന്‍ പ്രസ്താവന നടത്തുന്ന ഊര്‍ജം കേരളത്തിന് വാക്‌സിന് ലഭ്യമാക്കുന്നതിന് വിനിയോഗിച്ചിരുന്നെങ്കില്‍ കേരളം രക്ഷപ്പെട്ടേനെയെന്നും അദ്ദേഹം പറഞ്ഞു. 50 ലക്ഷം ഡോസ് വാക്‌സിന്‍ ആവശ്യപ്പെട്ടിട്ട് രണ്ടു ലക്ഷം മാത്രമാണ് ലഭിച്ചതെന്നും കാനം കുറ്റപ്പെടുത്തി.