തലശ്ശേരി:  സംസ്ഥാനം കോവിഡ് 19 ന്റെ പിടിയിലകപ്പെട്ടതോടെ ഏറെ നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോരുത്തരും കടന്ന് പോയികൊണ്ടിരിക്കുന്നത്. ഭൂരിഭാഗം ആളുകളും വീടിനകത്തായിരിക്കുമ്പോള്‍ ഊണും ഉറക്കവുമില്ലാതെ മറ്റുള്ളവരുടെ ജീവന് വേണ്ടി പോരാടുന്നവര്‍. ജോലിക്ക് ശേഷം പലര്‍ക്കും ക്വാറന്റൈനിലേക്ക് തന്നെ പോവേണ്ടി വരുന്നതിനാല്‍ പലപ്പോഴും വീട്ടില്‍ നിന്ന് പോലും ആവശ്യത്തിന് പിന്തുണകിട്ടാത്തവരായിരുന്നു പലരും. ഈയൊരു സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡിനെതിരേയുള്ള പോരാട്ടത്തിനുമായി മുന്‍ നിരയിലെത്തി മാതൃക തീര്‍ക്കുകയാണ് തലശ്ശേരി ഐ.എം.എ. 

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് സമ്പൂര്‍ണ കോവിഡ് ആശുപത്രിയാക്കി ഏറ്റെടുക്കുന്നത് വരെ കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുണ്ടായിരുന്നത് തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു. ഇതോടെ തലശ്ശേരി എം.എല്‍.എയുടെയും സബ് കളക്ടര്‍ ആസിഫ് കെ.യൂസഫ് ഐ.എ.എസിന്റേയും നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ക്രൈസിസ് മാനേജ് മെന്റ് ടീമില്‍ അംഗമായതോടെയാണ് തലശ്ശേരി ഐ.എം.എ തങ്ങളുടെ മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ ആദ്യ ഘട്ടം മുതല്‍ തുടക്കം കുറിച്ചത്. ഇതിന്റെ ആദ്യ പടിയായിരുന്നു പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക് വെന്റിലേറ്റര്‍ പരിശീലനം നല്‍കുന്നതിനായുള്ള മുന്നോട്ട്‌വരല്‍.

ഇവിടേയുള്ള മൂന്നൂറില്‍ അധികം പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കാണ് ഐ.എം.എയുടെ നേതൃത്വത്തില്‍ വെന്റിലേറ്റര്‍ പരിശീലനം നല്‍കിയത്. ഇതിനായി ഐ.എം.എയുടെ സെക്രട്ടറി ജയകൃഷ്ണന്‍ നമ്പ്യാറും പ്രസിഡന്റ്  സജീവും മുന്നോട്ട് വന്നതോടെ അത് ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ആശ്വാസമായെന്ന് തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ ഏറെ നിര്‍ണായകമായ പി.പി കിറ്റിന് ക്ഷാമം വന്നപ്പോള്‍ ആവശ്യമുള്ള പി.പി കിറ്റുകള്‍ എത്തിച്ച് നല്‍കുന്നതിനും ഐ.എം.എ മുന്‍കൈയെടത്തു

രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആത്മവിശ്വാസം പകരാന്‍ പ്രത്യേകം വീഡിയോകള്‍ തയ്യാറാക്കിയും കൗണ്‍സിലിങ്ങിന് നേതൃത്വം നല്‍കിയും ഐ.എം.എ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ അത് പ്രതിസന്ധി ഘട്ടങ്ങളിലെ ചേര്‍ത്ത്  പിടിക്കലിന് കൂടിയാണ് ശക്തിപകര്‍ന്നത്.