മാർ ജോസഫ് പാംപ്ലാനി
കണ്ണൂര്‍: രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണെന്ന പരാമര്‍ശവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പ്രകടനത്തിനിടെ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍നിന്ന് തെന്നിവീണ് മരിച്ച രക്തസാക്ഷികള്‍ ഉണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു. ചെറുപുഴയില്‍ കെ.സി.വൈ.എം., ചെറുപുഴ, തോമാപുരം ഫൊറോനകളുടെ നേതൃത്വത്തില്‍ നടന്ന യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യേശുവിന്റെ ശിഷ്യന്മാരായ 12 അപ്പോസ്തലന്മാരെക്കുറിച്ച് പരാമര്‍ശിക്കവെയായിരുന്നു രക്തസാക്ഷികളെക്കുറിച്ചുള്ള പാംപ്ലാനിയുടെ പ്രസ്താവന. അപരന്റെ നന്മയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തികളാണ് അപ്പോസ്തലന്മാര്‍ എന്ന് പറഞ്ഞ ആര്‍ച്ച് ബിഷപ്പ്, 12 അപ്പോസ്തലന്മാരും രക്തസാക്ഷികളായി മരിച്ചവരാണ് എന്ന് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് രാഷ്ട്രീയക്കാരിലെ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലന്മാരിലെ രക്തസാക്ഷികള്‍ എന്നു പറഞ്ഞ ശേഷമായിരുന്നു രക്തസാക്ഷികളെ അപ്പോസ്തലന്മാരുമായി താരതമ്യപ്പെടുത്തിയുള്ള പരാമര്‍ശം.
'രാഷ്ട്രീയത്തിലെ രക്തസാക്ഷികളെന്നാല്‍, കണ്ടവനോട് അനാവശ്യമായി കലഹിക്കാന്‍ പോയി അതിന്റെ പേരില്‍ വെടിയേറ്റ് മരിച്ചവരുണ്ടാകാം. പ്രകടനത്തിനിടയ്ക്ക് പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണ് മരിച്ച രക്തസാക്ഷികള്‍ ഉണ്ടാകാം. പക്ഷേ, 12 അപ്പസ്‌തോലന്മാരുടെ രക്തസാക്ഷിത്വം അവര്‍ നന്മയ്ക്കും സത്യത്തിനും ശ്രേയസിനും ലോകത്തിന്റെ സുസ്ഥിരമായ ഭാവിക്കും ജീവിതത്തിന്റെ മൂല്യങ്ങള്‍ക്കും നിലപാട് സ്വീകരിച്ചതിനാൽ ജീവന്‍ കൊടുക്കേണ്ടി വന്നവരാണ് എന്ന സത്യം ഓര്‍ക്കണം', മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
ശനിയാഴ്ച വൈകീട്ടായിരുന്നു ചെറുപുഴയില്‍ കെ.സി.വൈ.എം. യുവജനദിനാഘോഷം. യോഗത്തില്‍ കെ.സി.വൈ.എം. തലശ്ശേരി അതിരൂപത പ്രസിഡന്റ് ചിഞ്ചു വട്ടപ്പാറ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായിരുന്നു. റബ്ബര്‍ കിലോയ്ക്ക് 300 രൂപ ഉറപ്പാക്കിയാല്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാനത്ത് എം.പിമാരില്ലെന്ന വിഷമം മാറ്റിത്തരുമെന്ന മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശം നേരത്തേ വിവാദമായിരുന്നു.
Content Highlights: thalassery archbishop mar joseph pamplany against political martyrs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..