കോഴിക്കോട്: മാര്‍ക്കറ്റിങ് സ്ട്രാറ്റജി വെച്ചാണ് ബിജെപി മുസ്ലിങ്ങളെ തേടിപ്പിടിക്കുന്നതെന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച താഹ ബാഫഖി തങ്ങള്‍. മനുഷ്യരല്ല ബിജെപിക്ക് വലുത് മതമാണ്. അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പേരക്കുട്ടി എന്ന മാര്‍ക്കറ്റിങ്ങാണ് എന്നെ ഉപയോഗിച്ച് അവര്‍ ഉണ്ടാക്കിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസ് പ്രൈംടൈമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ബിജെപിയില്‍ ചേരുന്ന സമയത്ത് എനിക്കത് മനസ്സിലായിരുന്നില്ല. മാധ്യമങ്ങളിലൂടെ ഒരാഴ്ച എന്റെ പേരില്‍ പ്രചാരണം നടത്തി. സ്വന്തം പോക്കറ്റില്‍ നിന്ന് പണം എടുത്ത് ഞാന്‍ ഓഫീസും പാര്‍ട്ടി പ്രവര്‍ത്തനങ്ങളും നടത്തിയിട്ടും അതിനൊരു അംഗീകാരം തന്നില്ല. 

ശ്രീധരന്‍പിള്ള ഗവര്‍ണറായപ്പോള്‍ കോഴിക്കോട് അളകാപുരിയില്‍ നടന്ന ഒരു പരിപാടിയില്‍ എന്നെയും എന്റെ സമുദായത്തേയും അവഹേളിച്ചു. സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയും ഉണ്ടായില്ല'-താഹ ബാഫഖി തങ്ങള്‍ പറഞ്ഞു.

അളകാപുരിയിലെ പരിപാടിക്കുശേഷം ശ്രീധരന്‍ പിള്ളയെ പരിചയപ്പെടാനായി പോയപ്പോള്‍ നീ മുസ്ലിമല്ലേ എന്നും പറഞ്ഞ് സ്റ്റേജില്‍ നിന്നും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഒരാള്‍ പിടിച്ചുതള്ളി. ശ്രീധരന്‍ പിള്ള അദ്ദേഹത്തെ ശാസിച്ചു. അതിന് ശേഷവും അവഹേളനം നേരിട്ടു.

പൗരത്വ വിഷയമുണ്ടായിരുന്ന ഘട്ടത്തില്‍ ചാനലിലൂടെ രാജിവെക്കുകയാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്നോട് നേതാക്കള്‍ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞു. കെ.സുരേന്ദ്രന്റെ യാത്രയില്‍ ഉപഹാരം നല്‍കി സ്വീകരിക്കാമെന്ന് പറഞ്ഞു. പിന്നീട് വിളിച്ചിട്ടില്ലെന്നും താഹ തങ്ങള്‍ പറഞ്ഞു.