തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ എല്ലാ വീടുകളിലും പരിശോധന നടത്താന്‍ തീരുമാനം. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നത തലയോഗത്തിലാണ് തീരുമാനമുണ്ടായത്. 

ജില്ലാ ശരാശരിയേക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള മേഖലകളിലാണ് പരിശോധന നടത്തുക. കോവിഡ് രണ്ടാംതരംഗത്തില്‍ കേരളത്തില്‍ കോവിഡ് വൈറസിനുണ്ടായ ജനിതകമാറ്റത്തെ കുറിച്ച് പഠിക്കാന്‍ ജീനോം പഠനം നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനമായി കുറയ്ക്കുക ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാനും യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തെ ആശുപത്രികളിലെ ഐ.സി.യു., വെന്റിലേറ്റര്‍ സൗകര്യം തൃപ്തികരമെന്നും യോഗം വിലയിരുത്തി. 

അതേസമയം സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് തല്‍ക്കാലം പോകേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ സര്‍ക്കാര്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി ഒമ്പതുമണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. ചരക്ക്-പൊതുഗതാഗതം എന്നിവയെ ബാധിക്കാത്ത വിധത്തിലായിരിക്കും നിയന്ത്രണം. 

content highlights: tests will be conducted in every houses of where test positivity is high